Connect with us

Articles

രാഷ്ട്രത്തിന്റെ ആത്മാവിനു നേരെ ഫാസിസത്തിന്റെ യാഗാശ്വങ്ങള്‍

Published

|

Last Updated

അസഹിഷ്ണുതയും അക്രമോത്സുകതയും ഒരു സാംക്രമിക രോഗം പോലെ ഇന്ത്യന്‍ പൗരജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പടരുകയാണ്. തങ്ങള്‍ക്ക് കൈവന്ന ദേശീയാധികാരത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കും അനഭിമതരായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേരെ നിരന്തരമായ ആക്രമണങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രത്തിന്റെ ആത്മാവിനുനേരെ വര്‍ഗീയതയുടെ യാഗാശ്വങ്ങളെ അഴിച്ചുവിട്ടിരിക്കുകയാണ്.

മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സൈ്വര്യമായ സാമൂഹ്യജീവിതത്തെയും ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യമെമ്പാടും അക്രമവും അസഹിഷ്ണുതയും സൃഷ്ടിക്കുന്നത്. വളരെ ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നെതന്നാണ് രാജ്യത്തിന്റെ വിശാലമേഖലകളില്‍ നിന്നുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നാസി ഭീകരതയുടെ നാളുകളെയാണ് വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യം ഓര്‍മപ്പെടുത്തുന്നത്. 1930-കളില്‍ ആര്യവംശാഭിമാനത്തിന്റെയും ജൂതവിരോധത്തിന്റെയും പ്രത്യയശാസ്ത്ര-പ്രയോഗ ഭീകരതയിലാണ് ജര്‍മനിയും യൂറോപ്പും ഞെരിഞ്ഞമര്‍ന്നത്. ഹിറ്റ്‌ലേറിയന്‍ കാലത്തെ ദാരുണമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണമടഞ്ഞ അന്നാഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടി 1944 ജൂലായ് 15-ന് തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിടുകയുണ്ടായി:””ഞങ്ങളെ നശിപ്പിക്കാന്‍ വന്നെത്തുന്ന ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ പതിനായിരങ്ങളോടൊത്ത് ദുരിതം തിന്നുകയാണ്. എങ്കിലും പ്രതീക്ഷയോടെ ഞാന്‍ സ്വര്‍ഗങ്ങളിലേക്ക് നോക്കുന്നു. ഈ ക്രൂരത അവസാനിക്കുമെന്നും സമാധാനവും ശാന്തിയും മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്നു.”””

ഹിന്ദുത്വഭീകരതയുടെ ഇരകളായിത്തീരുന്ന ഓരോ ഇന്ത്യക്കാരന്റെയും ഉത്കണ്ഠയും ശുഭാപ്തിവിശ്വാസവും പ്രധാനമാണെന്ന് സൂചിപ്പിക്കാനാണ് അന്നാഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് ഉദ്ധരിച്ചത്. ഹിന്ദുത്വ വര്‍ഗീയതയും സംഘ്പരിവാര്‍ ക്രിമിനലുകളും ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനു നേരെ തുടര്‍ച്ചയായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മതരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളില്‍ നിന്നും ഇന്ത്യയുടെ ബഹുസംസ്‌കൃതിക്കും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും സര്‍ഗാവിഷ്‌കാരങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും നേരെ അക്രമണം അഴിച്ചുവിടുകയാണ്.

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെയും കുറ്റാനേ്വഷണ ഏജന്‍സികളെയും നിയമപാലന സംവിധാനങ്ങളെയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്ന അത്യന്തം രോഷജനകമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയിലെ 20 എ എ പി. എം എല്‍. എമാരെ അയോഗ്യരാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. പരിഹാസ്യമായ രാഷ്ട്രീയ കളിയാണിത്. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വഹിച്ചെന്ന് ആരോപിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ എം എല്‍ എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എ എ പി എം.എല്‍ എമാരുടെ എണ്ണം ഇതുവഴി 46 ആയി കുറഞ്ഞിരിക്കുകയാണ്. പാര്‍ലിമെന്ററി സെക്രട്ടറി സ്ഥാനം 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ 8 വരെ ഈ എം എല്‍ എമാര്‍ വഹിച്ചുവെന്നതാണ് പരാതി. യഥാര്‍ഥത്തില്‍ പാര്‍ലിമെന്ററി സെക്രട്ടറി സ്ഥാനം പ്രതിഫലം പറ്റുന്ന പദവിയല്ല. എം എല്‍ എമാര്‍ക്ക് വിശദീകരണത്തിന് അവസരം പോലും കൊടുക്കാതെയാണ് അയോഗ്യരാക്കിക്കൊണ്ടുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തത്. ഗുജറാത്തിലെ മുന്‍ ചീഫ് സെക്രട്ടറിയായ എ കെ ജേ്യാതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആക്കിയ ബി ജെ പിയോടും നരേന്ദ്ര മോദിയോടുമുള്ള പ്രത്യുപകാരമായിട്ടാണ് എ കെ ജേ്യാതിയുടെ ഈ നടപടിയെ കാണേണ്ടത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ സാര്‍വദേശീയ അധ്യക്ഷനും സംഘ്പരിവാറിന്റെ അനിഷേധ്യ നേതാവുമായ തൊഗാഡിയയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ നോക്കിയത് രാജ്യം വിവാദപരമായി ചര്‍ച്ച ചെയ്യുകയാണ്. തനിക്കെതിരെ നീങ്ങുന്നവരെയെല്ലാം ഇല്ലാതാക്കുന്ന മോദിയുടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരയായി തീര്‍ന്നിരിക്കുകയാണ് വിഷം തുപ്പുന്ന വര്‍ഗീയവാദിയായ തൊഗാഡിയ! അഹമ്മദാബാദ് ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കുനേരെയുണ്ടായ വധശ്രമമെന്ന് തൊഗാഡിയ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഇതിനു പിറകില്‍ നരേന്ദ്ര മോദിയാണെന്നാണ് ഒരു കാലത്ത് മോദിയുടെ വിശ്വസ്തനായിരുന്ന തൊഗാഡിയ തുറന്നടിച്ചിരിക്കുന്നത്.

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ ജെ കെ ഭട്ട് കഴിഞ്ഞ 15 ദിവസം മോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നാണ് തൊഗാഡിയ വാര്‍ത്താസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ പഴയ സുഹൃത്ത് നരേന്ദ്രമോദി രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്നാണ് അയാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2015-ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പിന്‍വലിച്ച കേസ് കുത്തിപ്പൊക്കിയാണ് തന്നെ അറസ്റ്റുചെയ്യാന്‍ പോലീസ് എത്തിയത്. ഈ അറസ്റ്റിന് നിര്‍ദേശം നല്‍കിയത് മോദിതന്നെയായിരിക്കും എന്നാണ് തൊഗാഡിയ പറയുന്നത്. മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തൊഗാഡിയക്കുപുറമെ ബി എം എസ് ജനറല്‍സെക്രട്ടറിയായ വിജേഷ് ഉപാധ്യയെയും സംഘ്പരിവാര്‍ വേട്ടയാടുകയാണ്. വിജേഷ് ഉപാധ്യയെ പുറത്താക്കാനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏട്ടുമുട്ടല്‍ കേസ് വിചാരണ നടത്തിയ സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അനേ്വഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ കീഴ്‌വഴക്കങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ജൂനിയര്‍ ബഞ്ചിന് നല്‍കാനുള്ള ചീഫ് ജസ്റ്റിസിന്റെ നടപടി വലിയ പ്രതിഷേധത്തിന് ഇടം നല്‍കി. സുപ്രീം കോടതി കൊളീജിയത്തിലെ നാല് സീനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്കെതിരെ പരസ്യമായി പത്രസമ്മേളനം നടത്തി. കീഴ്‌വഴക്കങ്ങളും പതിവ് രീതികളും ലംഘിച്ച് ലോയ കേസ് ജൂനിയര്‍ ജഡ്ജിക്ക് നല്‍കുന്നത് ഉന്നതര്‍ പ്രതിയായിട്ടുള്ള കേസ് അട്ടിമറിക്കാനാണെന്ന ഗൗരവതരമായ പ്രശ്‌നമാണ് നാല് ജഡ്ജിമാര്‍ ഉയര്‍ത്തിയത്. രാജ്യത്തിന്റെ നിഷ്പക്ഷമായ നിയമപാലന സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും വരെ രാഷ്ട്രീയ ആയുധമാക്കി ക്രിമിനലുകളെയും സ്വന്തക്കാരെയും രക്ഷിക്കുകയാണ് മോദി ഭരണം.

തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തകര്‍ക്കാനായി ഭരണസംവിധാനങ്ങളെ ഉപയോഗിക്കുന്ന ബി ജെ പി ഭരണം നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. അസഹിഷ്ണുതയും അക്രമോത്സുകതയും എങ്ങും നടമാടുന്നു. രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ പശുവിന്റെ പേരില്‍ മാത്രം 29-ഓളം പച്ചപ്പാവങ്ങളെയാണ് അടിച്ചും ഇടിച്ചും കൊന്നുകളഞ്ഞത്. പ്രണയിച്ച് പരസ്പരം ജീവിക്കാന്‍ തീരുമാനിച്ച കുറ്റത്തിനാണ് ഒരു തൊഴിലാളിയെ വെട്ടിനുറുക്കി പച്ചക്ക് കത്തിച്ചുകളഞ്ഞത്. അസഹിഷ്ണുതയുടെയും ഹിംസയുടെയും ഭീതിജനകമായ ഈ സാഹചര്യം അന്നാഫ്രാങ്കിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നതുപോലെ ഇന്ത്യന്‍ ജനതയുടെ കാതുകളില്‍ നാശത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഏറ്റവുമൊടുവില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രാജ്യവ്യാപകമായി സംഘ്പരിവാര്‍ സംഘടനകള്‍ അഴിഞ്ഞാടുകയും മധ്യപ്രദേശിലെ സത്‌നക്കടുത്ത് ക്രിസ്മസ് കരോള്‍ ആഘോഷിച്ച വിദ്യാര്‍ഥികളെയും വൈദികരെയും ഹിന്ദുത്വവാദികള്‍ ആക്രമിച്ചു. ക്രിസ്തുമസ് കരോള്‍ ആഘോഷങ്ങള്‍ മതംമാറ്റത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് കരോള്‍ സംഘങ്ങളെ മര്‍ദിക്കുകയും അവരുടെ കാര്‍ കത്തിക്കുകയും ചെയ്തു. സംഘര്‍ഷസ്ഥലത്തെത്തിയ പോലീസ് അക്രമികളായ ആര്‍ എസ് എസുകാരെ പിടികൂടുന്നതിനുപകരം കരോള്‍ സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സത്‌ന സെന്റ് എഫ്രെംസ് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അത് അനേ്വഷിക്കാന്‍ ചെന്ന 8 വൈദികരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

മതപരിവര്‍ത്തനം ആരോപിച്ചാണ് ഹിന്ദുത്വസംഘടനകളോടുചേര്‍ന്ന് പോലീസും ക്രിസ്ത്യന്‍മതവിശ്വാസികള്‍ക്കു നേരെ അഴിഞ്ഞാടിയത്. 30 വര്‍ഷമായി കരോള്‍ ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശമാണിത്. ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് ഹിന്ദുജാഗരണ്‍മഞ്ച് എന്ന സംഘടന വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം ഉത്തരവാദിത്വത്തില്‍ ആഘോഷം നടത്താമെന്നും അതുമൂലം ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും വിദ്യാലയങ്ങള്‍ തന്നെയായിരിക്കും ഉത്തരവാദികളെന്ന് ഹിന്ദു ജാഗരണ്‍മഞ്ച് ഭീഷണി മുഴക്കുകയാണുണ്ടായത്. മഞ്ചിന്റെ നേതാവ് സോനുസവിത പറഞ്ഞത്,“മിഷണറി സ്‌കൂളുകളിലായാലും മറ്റ് സ്‌കൂളുകളിലായാലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളാണ്. സ്‌കൂളുകളുടെ വരുമാനത്തിലധികവും ഹിന്ദു വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസാണ്. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനത്തിനുള്ള നീക്കമാണ്.”

രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ ഡിസംബര്‍ 20-ന് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചവരെയും അതില്‍ പങ്കെടുത്തവരെയും ബജ്‌റംഗദളിന്റെയും വി എച്ച് പിയുടെയും പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. യോഗി ആദിത്യനാഥ് ഭരിക്കുന്ന യു പിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഹിന്ദുജാഗരണ്‍മഞ്ച് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് പുതുവത്സരാഘോഷം പാടില്ലെന്ന പ്രസ്താവന ഹിന്ദുത്വ സംഘടനകള്‍ നടത്തിയത്. പുതുവത്സരാഘോഷങ്ങള്‍ ഹിന്ദുസംസ്‌കാരത്തിന് ചേര്‍ന്നതല്ലത്രേ. ഹൈദരാബാദിലെ ഹിന്ദുധര്‍മപരിഷ്‌കരണ ട്രസ്റ്റ് ക്ഷേത്രങ്ങളിലോ ക്ഷേത്രപരിസരങ്ങളിലോ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
(തുടരും)

 

 

 

 

 

 

Latest