Connect with us

Gulf

ദേശീയ ഗെയിംസുകളില്‍ കേരളത്തിനു വേണ്ടി ബൂട്ടണിഞ്ഞ താരം തൊഴില്‍ തേടി യു എ ഇയില്‍

Published

|

Last Updated

അഫ്‌സല്‍

ദേശീയ സ്‌കൂള്‍ ഗെയിംസുകളില്‍ കേരളത്തിനു വേണ്ടി രണ്ട് തവണ ബൂട്ടണിഞ്ഞ മലയാളി യുവ ഫുട്‌ബോള്‍ താരം ഉപജീവന മാര്‍ഗം തേടി പ്രവാസഭൂമിയിലെത്തി. നീലേശ്വരം ബങ്കളത്തെ എന്‍ കെ അഫ്‌സലാണ് തൊഴില്‍ തേടി യു എ ഇയിലെത്തിയത്. 2013ല്‍ ത്രിപുരയിലെ അര്‍ഗത്തലയിലും 2015ല്‍ ജമ്മുകാശ്മീരിലെ ശ്രീനഗറിലും നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസുകളിലാണ് കേരളത്തിനു വേണ്ടി 20കാരനായ അഫ്‌സല്‍ ജഴ്‌സിയണിഞ്ഞത്. അഗര്‍ത്തലയില്‍ നടന്ന 59-ാമത് ഗെയിംസിലെ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഈ യുവാവ് ശ്രീനഗറില്‍ അരങ്ങേറിയ 61-ാമത് ഗെയിംസില്‍ സ്റ്റോപ്പര്‍ ബേക്കായിരുന്നു.

കാസര്‍കോട്, തിരുവനന്തപുരം ജില്ലാ ഫുട്‌ബോള്‍ ടീമുകളുടെ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ജി വി രാജ സ്‌കൂളില്‍ പഠിക്കുന്നതിനിടെയാണ് ദേശീയ മത്സരങ്ങളില്‍ കേരളത്തെ നയിക്കാനുള്ള അവസരം അഫ്‌സലിന് ലഭിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ കാല്‍പന്തുകളിയില്‍ കമ്പക്കാരനായിരുന്നു. സ്‌കൂള്‍തലങ്ങളില്‍ നിന്ന് നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജി വി രാജയില്‍ പ്രവേശനം ലഭിച്ചത്. മികച്ച പരിശീലനം ലഭിച്ചതോടെ കാല്‍പന്തുകളിയില്‍ ഉന്നതങ്ങളിലെത്തുകയായിരുന്നു. അഫ്‌സല്‍ പ്രതിനിധീകരിച്ച മത്സരങ്ങളില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചു.

പത്താംതരം പൂര്‍ത്തിയാക്കിയതോടെ തുടര്‍പഠനത്തിനായി തൃക്കരിപ്പൂര്‍ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്ന് പഠനം തുടരുന്നതിനിടെ ആകസ്മികമായുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ അഫ്‌സലിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഭേദമായതോടെ പയ്യന്നൂര്‍ ഗവ. കോളജില്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി കോളജ് അധികൃതര്‍ നിയോഗിച്ചുവെങ്കിലും തുടരാനായില്ല. ഇതിനിടെ നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് ഫുട്‌ബോള്‍ പ്രേമികളുടെ മനം കവര്‍ന്നു.

സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടതോടെ ഫുട്‌ബോള്‍ കളി ഉപേക്ഷിച്ചു നിത്യവേല ചെയ്തു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തി. കുടുംബത്തിന്റെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നതോടെ അഫ്‌സലും നിറമുള്ള സ്വപ്‌നങ്ങളുമായി വിമാനം കയറുകയായിരുന്നു. പ്രവാസികള്‍ക്കു വേണ്ടി ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അഫ്‌സലിന് ആഗ്രഹമുണ്ട്. മികച്ച പരിശീലനം ലഭിക്കുകയാണെങ്കില്‍ ഫുട്‌ബോളില്‍ പ്രവാസി കുട്ടികള്‍ക്ക് പ്രത്യേകിച്ച് മലയാളി കുരുന്നുകള്‍ക്ക് മികച്ച ഭാവിയുണ്ടെന്നും അഫ്‌സല്‍ പറയുന്നു. ഫുട്‌ബോളിന് പുറമെ അത്‌ലറ്റിക്‌സിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ബങ്കാളത്തെ അന്ത്രുമായി-ആസ്യ ദമ്പതികളുടെ മകനാണ്. അസ്രു, ആരിഫ്, അഷ്‌കര്‍ സഹോദരങ്ങളാണ്. വിവരങ്ങള്‍ക്ക് 050- 2090776.