പാക്കിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്നയാള്‍ പിടിയില്‍

Posted on: January 24, 2018 8:22 pm | Last updated: January 24, 2018 at 8:22 pm
SHARE

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കുട്ടിയുടെ അയല്‍വാസിയായ കസൂര്‍ സ്വദേശി ഇംമ്രാന്‍ അലി (24) ആണ് പിടിയിലായത്. ഇയാള്‍ ഒരു പരമ്പര കൊലയാളിയാണെന്ന് പോലീസ് പറയുന്നു.

ഈ മാസം നാലിനാണ് പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ നിന്ന് സൈനബ് അന്‍സാരി എന്ന പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സൈനബിനെ കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷം നഗരത്തിലെ മാലിന്യ കൂമ്പാരത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ പാക് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ എങ്ങും വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചാണ് പ്രതി ഇയാള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

സൈനബ് കൊല്ലപ്പെട്ടതിന് സമാനമായ രീതിയില്‍ 12 കുട്ടികള്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഇയാളാണെന്ന് സംശയിക്കുന്നു.