ചര്‍ച്ച പരാജയം; നാളത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും

Posted on: January 23, 2018 8:36 pm | Last updated: January 24, 2018 at 10:09 am

തിരുവനന്തപുരം : രാജ്യത്തെ വര്‍ധിച്ചുവരുന്ന ഇന്ധനവിലയുല്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ നാളെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ വാഹന പണിമുടക്ക് നടത്തും. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ടാക്‌സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം പൂര്‍ണമായും സ്തംഭിക്കും. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട് എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും.

ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.

പൊതുഗതാഗതം പ്രതിസന്ധിയിലാകുന്നത് സര്‍ക്കാര്‍ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ആരോഗ്യ സര്‍വകലാശാലയുടെ ബുധനാഴ്ചത്തെ എഴുത്തു പരീക്ഷകളും മാറ്റി.