പദ്മാവത് സിനിമാ വിവാദം; സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയും കര്‍ണി സേനയുടെ ആക്രമണം

  • പോലീസുകാരുടെ വാക്കുകള്‍ വകവെയ്ക്കാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍.
  • ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ച് നല്‍കുന്നവര്‍ക്ക് കാണ്‍പൂര്‍ ക്ഷത്രിയ മഹാസഭ സമ്മാനത്തുക പ്രഖ്യാപിച്ചു.
  • വ്യാഴാഴ്ചയാണ് റിലീസിംഗ്. സിനിമ പ്രദര്‍ശിപ്പിക്കുന്നയിടങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹം.
Posted on: January 24, 2018 10:00 pm | Last updated: January 25, 2018 at 2:46 pm
SHARE

ന്യൂഡല്‍ഹി: പദ്മാവത് സിനിമയോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് നേരെയും കര്‍ണി സേനയുടെ ആക്രമണം. ഗുഡ്ഗാവിലാണ് കുട്ടികള്‍സഞ്ചരിച്ച സ്‌കൂള്‍ ബസിന് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. സ്‌കൂള്‍ ബസിന് മുന്നിലുണ്ടായിരുന്ന സര്‍ക്കാര്‍ ബസിന് തീയിട്ടതിന് ശേഷമായിരുന്നു സ്‌കൂള്‍ ബസിന് നേരെ കല്ലെറിഞ്ഞത്. ജിഡി ഗോയെങ്ക വേള്‍ഡ് സ്‌കൂള്‍ ബസിനു നേരെ ഇന്ന് വൈകുന്നേരമായിരുന്നു ആക്രമണം.

രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ യാത്രചെയ്തിരുന്ന ബസിന് നേരെ യാതൊരു ദയവും കൂടാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണം.

ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കുട്ടികള്‍ പേടിച്ച് സീറ്റിനടിയിലേക്ക് തലതാഴ്ത്തിയിരുന്ന് കരയുന്നത് കാണാം. കല്ലേറില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ അധ്യാപകരും ജീവനക്കാരും ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവസ്ഥലത്ത് പോലീസുണ്ടായിരുന്നെങ്കിലും പോലീസുകാരുടെ വാക്കുകള്‍ വകവെയ്ക്കാതെയായിരുന്നു കര്‍ണിസേനയുടെ ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സിനിമക്കെതിരെയുള്ള സകല വിലക്കുകളും നീക്കിക്കൊണ്ട് നിലവില്‍സുപ്രീം കോടതി ഉത്തരവുണ്ട്.

അതേസമയം ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് മുറിച്ച് നല്‍കുന്നവര്‍ക്ക് കാണ്‍പൂര്‍ ക്ഷത്രിയ മഹാസഭ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് വേണ്ടി കാണ്‍പൂരില്‍ നിന്നും മാത്രം കോടികള്‍ ശേഖരിച്ചതായും മഹാസഭ പ്രസിഡന്റ് ഗജേന്ദ്രസിംഗ് പറഞ്ഞു.

നാളെയാണ് സിനിമാ റിലീസിംഗ്. സിനിമ പ്രദര്‍ശിപ്പിക്കുന്നയിടങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

വീഡിയോ കടപ്പാട്: എന്‍ഡിടിവി