പൈതൃകങ്ങള്‍ പകര്‍ത്തി കതാറ ആഘോഷം സമാപിച്ചു

Posted on: January 23, 2018 8:25 pm | Last updated: January 23, 2018 at 8:25 pm
കതാറയില്‍ അവതരിപ്പിച്ച പരമ്പരാഗത തട്ടുകട

ദോഹ: രാജ്യത്തെ സാംസ്‌കാരിക പൈതൃകങ്ങളുടെ കാഴ്ചകളുംഅകളും അനുഭവങ്ങളും ഒരുക്കി കതാറയില്‍ അഞ്ചു ദിവസങ്ങളിലായി നടന്ന അഞ്ചാമത് ശൈത്യകാല ആഘോഷങ്ങള്‍ സമാപിച്ചു.
നാടന്‍ കലാ പരിപാടികളും സ്നോ വൈറ്റിന്റെ നാടകവും മത്സരങ്ങളുമെല്ലാം അഞ്ച് ദിവസം നീണ്ട ആഘോഷത്തില്‍ സന്ദര്‍ശകശ്രദ്ധ നേടി. പരമ്പരാഗത കലാസൃഷ്ടികള്‍ വാങ്ങാനും കതാറയിലെ പരമ്പരാഗത സൂഖില്‍നിന്നും കരകൗശല ഉത്പന്നങ്ങളും തുണിത്തരങ്ങളും സുഗന്ധദ്രവ്യങ്ങളും വാങ്ങാനുമായി നിരവധി പേരാണ് എത്തിയത്.

ബദായ സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ പൊതുജനങ്ങള്‍ക്ക് പുതുസംരഭങ്ങള്‍ തുടങ്ങാനുള്ള ആത്മവിശ്വാസവും അറിവും നല്‍കി. യുവ ഫാല്‍ക്കണേഴ്സുകള്‍ക്കായി അല്‍ ഗന്നാസ് അസോസിയേന്‍ നടത്തിയ പ്രദര്‍ശനവും വിദ്യാഭ്യാസ ശില്‍പ്പശാലകളും ശ്രദ്ധേയമായിരുന്നു. അല്‍ ഗലായലിന്റേയും അല്‍ ഗന്നാസിന്റെയും പവലിയനുകളില്‍ ഫാല്‍ക്കണുകള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കാന്‍ നിരവധി പേരാണ് എത്തിയത്.

പരമ്പരാഗത രുചിക്കൂട്ടുകള്‍ വിളമ്പുന്ന ഭക്ഷ്യശാലകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികള്‍ക്കായി ഡ്രോയിങ്, കരകൗശല പരിപാടികള്‍, പെയിന്റിങ് എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. കൂടാതെ പരമ്പരാഗത കരകൗശല വിപണിയും ശ്രദ്ധേയമായി.