Connect with us

Gulf

സന്ദര്‍ശകര്‍ക്ക് നിരവധി സമ്മാനങ്ങള്‍ ദുബൈ വ്യാപാരോത്സവം സമാപനത്തിലേക്ക്

Published

|

Last Updated

ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സമാപനത്തി ലേ ക്ക് നീങ്ങവെ എമിറേറ്റിലെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഉണര്‍വ് പ്രകടമാകുന്നു. മാളുകളിലും ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും കച്ചവടം കൂടുതല്‍ നടക്കുന്നുണ്ട്. വ്യോമയാന, ധനവിനിമയ മേഖലയിലും ഡി എസ് എഫ് തുടങ്ങിയ ശേഷം അഭിവൃദ്ധിയുണ്ട്.
ദുബൈ ടൂറിസം കൊമേഴ്‌സ് ആന്‍ഡ് മാര്‍കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റിന് കീഴിലെ ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ്- ഡി എഫ് ആര്‍ ഇ ആണ് ഡി എസ് എഫിന്റെ നടത്തിപ്പുകാര്‍. പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികള്‍ മികച്ച പിന്തുണയാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നല്‍കുന്നതെന്ന് ഡി എഫ് ആര്‍ ഇ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഹ്മദ് അല്‍ ഖ്വാജ പറഞ്ഞു. കഴിഞ്ഞ 26ന് ആരംഭിച്ച വ്യാപാരോത്സവം ഈ മാസം 27ന് സമാപിക്കും. ആകര്‍ഷക വാഗ്ദാനങ്ങള്‍ക്കപ്പുറം 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവും നല്‍കുന്നതാണ് ഉപഭോക്താക്കളെ പുറംരാജ്യങ്ങളില്‍ നിന്നടക്കം ഷോപ്പിംഗിനായി ദുബൈയിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ വിവിധ വിനോദ-ഉല്ലാസ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്നു.

എമിറേറ്റ്‌സ്, ദുബൈ മാള്‍, മാജിദ് അല്‍ ഫുതൈം പ്രോപ്പര്‍ട്ടീസ്, എ ഡബ്ല്യു റൊസ്തമാനി ഗ്രൂപ്പ്, അല്‍ ഫുതൈം ഗ്രൂപ്പ് (ദുബൈ ഫെസ്റ്റിവല്‍ സിറ്റി), നഖീല്‍ മാള്‍സ് (ഇബ്‌നു ബത്തൂത്ത മാള്‍, ഡ്രാഗണ്‍ മാര്‍ട്ട് 1, ഡ്രാഗണ്‍ മാര്‍ട് 2), ദുബൈ ഡ്യൂട്ടി ഫ്രീ, ഇനോക്, അല്‍ സറൂനി ഗ്രൂപ്പ് (മെര്‍കറ്റോ), മിറാസ്, ഇത്തിസലാത്ത് എന്നിവരാണ് ഡി എസ് എഫിന്റെ പങ്കാളികള്‍. വിസ, എമിറേറ്റ്‌സ് എന്‍ ബി ഡി, ജംബോ ഗ്രൂപ്പ് എന്നിവര്‍ സ്‌പോണ്‍സര്‍മാരുമാണ്. ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പും ദുബൈ ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പും അകമഴിഞ്ഞ പിന്തുണയും ഡി എസ് എഫിന് നല്‍കിവരുന്നു.

ഡി എസ് എഫ് തുടങ്ങിയതുമുതല്‍ എമിറേറ്റ്‌സില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്ന് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ശൈഖ് മാജിദ് അല്‍ മുഅല്ല വ്യക്തമാക്കി. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍. റഷ്യ, പാക്കിസ്ഥാന്‍, നെതര്‍ലാന്‍ഡ്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും കുറവല്ലാത്ത യാത്രക്കാരുണ്ട്. മേഖലയില്‍നിന്ന് സഊദി, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാര്‍.

ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വിജയകരമായ മുന്നേറ്റം നടത്താന്‍ സഹായിച്ച ഒന്നാണ് ഡി എസ് എഫെന്ന് അല്‍ ഫുതൈം ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ്, ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ക്ലെവര്‍ പറഞ്ഞു. സന്ദര്‍ശകരുടെ എണ്ണം 10 ശതമാനം വര്‍ധിച്ചു. എല്ലാ ദിവസവും രാത്രി നടക്കുന്ന പ്രദര്‍ശനം കാണാന്‍ ദിനംപ്രതി സന്ദര്‍ശകര്‍ ഏറി വരികയാണ്. സന്ദര്‍ശകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഗ്രാന്‍ഡ് പ്രൈസായി ജീപ്പ് ചെറോക്കി നല്‍കും. ഓരോ ആഴ്ചയും ഐ ഫോണ്‍ എക്‌സും സമ്മാനിക്കുന്നുണ്ട്.

ഓണ്‍ലൈനിലൂടെ മുന്‍കൂട്ടി ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ദുബൈ ഡ്യൂട്ടി ഫ്രീ അഞ്ച് ശതമാനം കിഴിവ് നല്‍കുന്നുണ്ട്. സ്വര്‍ണ വിപണിയിലും നല്ല തിരക്കുണ്ടെന്ന് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓരോ ദിവസവും സ്വര്‍ണ നറുക്കെടുപ്പും ഉണ്ട്. ഇതുവരെയുള്ളനറുക്കെടുപ്പില്‍ കൂടുതല്‍ വിജയികളായത് ഇന്ത്യക്കാരാണ്.