ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പ് പങ്കെടുക്കും

Posted on: January 23, 2018 7:45 pm | Last updated: January 23, 2018 at 7:45 pm
SHARE
മുഹമ്മദ് അല്‍ത്വാഫും എം എ യൂസുഫലിയും

ദോഹ: ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയിലെ മികവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ലോക ഇക്കണോമിക്ക് ഫോറത്തില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ പങ്കാളികളാകും.

ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 600 സംഘടനകളാണ് ഇതുമായി സഹകരിക്കുന്നത്. കമ്പോള കേന്ദ്രീകൃതമായും വൈവിധ്യവത്ക്കരണത്തിന്റേയും ഭാഗമായി ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സ്ഥിരത, സാമ്പത്തിക സാധ്യതകള്‍ തുടങ്ങിയവയാണ് പുതിയ കാര്‍ഷിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്.

സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസ് ക്ലോസ്റ്റേഴ്‌സില്‍ ഇന്നുമുതല്‍ 26 വരെയാണ് ലോക ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്നത്. തകരുന്ന ലോകത്തിന് പങ്കാളിത്ത ഭാവി നിര്‍മിച്ചെടുക്കുക എന്നതാണ് വാര്‍ഷിക സമ്മേളനത്തിന്റെ പ്രമേയം. ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ബിസിനസ്, സര്‍ക്കാര്‍, അന്താരാഷ്ട്ര സംഘടനകള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി 2500ലേറെ പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആഗോള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ വാര്‍ഷിക സമ്മേളനം സഹായിക്കും.

ലുലു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലിയുടെ നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അശ്‌റഫ് അലി, ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച്, ട്വന്റി 14 ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് എന്നിവര്‍ ഫോറത്തില്‍ പങ്കെടുക്കും. 2007 മുതല്‍ ലോക ഇക്കണോമിക് ഫോറത്തിലെ സ്ഥിരം സാന്നിധ്യമാണ് ലുലു ഗ്രൂപ്പ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ സംസാരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ഷിക സമ്മേളനം സമാപിക്കുന്നതിന് മുമ്പ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജി7, ജി 20 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here