Connect with us

Ongoing News

നിയമസഭയിലെ കൈയാങ്കളിയും കേസും

Published

|

Last Updated

നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് 2015 മാര്‍ച്ച് 13ന് കേരള നിയമ സഭയില്‍ നടന്ന കയ്യാങ്കളി കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാനുള്ള ശ്രമത്തിനിടെ നിയമസഭക്ക് നാശനഷ്ടങ്ങള്‍ വരുത്തിയത് സംബന്ധിച്ചാണ് കേസ്. പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറിച്ചിടുകയും മൈക്ക് വലിച്ചെറിയുകയും ചെയ്തത് വഴി രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല്‍. ആറ് ഇടതുമുന്നണി നേതാക്കളെ പ്രതിചേര്‍ത്താണ് ക്രൈം ബ്രാഞ്ച് കേസ് ചാര്‍ജ് ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച അന്വേഷണ സംഘം വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും സഭയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എം എല്‍ എമാരെ പ്രതിയാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നടന്നുവരികയാണ്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും സി പി എം നേതാവും നിലവില്‍ കിലെ ചെയര്‍മാനുമായ ശിവന്‍കുട്ടി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം. അക്രമം അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചതാണെന്നും നിയമസഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ പ്രതികള്‍ ശിക്ഷണ നടപടികക്ക് വിധേയരായതിനാല്‍ ഇനിയും കേസുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നുമാണ് കത്തില്‍ ശിവന്‍കുട്ടി പറയുന്നത്. കത്ത് തുടര്‍നടപടിക്കായി മുഖ്യമന്ത്രി നിയമവകുപ്പിനു കൈമാറിയിരിക്കയാണ്. നിയമ വകുപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചാലും മുഖ്യമന്ത്രിക്ക് കേസ് പിന്‍വലിക്കാന്‍ അധികാരമുണ്ട്. പക്ഷേ കോടതി പരിഗണനയിലായതിനാല്‍ കേസ് അവസാനിപ്പിക്കേണ്ടത് കോടതിയാണ്. എന്നാല്‍, കേസ് പിന്‍വലിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഈ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
സംസ്‌കാര സമ്പന്ന സംസ്ഥാനമെന്ന് പറയപ്പെടുന്ന കേരളത്തിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു നിയമസഭയിലെ അന്നത്തെ പ്രതിഷേധം. അഴിമതിയാരോപണത്തിന് വിധേയനായ മന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി നിയമസഭയിലെത്തിയ സാമാജികര്‍ സഭയുടെ മഹത്വത്തിന് യോജിക്കാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുണ്ട് മടക്കിക്കുത്തി സഭയിലെ മേശകള്‍ക്കു മുകളില്‍ കയറിയും സ്പീക്കറുടെ കസേര വലിച്ചു പുറത്തേക്കിട്ടും അടിച്ചും ഇടിച്ചും പൊതുമുതല്‍ നശിപ്പിച്ചും താണ്ഡവമാടുകയായിരുന്നു. ജനങ്ങള്‍ക്കു വേണ്ടി ഭരണം നടത്താന്‍ ജനങ്ങള്‍ വോട്ടുചെയ്തു നിയമസഭയിലേക്കയച്ച ഇവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചെയ്തികളാണ് കാണേണ്ടിവന്നത്. പുതു തലമുറക്ക് രാഷ്ട്രീയത്തോട് അവജ്ഞ ജനിപ്പിക്കുന്നതും അരാഷ്ട്രീയ ചിന്ത വളര്‍ത്തുന്നതും നേതാക്കളുടെ ഇത്തരം ചെയ്തികളാണ്.

ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിരക്ഷയായിരിക്കാം നിയമ സഭയിലെ അസ്വാഭാവിക സംഭവങ്ങള്‍ക്ക് അവര്‍ക്ക് ധൈര്യം പകരുന്നത്. എന്നാല്‍ നിയമ നിര്‍മാണ സഭകള്‍ക്കും അംഗങ്ങള്‍ക്കും സഭാ സമിതികള്‍ക്കും ഭരണഘടന പ്രത്യേക അവകാശങ്ങളും സംരക്ഷണങ്ങളും വ്യവസ്ഥ ചെയ്തത്, അംഗങ്ങളില്‍ നിക്ഷിപ്തമായ സഭയിലെ ഉത്തരവാദിത്വ നിര്‍വഹണത്തിന് സഹായകമായിട്ടാണ്. അല്ലാതെ അതിനകത്ത് എന്തും കാണിക്കുന്നതിനുള്ള ലൈസന്‍സായല്ല. സവിശേഷ അവകാശങ്ങളുടെ പിന്‍ബലത്തില്‍ സഭയുടെയോ അംഗങ്ങളുടെയോ സഭാ സമിതികളുടെയോ അന്തസ്സിന് കോട്ടം തട്ടുന്ന പ്രവര്‍ത്തികള്‍ ചെയ്യാവതുമല്ല. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകിച്ചും ജനപ്രതിനിധികള്‍. നിയമനിര്‍മാണ സഭകളില്‍ പ്രതിഷേധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെങ്കിലും അത് മാന്യമായും തങ്ങളുുടെ പദവിക്ക് യോജിച്ച രീതിയിലുമായിരിക്കണം. പ്രതിഷേധം അതിരു കടക്കാതിരിക്കാനുള്ള പക്വത അംഗങ്ങള്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. പ്രത്യുത നിയമ നടപടികള്‍ സ്വീകരിക്കാന്‍ നിയമസഭക്കും നീതിന്യായ വ്യവസ്ഥക്കും അധികാരമുണ്ട്. തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങളില്‍ നിയമസഭാ സാമാജികര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമാണെങ്കിലും കുറ്റം തെളിഞ്ഞാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് നിയമം അനുശാസിക്കുന്നത്.

സഭകളുടെ അന്തസ്സിന് കളങ്കമേര്‍പ്പെടുത്തുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. പാര്‍ലിമെന്റിലും ഇതര സംസ്ഥാനങ്ങളിലെ നിയമ സഭകളിലും സാമാജികരില്‍ നിന്ന് മോശമായ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജനപ്രതിനിധികള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെയും പരിരക്ഷയുടെയും മറവിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും പ്രതികള്‍ രക്ഷപ്പെടുന്നതാണ് കാരണം. ഇത് ഭൂഷണമല്ല. കേരളത്തില്‍ നിലവിലുള്ള ഇത്തരം കേസുകള്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു പിന്‍വലിക്കാതെ നിയമത്തിന്റെ വഴികളിലൂടെ തന്നെ തീര്‍പ്പാക്കുകയാണ് വേണ്ടത്. നിയമത്തെ നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തനം സര്‍ക്കാറില്‍ നിന്നുണ്ടാകരുത്.