Connect with us

International

കാബൂള്‍ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ

Published

|

Last Updated

ജനീവ: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ആംഢബര ഹോട്ടലില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. ആക്രമണം അപലപനീയമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. നേരത്തെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ആക്രമണത്തെ അപലപിച്ചിരുന്നു.

ഞായറാഴ്ച കാബൂളിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ പതിനാല് വിദേശികളുള്‍പ്പെടെ 18 പേരാണ് കൊല്ലപ്പെട്ടത്. 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനും കഠിന രക്ഷാപ്രവര്‍ത്തനത്തിനും ശേഷം ഹോട്ടലില്‍ നിന്ന് 41 വിദേശികളടക്കം 153 പേരെ രക്ഷപ്പെടുത്തി. തോക്കുധാരികളായ അക്രമികള്‍ ഹോട്ടലിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരെയും അതിഥികളെയും വെടിവെക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു. അഞ്ച് പേരാണ് ആക്രമണം നടത്തിയതെന്നും അഫ്ഗാനിലെ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമാണ് ആക്രമണത്തിന് കാരണമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഹോട്ടലിലെ പ്രധാനപ്പെട്ട നിലയിലേക്കാണ് അക്രമികള്‍ അതിക്രമിച്ചു കടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. സൈനിക വേഷത്തിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഹെലിക്കോപ്റ്ററില്‍ എത്തിയാണ് സൈന്യം ഹോട്ടലിന്റെ അകത്തേക്ക് കടന്നത്.

Latest