Connect with us

Gulf

എയര്‍ ഇന്ത്യയില്‍ ഓഹരിയെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ വാര്‍ത്താ സമ്മേളനത്തില്‍

ഇന്ത്യന്‍ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയിലോ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിലോ ഓഹരിയെടുക്കാന്‍ ഇപ്പോള്‍ താത്പര്യപ്പെടുന്നില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ വിമാനക്കമ്പനികളില്‍ വിദേശ നിക്ഷേപം അനുവദിച്ച് കൊണ്ട് ഇരു രാജ്യങ്ങളും തീരുമാനമെടുക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തേ ഇന്ത്യയില്‍ ബജറ്റ് വിമാനക്കമ്പനി തുടങ്ങാന്‍ ശ്രമം നടത്തുന്നതായി അദ്ദേഹം അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയില്ല. ഇന്ത്യയിലെ സ്വകാര്യ വിമാനങ്ങളില്‍ ഓഹരിയെടുക്കുന്നതിനും ഖത്വര്‍ എയര്‍വേയ്‌സിനു നേരത്തേ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലാ കമ്പനികളുടെ ഭാഗത്തുനിന്നുയരുന്ന എതിര്‍പ്പിനെത്തുടര്‍ന്ന് പിന്തിരിയുകയായിരുന്നു.

ബ്രിട്ടീഷ് എയര്‍വേയ്‌സ്, ലാറ്റം എയര്‍ലൈന്‍, കതായ് പസഫിക്, മെര്‍ഡിയാന തുടങ്ങിയ വിവിധ രാജ്യങ്ങളിലെ വിമാനങ്ങളില്‍ ഖത്വര്‍ എയര്‍വേയ്‌സിന് ഓഹരി പങ്കാളിത്തമുണ്ട്.

അതിനിടെ ദേശീയ വിമാന കമ്പനിയായ എയര്‍ബസ് എ 350-1000 വിമാനം അടുത്ത മാസം ലഭിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ അറിയിച്ചു. സീറ്റ് കോണ്‍ഫിഗറേഷന്‍ വൈകിയ കാരണത്താലാണ് വിമാനം എത്തുന്നത് വൈകിയത്. ഫെബുവരി അവസാനം വരെയാണ് എയര്‍ബസ് സമയം ചോദിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ബോയിംഗ് കമ്പനിയുടെ 777എസ് വിമാനത്തിനു സമാന്തരമായി എയര്‍ബസ് പുറത്തിറക്കുന്ന ഭീമന്‍ വിമാനമാണ് എ 350-1000.

ഇരട്ട എന്‍ജിനുകള്ള യാത്രാവിമാനത്തിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യ ഗുണഭോക്താവായാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ വിമാനം സ്വീകരിക്കാന്‍ ഖത്വര്‍ എയര്‍വേയ്‌സ് തയാറെടുത്തത്. എന്നാല്‍ സാങ്കേതിക കാരണത്താല്‍ വൈകുകയായിരുന്നു. കമ്പനി ഓര്‍ഡര്‍ നല്‍കിയ 37 അത്യാധുനിക വിമാനങ്ങളില്‍ ആദ്യത്തേതാണ് അടുത്തമാസം എത്തുക.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് എ 350-1000 വിമാനത്തിന്റെ ആദ്യ ഡലിവറി ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് അക്ബര്‍ അല്‍ ബാകിര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഖത്വര്‍ എയര്‍വേയ്‌സ് പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് കാബിനായി ക്യു സ്യൂട്ട് പുതിയ വിമാനത്തില്‍ ഘടിപ്പിക്കുന്നതിനു വേണ്ടിയാണ് വൈകിയത്. ഫ്രാന്‍സിലെ എയര്‍ബസ് ഹബിലാണ് വിമാനങ്ങളുടെ അന്തിമ മിനുക്കു പണികളും ക്യു സ്യൂട്ട് ഘടിപ്പിക്കുന്ന ജോലികളും നടന്നു വരുന്നത്. മുഖാമുഖം നേക്കിയിരിക്കാവുന്ന സീറ്റുകളും സീറ്റുകള്‍ നിവര്‍ത്തിയാല്‍ ഡബിള്‍ ബെഡ് സൗകര്യവും ലഭിക്കുന്ന പ്രൈവറ്റ് ക്യാബിന്‍ സൗകര്യമുള്ള ക്യു സ്യൂട്ട് കഴിഞ്ഞ വര്‍ഷമാണ് ഖത്വര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒടുവില്‍ തന്നെ വിമാനത്തിന്റെ ഉടമസ്ഥത കമ്പനി ഏറ്റെടുത്തുവെന്നു പറഞ്ഞ അക്ബര്‍ അല്‍ ബാകിര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍, വിമാനത്തിന്റെ ഡലിവറി സംബന്ധിച്ച് പ്രതികരിക്കാന്‍ എയര്‍ബസ് പ്രതിനിധി സന്നദ്ധമായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു എയര്‍ബസ് വക്താവിന്റെ അഭിപ്രായം. എയര്‍ബസില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്ന കമ്പനിയാണ് ഖത്വര്‍ എയര്‍വേയ്‌സ്. ഡലിവറിക്കു മുമ്പ് നിലവാരം ഉറപ്പു വരുത്തുന്നതില്‍ കമ്പനി ശ്രദ്ധ പുലര്‍ത്താറുണ്ട്. എയര്‍ബസസില്‍നിന്നും 80 എ 350എസ് വിമാനങ്ങള്‍ ഖത്വര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ചെറുവിമാനങ്ങളായ എ 350-900 ജെറ്റുകളും ഉള്‍പ്പെടുന്നു. ഇതില്‍ ഏതാനും വിമാനങ്ങള്‍ ഇതിനകം സ്വീകരിച്ച് സര്‍വീസ് തുടങ്ങിക്കഴിഞ്ഞു.

 

 

 

Latest