‘ഷട്ട് ഡൗണ്‍’ തുടുരുന്നു; നിലപാടിലുറച്ച് ജനപ്രതിനിധികള്‍; ചര്‍ച്ചക്കില്ലെന്ന് ട്രംപ്

Posted on: January 22, 2018 9:15 am | Last updated: January 22, 2018 at 9:48 am
SHARE

വാഷിംഗ്ടണ്‍: ധനബില്‍ പാസാകാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തുടുരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണം രണ്ടാം വര്‍ഷത്തിലേക്ക് കാലെടുത്ത് വെച്ചത് ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലേക്കാണ്. കുടിയേറ്റക്കാരുമായുള്ള നിലപാടില്‍ മാറ്റമില്ലെന്ന് ട്രംപും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പ്രതിനിധികളും വ്യക്തമാക്കിയതോടെ കോണ്‍ഗ്രസിലെ ബില്‍ ചര്‍ച്ച പരാജയപ്പെട്ടു.
രാജ്യത്തെ ഏഴ് ലക്ഷത്തോളം വരുന്ന കുടിയേറ്റക്കാരായ യുവാക്കളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ സംരക്ഷിക്കാന്‍ ബജറ്റില്‍ പ്രത്യേക ഫണ്ട് മാറ്റിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ വ്യക്തമാക്കി.

ഡെമോക്രാറ്റിക്കുകള്‍ സര്‍ക്കാറിനെ പുനരാരംഭിച്ച് ‘കളി’ നിര്‍ത്തുന്നത് വരെ കുടിയേറ്റ നിലപാടില്‍ പ്രസിഡന്റ് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.
എന്നാല്‍, നിരന്തരം നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെയാണ് ചര്‍ച്ച നടത്തുകയെന്ന് ട്രംപിനെ ഉദ്ധരിച്ച് ഡെമോക്രാറ്റിക് നേതാവ് ചക് സ്‌കുമ്മര്‍ തിരിച്ചടിച്ചു. ബില്‍ പാസാക്കാത്ത സാഹചര്യത്തില്‍ ജോലിയെടുക്കില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യക്തമാക്കി. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിലും പ്രതിനിധി സഭയിലും പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു.

അതിനിടെ, ട്രംപിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വനിതാ സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരവും ശക്തമായിരിക്കുകയാണ്. നാഷനല്‍ മാളില്‍ ട്രംപിനെതിരെ കൂറ്റന്‍ വനിതാ റാലിയും സംഘടിപ്പിക്കപ്പെട്ടു.