വിജയ’ശ്രീ’ തേടി ഇന്ത്യ

Posted on: January 24, 2018 7:47 am | Last updated: January 23, 2018 at 9:54 pm
SHARE

വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയുടെ മനസില്‍ ഒന്ന് മാത്രം – വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കണം.
വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ റെക്കോര്‍ഡ് ഇന്ത്യക്ക് അനുകൂലമാണ്. ഇതുവരെ ഒരു കളിയും തോറ്റിട്ടില്ല. ഒരു ജയവും മൂന്ന് സമനിലകളും. 2006-07 ലായിരുന്നു ഇവിടെ ഇന്ത്യയുടെ ജയം. അന്ന് താരമായത് മുപ്പത് റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മലയാളി പേസര്‍ ശ്രീശാന്ത്. ദക്ഷിണാഫ്രിക്കന്‍ ഒന്നാമിന്നിംഗ്‌സ് 84 റണ്‍സിന് ആള്‍ ഔട്ടാക്കി. ഇന്ത്യന്‍ ജയം 123 റണ്‍സിനായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ 19 ടെസ്റ്റുകളില്‍ പത്തിലും തോറ്റ ഇന്ത്യയുടെ ആകെ രണ്ട് ജയങ്ങളില്‍ ഒന്നായിരുന്നു ശ്രീശാന്ത് സമ്മാനിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ തിളങ്ങുന്നത് ഇന്ത്യന്‍ പേസര്‍മാരാണ്. ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തുകയാണ്. ക്യാപ്റ്റന്‍ വിരാട് കോഹ് ലി ബൗളര്‍മാരെ അകമഴിഞ്ഞ് പ്രശംസിച്ചത് വെറുതെയല്ല. രണ്ട് ടെസ്റ്റിലും ഇരുപത് വിക്കറ്റുകളും വീഴ്ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അതേ സമയം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തികഞ്ഞ പരാജയമായി.

വാണ്ടറേഴ്‌സ് വിരാട് കോഹ് ലിക്കും സുഖമുള്ള ഓര്‍മയാണ് സമ്മാനിക്കുന്നത്. 2013-14 ല്‍ വിരാട് 119 & 96 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 458 റണ്‍സെന്ന ലോക റെക്കോര്‍ഡ് വിജയലക്ഷ്യം ഇന്ത്യ പിന്തുടര്‍ന്നപ്പോഴായിരുന്നു വിരാടിന്റെ അവസരോചിത ഇന്നിംഗ്‌സ്. ഏഴ് വിക്കറ്റിന് 450 എന്ന നിലയില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തതോടെ മത്സരം സമനിലയായി. രണ്ടാം ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പുജാര 153 റണ്‍സടിച്ചതായിരുന്നു മറ്റൊരു ശ്രദ്ധേയ പ്രകടനം. വാണ്ടറേഴ്‌സില്‍ തിളങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ ഇപ്പോഴത്തെ ടീമിലുണ്ട്. നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി പുജാരക്ക് 49 റണ്‍സാണ് നേടാനായത്. സെഞ്ചൂറിയനിലെ രണ്ടിന്നിംഗ്‌സിലും റണ്ണൗട്ടാവുകയായിരുന്നു.

പരിശീലന സെഷനില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്തത് അജിങ്ക്യ രഹാനെയായിരുന്നു. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രഹാനെ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനയാണിത്. എന്നാല്‍, ആദ്യ രണ്ട് ടെസ്റ്റുകളില്‍ രഹാനെയെ പുറത്തിരുത്തിയ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് കോച്ച് രവിശാസ്ത്രി സംസാരിച്ചത്. രോഹിത് ശര്‍മ മികച്ച ബാറ്റ്‌സ്മാനാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യത്തില്‍ മിടുക്ക് കാണിക്കാന്‍ രോഹിതിന് സാധിക്കുമെന്ന് രവിശാസ്ത്രി ആവര്‍ത്തിച്ചു.

വിക്കറ്റിന് പിറകില്‍ ദിനേശ് കാര്‍ത്തിക്ക് വരും. പരുക്കേറ്റ വൃഥിമാന്‍ സാഹക്ക് പകരം സെഞ്ചൂറിയനില്‍ പാര്‍ഥീവ് പട്ടേലായിരുന്നു കളിച്ചത്. കീപ്പിംഗില്‍ പാര്‍ഥീവ് അത്ര കണ്ട് മികവ് കാണിച്ചില്ല.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരക്ക് മുമ്പായിട്ട് പത്ത് ദിവസം പരിശീലനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ കുറേക്കൂടി മികച്ച പ്രകടനം സാധ്യമായേനെയെന്ന് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. എന്നാല്‍, മോശം പ്രകടനത്തെ ന്യായീകരിക്കുകയല്ല. രണ്ട് ടീമും കളിക്കുന്നത് ഒരേ പിച്ചിലാണ്. ഇരുപത് വിക്കറ്റുകള്‍ വീഴ്ത്തുക എന്നതിലാണ് കാര്യം. ഇതോടൊപ്പം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയാല്‍ മത്സരഫലം മെച്ചപ്പെടുത്താനാകും.

വാണ്ടറേഴ്‌സില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയാണ്.

രണ്ടാം ടെസ്റ്റ് നടന്ന സെഞ്ചൂറിയനിലെ പിച്ചിന് വേഗം കുറവായിരുന്നു. വാണ്ടറേഴ്‌സ് ആ കുറവ് പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here