ബെലന്ദൂര്‍ തടാകത്തിലെ തീപ്പിടിത്തം മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരണം തേടി

Posted on: January 23, 2018 12:12 am | Last updated: January 23, 2018 at 12:12 am
SHARE

ബെലന്ദൂര്‍ തടാകത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബെംഗളൂരു വികസന അതോറിറ്റിക്കും ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡിനും നോട്ടീസ് അയച്ചു.

രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തീപ്പിടിത്തമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലേക്ക് വഴിവെച്ച കാരണം കണ്ടെത്താനാകാതെ വികസന അതോറിറ്റി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തുകയാണ്. തടാക പരിപാലന ചുമതല ബെംഗളൂരു വികസന അതോറിറ്റിക്കാണെന്നിരിക്കെ തടാക സംരക്ഷണത്തിന് അതോറിറ്റി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന വിമര്‍ശം വ്യാപകമായിട്ടുണ്ട്.

മലിനീകരണ നിയന്ത്രണ ബോര്‍ഡും കേന്ദ്ര സര്‍ക്കാറും തടാക നവീകരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നാണ് ബി ഡി എ ആവശ്യപ്പെടുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് തടാക നവീകരണം വൈകുന്നതിന്റെ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബെംഗളൂരു നഗരത്തിലെ 40 ശതമാനത്തോളം മലിനജലവും ഒഴുകിയെത്തുന്നത് ബെലന്ദൂര്‍ തടാകത്തിലണ്. പരിസരത്തെ ഫാക്ടറികളില്‍ നിന്ന് വന്‍തോതില്‍ രാസമാലിന്യങ്ങളും തടാകത്തിലെത്തുന്നു. ബെലന്ദൂര്‍ തടാകത്തിന് അഗ്നിബാധ ഉണ്ടാകുന്നത് തുടര്‍ക്കഥയായതോടെ സര്‍ക്കാര്‍ ഏജന്‍സികളായ ബെംഗളൂരു വികസന അതോറിറ്റിയും ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

തടാകത്തിലെ രാസമാലിന്യം കാരണമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തടാകത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി തവണയാണ് തീപ്പിടിത്തമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 16നുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ബെംഗളൂരു വികസന അതോറിറ്റിക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ബെംഗളൂരു കോര്‍പറേഷനും നോട്ടീസ് നല്‍കിയിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നേരത്തെ ആറംഗ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.

അടുത്ത വര്‍ഷത്തോടെ തടാകം പൂര്‍ണമായും ശുദ്ധീകരിക്കുമെന്നാണ് ബെംഗളൂരു വികസന അതോറിറ്റി ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കിയ ഉറപ്പ്. തടാകം ശുദ്ധീകരിക്കാന്‍ 550 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here