Connect with us

Palakkad

ഗായത്രിപുഴക്ക് മരണ മണി മുഴക്കി മാലിന്യ നിക്ഷേപവും കൈയേറ്റവും

Published

|

Last Updated

മാലിന്യനിക്ഷേപവും കൈയേറ്റവും കാരണം മരണശയ്യയിലാകുന്ന ഗായത്രിപുഴ

വടക്കഞ്ചേരി: മാലിന്യനിക്ഷേപവും കൈയേറ്റവും കാരണം ഗായത്രി പുഴ നാശത്തിലേക്ക്. ഒരു ഡസന്‍ കുടിവെള്ള പദ്ധതികളുടെയും ചേരാമംഗലം ജലസേചന പദ്ധതിയുടെയും പ്രധാന ജലസ്രോതസ്സായ ഗായത്രി പുഴക്കാണ് ഈ ദുരന്തം.

പുഴയോരം കൈയേറി കയ്യാല കെട്ടി തെങ്ങും വാഴയും കൃഷി ചെയ്യുന്നവരും കൂടി ആയപ്പോള്‍ ഗായത്രി പുഴയുടെ നാശം പൂര്‍ണ്ണമാകുകയാണ്.പുഴ വെള്ളത്തില്‍ കോളിഫോം ബാക്ടാരിയുടെ അളവ് അപകടകരമായ തോതിലാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.

ആനമലയില്‍ നിന്ന് നീര്‍ച്ചാലായി ആരംഭിച്ച് കൊല്ലങ്കോട്,നെന്മാറ,കുനിശ്ശേരി,ആലത്തൂര്‍,കാവശ്ശേരി,പാടൂര്‍,പഴമ്പാലക്കോട്,പഴയന്നൂര്‍ വഴി മായന്നൂരിലാണ് ഗായത്രി പുഴ ഭാരതപ്പുഴയില്‍ ചേരുക്.പാലക്കാട് ജില്ലയിലെ ചിറ്റൂര്‍,ആലത്തൂര്‍ താലൂക്കുകളിലും തൃശൂര്‍ ജില്ലയിലും കൂടി നാല്‍പത് കിലോമീറ്ററോളം നീളത്തിലാണ് പുഴ ഒഴുകുന്നത്.

വന്‍തോതിലുള്ള കൈയേറ്റമാണ് പുഴയില്‍ ഉണ്ടായിട്ടുള്ളതെന്ന് 2014ല്‍ കേരള സംസ്ഥാന ഭൂനവിനിയോഗ ബോര്‍ഡ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന ഭൂ വിനിയോഗ ബോര്‍ഡ് മൂന്ന് വര്‍ഷം മുമ്പ് ഗായത്രി പുഴ സംരക്ഷണത്തിനായി പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയിരുന്നു.കാര്‍ഷിക സര്‍വ്വകലാശാല,ജലസേചന, മണ്ണ് സംരക്ഷണ വിഭാഗങ്ങള്‍,കൃഷി,റവന്യു,വനം വകുപ്പുകള്‍ എന്നിവയെ സയോജിപ്പിച്ച് നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.തദ്ദേശ സ്ഥാപനങ്ങള്‍,തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക് ഇതില്‍ മുഖ്യ സ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു.പുഴയോരം അളന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍,പുഴ പ്രദേശത്തെ നീര്‍ത്തടങ്ങളുടെ സംരക്ഷണം,പുഴ വെള്ളം ചോര്‍ത്തല്‍ തടയല്‍,ചെങ്കല്‍ ചൂളകള്‍ നിയന്ത്രിക്കല്‍,മാലിന്യ നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന നടപടി,പുതിയ തടയണ കളുടെ നിര്‍മ്മാണം,പഴയ തടയണകളുടെ പുനരുദ്ധാരണം,കൃത്യമായ വാട്ടര്‍ മാനേജ്‌മെന്റ് പരിപാടികള്‍ എന്നിവയൊക്കെ നിര്‍ദ്ദേശിച്ചിരുന്നു.

വരള്‍ച്ചയും ജലക്ഷാമവും ഓരോ വര്‍ഷവും കൂടിക്കൂടി വരുമ്പോഴും ഗായത്രി പുഴ സംരക്ഷണ കര്‍മ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ സുഖ നിദ്രയിലാണ്. ഗായത്രി പുഴയോരം അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ഒഴിപ്പിക്കുന്നതിന് റവന്യു സര്‍വ്വേ വകുപ്പുകള്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് ആലത്തൂര്‍ തഹസീല്‍ദാര്‍ ആര്‍ പി സുരേഷ് പറഞ്ഞു.

30 വില്ലേജുകളുള്ള താലൂക്കില്‍ സര്‍വ്വേയര്‍മാരുടെ കുറവ് പതിവ് ജോലികള്‍ക്കുപോലും പ്രയാസമുണ്ടാക്കുന്നു.പ്രത്യേക സര്‍വ്വേ ടീം പുഴയോരം അളന്ന് തിട്ടപ്പെടുത്തല്‍ ആവശ്യമാണ്.കൈയേറ്റം ഒഴിപ്പിക്കാന്‍ പോലീസ് സേനയുടെയും മറ്റ് വകുപ്പുകളുടെയും സേവനം അനിവാര്യമാണ്.

 

 

 

 

 

 

Latest