എങ്ങനെയെങ്കിലും പിടിച്ചുകെട്ടിയാല്‍ മതിയോ ബി ജെ പിയെ?

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയങ്ങളും ആഗോളീകരണ കാഴ്ചപ്പാടും ഒരു പോലെയായ സ്ഥിതിക്ക് അതില്‍ ഏത് സഖ്യത്തോടും മുന്നണിയായി പ്രവര്‍ത്തിക്കുക എന്നത് ഇടതിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്തുന്നതിന് തുല്യമാകും. അതേസമയം മുന്നണിയാവാതെത്തന്നെ ഇടതുപക്ഷം ദുര്‍ബലമായ സ്ഥലങ്ങളിലെല്ലാം ബി ജെ പിയെ തടഞ്ഞു നിര്‍ത്താന്‍ അതാതിടങ്ങളിലെ 'തൊമ്മന്‍മാര്‍'ക്ക് വോട്ടു നല്‍കുകയുമാകാം. സി പി എം പോളിറ്റ് ബ്യൂറോ തീരുമാനത്തിന്റെ സ്പിരിറ്റ് അതാകാം. പിന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും സഖ്യത്തിലായാല്‍ അതില്‍ പരം ഒരു അപഹാസ്യത വേറെന്തുണ്ടാകും?  മാത്രമല്ല, ഇതില്‍ അസംതൃപ്തരാവുന്ന നല്ലൊരു വിഭാഗം ഇരു പാര്‍ട്ടികളില്‍ നിന്നും ചെന്നെത്തുക ബി ജെ പിയിലാകും. സഖ്യമില്ലാതെത്തന്നെ ഇടതിനും കോണ്‍ഗ്രസിനും ഒരു പോലെ സ്വാധീനമുള്ളിടത്ത് അവരവരുടെ പക്ഷത്ത് ഉറച്ചു നിന്നു കൊണ്ട് തന്നെ ബി ജെ പിയെ ചെറുക്കാനുമാകും.    
Posted on: January 23, 2018 6:57 am | Last updated: January 23, 2018 at 12:00 am
SHARE

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അതിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരു വിഭാഗത്തിനൊഴിച്ച് മറ്റാര്‍ക്കും തര്‍ക്കവുമില്ല. തര്‍ക്കമില്ലാത്തവര്‍ നിലവിലെ ഭരണ വര്‍ഗ വും അവരെ താങ്ങിനിര്‍ത്തുന്ന കോര്‍പറേറ്റ് മൂലധന ശക്തികളും ഭൂരിപക്ഷ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ പാടുപെടുന്ന ഫാസിസ്റ്റ് സഹയാത്രികരും മാത്രമാണ്.  അവര്‍ക്ക് തര്‍ക്കമില്ല എന്നതിനര്‍ഥം അതവരുടെ പരസ്യ അജന്‍ഡയായി മാറിക്കഴിഞ്ഞു എന്നതാണ്. ഇങ്ങനെയൊരവസ്ഥ ഇന്ത്യാ മഹാരാജ്യത്തിന് വന്നുഭവിക്കാന്‍ കാരണമായത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടേയും മാത്രം രാഷ്ടീയ ചിന്തക്ക് കിട്ടിയ പിന്‍ബലത്തില്‍ മാത്രമാണെന്നും കരുതിക്കൂടാ. ആര്‍ എസ് എസിന്റെ സഹായത്തോടെ നരേന്ദ്ര മോദി അധികാരമേല്‍ക്കും വരെ പ്രധാനമായും ഇന്ത്യന്‍ ഭരണകൂടത്തെ (അതായത് കോണ്‍ഗ്രസ് സഖ്യത്തില്‍ നിലനിന്നിരുന്ന ഭരണത്തെ)  ഗ്രസിച്ചു നിന്നിരുന്ന വന്‍ അഴിമതിയേയും ആഗോളവത്കരണ പിടിമുറുക്കത്തേയും ചെറുക്കുക എന്നതിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം ഊന്നി നിന്നിരുന്നത്.ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും അതിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരു വിഭാഗത്തിനൊഴിച്ച് മറ്റാര്‍ക്കും തര്‍ക്കവുമില്ല. തര്‍ക്കമില്ലാത്തവര്‍ നിലവിലെ ഭരണ വര്‍ഗ വും അവരെ താങ്ങിനിര്‍ത്തുന്ന കോര്‍പറേറ്റ് മൂലധന ശക്തികളും ഭൂരിപക്ഷ വര്‍ഗീയത അടിച്ചേല്‍പ്പിക്കാന്‍ പാടുപെടുന്ന ഫാസിസ്റ്റ് സഹയാത്രികരും മാത്രമാണ്.  അവര്‍ക്ക് തര്‍ക്കമില്ല എന്നതിനര്‍ഥം അതവരുടെ പരസ്യ അജന്‍ഡയായി മാറിക്കഴിഞ്ഞു എന്നതാണ്. ഇങ്ങനെയൊരവസ്ഥ ഇന്ത്യാ മഹാരാജ്യത്തിന് വന്നുഭവിക്കാന്‍ കാരണമായത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടേയും മാത്രം രാഷ്ടീയ ചിന്തക്ക് കിട്ടിയ പിന്‍ബലത്തില്‍ മാത്രമാണെന്നും കരുതിക്കൂടാ. ആര്‍ എസ് എസിന്റെ സഹായത്തോടെ നരേന്ദ്ര മോദി അധികാരമേല്‍ക്കും വരെ പ്രധാനമായും ഇന്ത്യന്‍ ഭരണകൂടത്തെ (അതായത് കോണ്‍ഗ്രസ് സഖ്യത്തില്‍ നിലനിന്നിരുന്ന ഭരണത്തെ)  ഗ്രസിച്ചു നിന്നിരുന്ന വന്‍ അഴിമതിയേയും ആഗോളവത്കരണ പിടിമുറുക്കത്തേയും ചെറുക്കുക എന്നതിലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം ഊന്നി നിന്നിരുന്നത്.
അങ്ങനെയൊരു അനിവാര്യതയിലേക്ക്  കൊണ്ടുപിടിച്ച മാധ്യമ പ്രചാരണങ്ങള്‍ കൂടി കൊഴുത്തതോടെ ബി ജെ പിക്കും ആര്‍ എസ് എസിനും സഹയാത്രികരായി ഹിന്ദി ബെല്‍റ്റില്‍ നിന്നും ചെറുതും വലുതുമായ പല കക്ഷികളും രംഗത്തു വരികയുമുണ്ടായി. അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച മൂവ്‌മെന്റിനു ശേഷം അതിനു സമാനമായ രീതിയില്‍ ഡല്‍ഹിയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭം നയിച്ച ‘ഗാന്ധിയനായ’ അന്നാ ഹസാരയുടെ ശക്തമായ സമരം പോലും അന്നത്തെ ഭരണത്തെ പിഴുതെറിഞ്ഞ് മോദിയുടെ നേതൃത്വത്തില്‍ പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിക്കാന്‍ സഹായകമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നു അധികാരം ബി ജെ പിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്ന ഒരു പ്രതീതി രൂപ്പപ്പെടുന്നു എന്ന് തോന്നിയപ്പോഴേക്കും  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നു തന്നെ ബി ജെ പി പക്ഷത്തേക്ക് ശക്തമായ അടിയൊഴുക്ക് തുടങ്ങിയിരുന്നു. തലയെടുപ്പുള്ള നേതാക്കന്‍മാര്‍ വരെ ഈസിയായി കളം മാറിക്കളിത്തുടങ്ങി. കോര്‍പറേറ്റുകളും കുത്തകകളും സാധ്യത കോണ്‍ഗ്രസിനാണെങ്കില്‍ അങ്ങോട്ടും ബി ജെ പിക്കാണെങ്കില്‍ ഇങ്ങോട്ടും പൊസിഷന്‍ മാറിക്കളിക്കുന്നതില്‍ വിദഗ്ധരുമാണല്ലോ? അവര്‍ക്ക് അവരുടെ മൂലധന സംരക്ഷണത്തിനപ്പുറം മറ്റൊരജന്‍ഡ ഇല്ലാത്തതിനാല്‍ അവരുടെ കണ്ണ് ലാഭത്തില്‍ മാത്രമല്ല, കൊള്ളലാഭത്തില്‍ തന്നെയാകും പതിയുക. ആ റോളില്‍ അവരും നന്നായി മുന്നേറിക്കളിച്ചു.  ഇത്തരം അനുകൂല ഘടകങ്ങളെല്ലാം നന്നായി മുതലെടുക്കുന്നതില്‍ ടീം മാനേജര്‍മാരായ നരേന്ദ്ര മോദിയും അമിത് ഷായും വിജയിച്ചപ്പോള്‍ ഫലം സവര്‍ണ ഫാസിസത്തിനും കോര്‍പറേറ്റുകള്‍ക്കും അനുകൂലമാകുകയും ചെയ്തു. അല്ലാതെ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ഹൈന്ദവരെല്ലാം ബി ജെ പിയിലും ആര്‍ എസ് എസിലും അണിനിരന്നത് കൊണ്ടൊന്നുമല്ല  ഇന്ത്യയില്‍ സവര്‍ണ മേധാവിത്വത്തില്‍ ഊന്നി നില്‍ക്കുന്ന അര്‍ധ ഫാസിസം നിലവില്‍ വന്നത്.
പക്ഷേ നിലവില്‍ വന്നപ്പോള്‍ അതിന്റെ തനിനിറം നാള്‍ക്കുനാള്‍ മറ നീക്കി പുറത്തു വരുമ്പോളാണ് പിന്നില്‍ നിന്ന് താങ്ങിയവര്‍ക്കു പോലും ചതിക്കുഴിയുടെ ആഴം പതിയെപ്പതിയേ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഒരു കാവ്യനീതിയുടെ പ്രതിഫലനമെന്നോണം കെണി വെക്കാന്‍ സര്‍വ പിന്തുണയുമായി ഓടിനടന്ന് രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ വര്‍ഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന പ്രവീണ്‍ തൊഗാഡിയയെ വരെ; തന്നെ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ പദ്ധതിയിട്ടു എന്നു പറയുമ്പോള്‍ ഇന്ത്യ എത്തിപ്പെട്ട ഫാസിസ്റ്റ് ഭീഷണിയുടെ ആഴം വ്യക്തമാവും. ഇത്രത്തോളമെത്തിയ സ്ഥിതിക്ക് ഇന്ത്യന്‍ ഫാസിസത്തിന്റെ തകര്‍ച്ചക്കും അത് ആക്കം കൂട്ടിയേക്കും. അഡ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയുമൊക്കെ എളുപ്പത്തില്‍ ഒതുക്കി മൂലക്കിരുത്തിയതുപോലെ അത്ര എളുപ്പത്തില്‍ ഒതുക്കിക്കളയാന്‍ പാകത്തില്‍ നിന്നു കൊടുക്കാന്‍ തൊഗാഡിയ തയ്യാറല്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. തൊഗാഡിയ തന്റെ തീവ്ര വര്‍ഗീയത അവസാനിപ്പിക്കാന്‍ തയ്യാറാകാതെയാണ് കൂടുതല്‍ ഹൈന്ദവ വത്കരണത്തിനായി മോദിയോടും അമിത് ഷായോടും പോരാടാന്‍ തയ്യാറെടുക്കുന്നത്. തീര്‍ച്ചയായും ഇത് ഫാസിസ്റ്റ് ചേരിയില്‍ വിള്ളല്‍ വീഴ്ത്തും. അത് മതേതര ചേരിക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാകും. ഇങ്ങനെ മോദിക്കെതിരെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഏതു തരത്തിലുള്ള അസംതൃപ്തികളെയും വളര്‍ത്തിക്കൊണ്ടു വരുന്നതിലൂടെയായിരിക്കണം ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ താത്കാലിക തിരിച്ചടിയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കേണ്ടത്. ഇതിന് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന ധാരണ അബദ്ധമാവും. ആ സത്യം കോണ്‍ഗ്രസും അംഗീകരിച്ചേ മതിയാവൂ. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇന്ത്യയില്‍ എല്ലായിടത്തും വേരോട്ടമുള്ള കക്ഷിയാണെങ്കിലും അതിന് എല്ലായിടത്തും ഏകമുഖമല്ലെന്നോര്‍ക്കണം. ദക്ഷിണേന്ത്യന്‍ കോണ്‍ഗ്രസല്ല ഉത്തരേന്ത്യയില്‍. ഗുജറാത്തിലാണെങ്കില്‍ പോലും ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് മൃദുഹിന്ദുത്വ ബിംബങ്ങളെ തന്നെയാണ് ആശ്രയിക്കേണ്ടി വന്നത്. സവര്‍ണരും സമ്പന്നരുമായ പട്ടേല്‍ വിഭാഗത്തെ ബി ജെ പിയില്‍ നിന്നടര്‍ത്തി കോണ്‍ഗ്രസിനൊപ്പം നിറുത്തുമ്പോള്‍ അവരുടെ താത്പര്യം കോണ്‍ഗ്രസിനും സംരക്ഷിച്ചേ തീരൂ എന്നിടത്താവും കാര്യങ്ങള്‍ ചെന്നെത്തുക. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് പകര്‍ത്തിയതുകൊണ്ട് ആത്യന്തികമായ ലക്ഷ്യം കൈവരിക്കാന്‍ ആകുമെന്നു കരുതിക്കൂടാ.
ഇവിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ ഉയര്‍ത്തുന്ന പ്രതിരോധ രാഷ്ട്രീയം പ്രസക്തമാവുന്നത്. വര്‍ഗീയതയുടെ കാര്യത്തില്‍ മാത്രമല്ല വന്‍കിട അഴിമതിയുടെ കാര്യത്തിലും കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും എല്ലാ രംഗത്തും പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങളിലടക്കം ബി ജെ പിയില്‍ നിന്നും പ്രകടമായ വ്യത്യസ്ഥത പുലര്‍ത്തുന്ന ഭരണ സംവിധാനമാണ് നിലവില്‍ വരേണ്ടത്. അതിന് കോണ്‍ഗ്രസ് പാര്‍ട്ടിയും ചുരുങ്ങിയത് പഴയ നെഹ്‌റുവിയന്‍ കാലഘട്ടത്തേക്കെങ്കിലും തിരിഞ്ഞു നടന്നേ പറ്റൂ. അതിന് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കാവുമോ എന്ന ചോദ്യം ഇടതുപക്ഷം ഉയര്‍ത്തുന്നതില്‍ പ്രസക്തിയുണ്ട്. ഇന്ത്യന്‍ ഇടത് എന്നത് ബലഹീനതയിലാണെന്നത് സത്യം. എന്തുകൊണ്ട് എന്നതിന് നിരവധി കാരണങ്ങള്‍ കാണും. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സാമ്പത്തിക നയങ്ങളും ആഗോളീകരണത്തോടുള്ള കാഴ്ചപ്പാടും ഏതാണ്ട് ഒരു പോലെയായ സ്ഥിതിക്ക് അതില്‍പ്പെട്ട ഏത് സഖ്യത്തോടും മുന്നണിയായി പ്രവര്‍ത്തിക്കുക എന്നത് ഇടതിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്തുന്നതിന് തുല്യമാവും. അതേ സമയം മുന്നണിയാവാതെത്തന്നെ ഇടതുപക്ഷം ദുര്‍ബലമായ സ്ഥലങ്ങളിലെല്ലാം ബി ജെ പിയെ തടഞ്ഞു നിര്‍ത്താന്‍ അതാതിടങ്ങളിലെ തമ്മില്‍ ഭേദം തൊമ്മന്‍ മാര്‍ക്ക് വോട്ടു നല്‍കുകയുമാകാം. സി പി എം പോളിറ്റ് ബ്യൂറോയുടെ അവസാനമെടുത്ത തീരുമാനത്തിന്റെ സ്പിരിറ്റ് അതാകാം.  പിന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും തിരഞ്ഞെടുപ്പ് സഖ്യത്തിലായാല്‍ അതില്‍ പരം ഒരു അപഹാസ്യത വേറെന്തുണ്ടാവും? എ കെ ജിയെ പോലും ബാല പീഡകന്‍ എന്നൊക്കെ വിളിച്ചു നടക്കുന്ന വരുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍  അതില്‍ പരം മറ്റൊരു ക്ഷീണം എല്‍ ഡി എഫിന് ഏല്‍ക്കാനുമുണ്ടാകില്ല. തന്നെയുമല്ല ഇതില്‍ അസംതൃപ്തരാവുന്ന നല്ലൊരു വിഭാഗം ഇരു പാര്‍ട്ടികളില്‍ നിന്നും ചെന്നെത്തുക ബി ജെ പിയില്‍ തന്നെയാകും. അതൊഴിവാക്കാന്‍ കൂടിയാവും സി പി എം പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് സഖ്യത്തിനെതിരെ വോട്ടു ചെയ്തത്. അല്ലാതെത്തന്നെ ഇടതിനും കോണ്‍ഗ്രസിനും ഒരു പോലെ സ്വാധീനമുള്ളിടത്ത് അവരവരുടെ പക്ഷത്ത് ഉറച്ചു നിന്നു കൊണ്ട് തന്നെ ബി ജെ പിയെ ചെറുക്കാനുമാകും. പശ്ചിമ ബംഗാളില്‍ പോലും ഇങ്ങനെയൊരു സഖ്യം നിലവില്‍ വന്നാല്‍ ബി ജെ പിയെ അല്ല തളക്കാനാവുക. ബി ജെ പി വിരുദ്ധരായ തൃണമൂലിനെയാകും. ഇന്ത്യയിലിപ്പോള്‍ മോദിയുടെ ഫാസിസ്റ്റ് ഭരണത്തെ ചെറുക്കുകയാണ് ലക്ഷ്യമെങ്കില്‍  അതിന് കോണ്‍ഗ്രസിനും സി പി എമ്മിനും അവരവരുടെ രാഷ്ട്രീയ അസ്ഥിത്വത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ അതിന് ശ്രമിക്കുന്നതാവും ബുദ്ധി. ഒന്നാം യു പി എ ഭരണം നിലവില്‍ വരാന്‍ ഈ രണ്ടു പാര്‍ട്ടികളും അങ്ങനെയൊരു പരീക്ഷണത്തില്‍ ഏര്‍പ്പെട്ട് വിജയിച്ചതുമാണല്ലോ?
അനിവാര്യതയെ അംഗീകരിക്കലാണ് സ്വാതന്ത്ര്യം എന്ന ഹെഗലിയന്‍ ചിന്തക്ക് മാര്‍ക്‌സിന്റെ വകയായി അന്നേ തിരുത്തുണ്ടായതാണ്. ‘അനിവാര്യതയുടെ മണ്ഡലത്തിനപ്പുറമാണ് സ്വാതന്ത്ര്യത്തിന്റെ തല’മെന്ന മാര്‍ക്‌സിന്റെ അന്നത്തെ പ്രഖ്യാപനത്തിന്റെ പ്രസക്തി ഇത്തരം ചില നയപരമായ സമീപനങ്ങള്‍ ഇടതുപക്ഷം ഓര്‍ത്തെടുക്കുന്നുണ്ടാവും. എങ്ങനെയെങ്കിലും തട്ടിക്കൂട്ട് മുന്നണിയുണ്ടാക്കിയല്ല ഇന്ത്യന്‍ ഫാസിസ്റ്റുകളെ നേരിടേണ്ടത്. യുക്തിസഹമായ കാര്യങ്ങള്‍ ഉയര്‍ത്തി, തീര്‍ത്തും വ്യത്യസ്ഥമായൊരു മതേതര ബദലിനു വേണ്ടിയാകണം പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും താന്താങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ അതാകാവുന്നതേയുള്ളൂ. മറിച്ചുള്ള മാധ്യമ പ്രചാരണങ്ങളുടെ കാടിളക്കലില്‍ ബി ജെ പി വിരുദ്ധതയിലേറെ ഇടതു പക്ഷത്തെ ഒന്നുകൂടി തളര്‍ത്തുക എന്ന തന്ത്രം കൂടിയാണ് കുടികൊള്ളുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here