Connect with us

Socialist

ഐക്യം അത്രമേല്‍ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ട് അല്ലെ...?

Published

|

Last Updated

അവിഭക്ത സമസ്തയുടെ കാലം തൊട്ടേ, സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച സ്ഥാപനമാണ് പട്ടിക്കാട് ജാമിഅ നൂരിയ. സുന്നികളോട് ലീഗിനുള്ള സമീപനം അവര്‍ കൃത്യമായും കണിശമായും ആവിഷ്‌കരിച്ചിരുന്നത് ജാമിയ നൂരിയയുടെ വേദികളിലൂടെ ആയിരുന്നു. അവിടുത്തെ ബിരുദ ദാന സമ്മേളനങ്ങള്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ വെച്ച് സുന്നികളോടുള്ള കലിപ്പ് തീര്‍ക്കുന്നതുമൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. സനദ് വാങ്ങാന്‍ ആഹ്ലാദത്തോടെ മുന്നിലിരുന്ന പണ്ഡിതന്മാരെ ചൂണ്ടി പണ്ഡിതന്മാര്‍ വേദം ചുമക്കുന്ന കഴുതകളാകരുതെന്ന് എന്ന് സി എച്ച് മുഹമ്മദ് കോയക്കൊക്കെ പണ്ട് ആക്ഷേപിക്കാന്‍ കഴിഞ്ഞത് അങ്ങിനെയൊരു തിണ്ണബലത്തില്‍ ആയിരുന്നല്ലോ. സുന്നി സമ്മേളനത്തിനു വന്നു രാഷ്ട്രീയക്കാരുടെ പ്രസംഗം കേട്ടു തിരിച്ചുപോരേണ്ട ഗതികേട് ഒരു കാലത്ത് സുന്നികള്‍ ഏറെ അനുഭവിച്ചത് പട്ടിക്കാട്ടെ ബിരുദ ദാന സമ്മേളന ദിവസങ്ങളില്‍ ആയിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ ഫൈസി ബിരുദം വാങ്ങിയ ഒരു സുഹൃത്തിന്റെ പിതാവ്, സനദ് ദാന സമ്മേളനത്തിന്റെ പിറ്റേ ദിവസത്തെ ചന്ദ്രിക പത്രം കണ്ടു പൊട്ടിക്കരഞ്ഞ അനുഭവം ഇപ്പോഴും പറയാറുണ്ട്. ലീഗ് നേതാക്കളുടെ പേരും പ്രസ്താവനകളും ഫോട്ടോകളും എല്ലാം കഴിഞ്ഞു വാര്‍ത്തയുടെ അവസാന ഭാഗമായി ചേര്‍ക്കുന്ന അപ്രധാനമായ ഒരു വാക്ക്യം മാത്രമായിരുന്നു അന്നു ചന്ദ്രികക്ക് ശംസുല്‍ ഉലമ

ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസംഗം. വാര്‍ത്തയില്‍ ഉസ്താദിനെ കൊച്ചാക്കിയതു കണ്ടാണ് ആ ശിഷ്യന്‍ അന്നു കരഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം ലീഗിലെ ആദ്യ പിളര്‍പ്പിന്റെ കാലത്ത് ശംസുല്‍ ഉലമയെ പോലൊരു പണ്ഡിതനെ ജാമിഅ പോലുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് പുകച്ച് ചാടിക്കാന്‍ പോലും യൂനിയന്‍ ലീഗ് നേതാക്കള്‍ക്കു കഴിഞ്ഞിരുന്നു എന്നാലോചിക്കുമ്പോള്‍, കഴിഞ്ഞ ദിവസത്തെ ജാമിഅ സമ്മേളനത്തിലെ ലീഗ് നേതാക്കളുടെ പ്രസംഗത്തിലൊന്നും ചരിത്ര ബോധമുള്ളവര്‍ക്ക് യാതൊരു അതിശയവും തോന്നേണ്ടതില്ല.

ലീഗിന്റെ പിടിയില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്ന ഇ കെ വിഭാഗത്തിലെ ആത്മവിശ്വാസവും അസ്ഥിത്വവും ഉള്ള പണ്ഡിതന്മാരെ വെല്ലുവിളിച്ചുകൊണ്ടുള്ള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രസംഗം കേട്ടില്ലേ. അനുസരണക്കേടിനെക്കുറിച്ചും കൂട്ടായ്മക്ക് പോറലേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമൊക്കെ സാഹിബ് ഇപ്പോള്‍ പറയുന്നതിന്റെ മുന എങ്ങോട്ടാണെന്ന് ഈ ഘട്ടത്തില്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.
സുന്നികള്‍ക്കിടയില്‍ സംജാതമായ മാനസികമായ ഐക്യം സാഹിബിനെയും ലീഗിലെ സലഫീ ഗ്യാംഗിനെയും എത്രമേല്‍ പേടിപ്പെടുത്തുന്നുണ്ട് എന്ന കാര്യം കൂടി വ്യക്തമാക്കുന്നതാണ് സുന്നികള്‍ക്കെതിരെ മുനയും ധ്വനിയും വെച്ചുള്ള പ്രസംഗം. സമസ്തയുടെ അസ്ഥിത്വത്തെ ഓര്‍മ്മപ്പെടുത്തികൊണ്ടുള്ള ജിഫ്‌രി തങ്ങളുടെ പരാമര്‍ശം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നു സാരം. ഐക്യത്തെക്കുറിച്ച് മഹാന്മാരായ പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മാന്യമായ നിലക്കുള്ള ഐക്യത്തോടു പൂര്‍ണമായും സഹകരിക്കുമെന്നുമൊക്കെ തങ്ങള്‍ പറഞ്ഞതിലുള്ള നിരാശയും കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിച്ചിരിക്കണം.

ഏതായാലും ഇതൊക്കെ മനസ്സിലാക്കിയുതുകൊണ്ടുകൂടിയാണല്ലോ ഇ കെ വിഭാഗത്തിലെ പണ്ഡിതന്മര്‍ ലീഗിനോട് ചില മറുചോദ്യങ്ങളൊക്കെ ചോദിക്കാന്‍ തുടങ്ങിയത്. പഴയകിയ കൗശലങ്ങളൊക്കെ എപ്പോഴേ അപ്‌ഡേറ്റ് ചെയ്യാനായിരിക്കുന്നു എന്ന് എല്ലാ തന്ത്രജ്ഞമാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ പുറത്താക്കി സമസ്തക്കെതിരെ കരുക്കള്‍ നീക്കിയ പഴയ ശൗര്യമൊന്നും സാഹിബിന്റെ പാര്‍ട്ടിക്ക് ഏതായാലും ഇന്നില്ലല്ലോ.

Latest