Connect with us

National

സിദ്ധരാമയ്യ സുരക്ഷിത മണ്ഡലം തേടുന്നു

Published

|

Last Updated

ബെംഗളൂരു: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം തേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സീറ്റിംഗ് സീറ്റായ വരുണ മണ്ഡലം വിട്ട് ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടെയും സുരക്ഷിതമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മണ്ഡലം മാറാന്‍ ആലോചിക്കുന്നത്.

കോപ്പാല്‍, ബഡാമി, ബഗാള്‍കോട്ട് എന്നീ മണ്ഡലങ്ങളിലൊന്നില്‍ നിന്നായിരിക്കും മത്സരിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഉത്തര കര്‍ണാടകയിലെ മണ്ഡലങ്ങളാണിവ. ചാമുണ്ഡേശ്വരിയില്‍ എതിര്‍ചേരികള്‍ ശക്തി പ്രാപിച്ചതാണ് സിദ്ധരാമയ്യയെ ആശങ്കയിലാക്കുന്നത്. നിരവധി ശക്തരായ നേതാക്കള്‍ സിറ്റിംഗ് മണ്ഡലത്തില്‍ വളര്‍ന്നു വന്നിട്ടുണ്ട്. ഇവിടെ സിദ്ധരാമയ്യ മത്സരിച്ചാല്‍ വിജയിക്കില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ജനതാദള്‍ എസിലെ ജി ടി ദേവദൗഡ, ബി ജെ പിയിലെ വി ശ്രീനിവാസ് പ്രസാദ് എന്നിവരാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്. ജനതാദള്‍ എസിലെ മുന്‍ എം പി. എ എച്ച് വിശ്വനാഥും സിദ്ധരാമയ്യക്കെതിരെ രംഗത്തുണ്ട്. ചാമുണ്ഡേശ്വരിയില്‍ മത്സരിച്ചാല്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്തുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചാമുണ്ഡേശ്വരി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ബഡാമി, കൊപ്പാല്‍, ഭാഗല്‍കോട്ട് എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ അണികളില്‍ സമ്മര്‍ദം ശക്തമായിട്ടുണ്ടെങ്കിലും സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സിദ്ധരാമയ്യയുടെ സമുദായമായ കുറുംബര്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളാണ് ഇവ. നിലവില്‍ ഇവിടത്തെ മൂന്ന് സിറ്റിംഗ് എം എല്‍ എമാരും കുറുംബ സമുദായക്കാരാണ്. ഇവക്ക് പുറമെ കുറുംബ സമുദായത്തിന് ഭൂരിപക്ഷമുള്ള ബെംഗളൂരു സിറ്റിയിലെ ഹെബ്ബാള്‍, ഗോവിന്ദരാജ് നഗര്‍ എന്നീ മണ്ഡലങ്ങളും മുഖ്യമന്ത്രിക്ക് കണ്ട് വെച്ചിട്ടുണ്ട്. അതിനിടെ, വരുണ മണ്ഡലം സുരക്ഷിതമാണെന്നും ഇവിടെ നിന്ന് തന്നെയായിരിക്കും മത്സരിക്കുകയെന്നന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Latest