Connect with us

National

അയോഗ്യരാക്കിയ നടപടിക്കെതിരെ ആം ആദ്മി എംഎല്‍എമാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ തങ്ങളെ അയോഗ്യരാക്കിയ നടപടിക്കെതിരെ ആറ് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ നല്‍കിയതെന്നും എംഎല്‍എമാര്‍ പ്രതിഫലം കൈപ്പറ്റാതെയാണ് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം വഹിച്ചതെന്നും ചൂണ്ടിക്കാണിക്കുന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും.പാര്‍ലമെന്ററി സെക്രട്ടറി പദവി നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടി നേരിട്ടാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഇരുപത് എം എല്‍ എമാരെ അയോഗ്യരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശക്ക് രാഷ്ട്രപതി ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് ഉള്‍പ്പെടെയുള്ളവരെയാണ് അയോഗ്യരാക്കിയത്.
ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 21 എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ പിന്നീട് രാജിവെച്ച് പഞ്ചാബില്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഭരണഘടന പ്രകാരം പാര്‍ലിമെന്റിലെയോ നിയമസഭയിലെയോ അംഗങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിഫലം ലഭിക്കുന്ന പദവികള്‍ വഹിക്കുകയോ അതിന്റെ ഭാഗമായുള്ള മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന് രാഷ്ട്രപതിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.
എം എല്‍ എമാരെ അയോഗ്യരാക്കിയതോടെ ഡല്‍ഹിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ അയോഗ്യരാക്കിയ നടപടി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കില്ലെങ്കിലും ഉപതിരഞ്ഞെടുപ്പ് ഫലം എ എ പിക്കും അരവിന്ദ് കെജ്‌രിവാളിനും ഒരുപോലെ നിര്‍ണായകമാകും. എഴുപതംഗ നിയമസഭയില്‍ 66 പേരുടെ പിന്തുണയാണ് എ എ പിക്കുള്ളത്. കേവല ഭൂരിപക്ഷത്തിന് 36 പേരുടെ പിന്തുണയാണ് വേണ്ടത്.