ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

Posted on: January 23, 2018 1:59 pm | Last updated: January 24, 2018 at 10:40 am
SHARE

ന്യൂഡല്‍ഹി: ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹത്തെ ക്രിമിനല്‍ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും വിവാഹം ഒഴികെ മറ്റെന്തും എന്‍ഐക്ക് അന്വേഷിക്കാമെന്നും കോടതി പറഞ്ഞു.

ഹാദിയയുടെ വിവാഹത്തിന്റെ നിയമാസാധുത മാത്രമേ ബഞ്ച് പരിശോധിച്ചിട്ടുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ആരാണ് നല്ലത്, ആരാണ് ചീത്ത എന്ന് തീരുമാനിക്കേണ്ടത് ഹാദിയയാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിവാഹം റദ്ദാക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു നടപടി മോശമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഫെബ്രുവരി 22ന് കോടതി വീണ്ടും വാദം കേള്‍ക്കും.

ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തവുമായി ബന്ധപ്പെട്ട അന്വേഷണവുമായി എന്‍ഐഎക്ക് മുന്നോട്ട്‌പോകാമെന്ന് കോടതി വ്യക്തമാക്കി.