പാസ്‌പോര്‍ട്ടിന്റെ വര്‍ണം

Posted on: January 22, 2018 9:05 am | Last updated: January 22, 2018 at 9:05 am
SHARE

നോട്ട് നിരോധത്തിന് പിന്നാലെയുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു തുഗ്ലക്ക് പരിഷ്‌കാരമാണ് വിദ്യാസമ്പന്നരെയും അല്ലാത്തവരെയും പാസ്‌പോര്‍ട്ടിന്റെ നിറവ്യത്യാസത്തിലൂടെ വേര്‍തിരിക്കാനുള്ള തീരുമാനം. വിദേശത്ത് ജോലി അന്വേഷിച്ചു പോകുന്നവരില്‍ എമിഗ്രേഷന്‍ ആവശ്യമില്ലാത്ത വിദ്യാസമ്പന്നരുടെ പാസ്‌പോര്‍ട്ടിന്റെ പുറം ചട്ട നീല നിറത്തിലും എമിഗ്രേഷന്‍ ആവശ്യമുള്ള അവിദഗ്ധരും സാധാരണക്കാരുമായ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കാവി നിറത്തിലുമായിരിക്കും ഇനി തയാറാക്കുകയെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമല്ലാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും കടും നീല നിറത്തില്‍ പുറം ചട്ടയുള്ള പാസ്‌പോര്‍ട്ടായിരുന്നു നല്‍കിയിരുന്നത്.

എമിഗ്രേഷന്‍ പരിശോധന കൂടുതല്‍ സുഗമമാക്കാനാണ് കാവിവത്കരണത്തിന് പറയുന്ന ന്യായീകരണമെങ്കിലും പത്താം തരം പാസാകാത്ത തൊഴിലാളികളെ വിദേശ രാജ്യങ്ങളില്‍ രണ്ടാം തരക്കാരായി പരിഗണിക്കപ്പെടാന്‍ ഇതിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ് എസ് എല്‍ സി ഇല്ലാത്തവരെയും ഉള്ളവരെയും ഉയര്‍ന്ന വിദ്യാസമ്പന്നരെയുമെല്ലാം ഇന്ത്യക്കാര്‍ എന്ന നിലയില്‍ സാമാന്യമായാണ് ഇതുവരെ വിദേശങ്ങളില്‍ കണ്ടുവന്നിരുന്നതെങ്കില്‍ ഇനി മുതല്‍ താഴ്ന്ന ഇന്ത്യക്കാര്‍, ഉയര്‍ന്ന ഇന്ത്യക്കാര്‍ എന്നിങ്ങനെ രണ്ട് കണ്ണോടെയായിരിക്കും വീക്ഷിക്കപ്പെടുക.

പ്രവാസി ഇന്ത്യക്കാരുടെ എണ്ണം രണ്ടര കോടിയോളം വരുമെന്നാണ് കണക്ക്. ഇതില്‍ നല്ലൊരു ഭാഗവും സാധാരണക്കാരും എസ് എസ് എല്‍ സി പാസാകാത്തവരുമാണ്. പാസ്‌പോര്‍ട്ട് വേര്‍തിരിക്കുന്നതോടെ തികഞ്ഞ അപകര്‍ഷ ബോധത്തോടെ വേണം അവര്‍ ജീവിക്കാന്‍. അപമാനത്തിന് പുറമെ തൊഴില്‍ ലഭ്യതക്കും വിഘാതമാകും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ പല വിധ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും വിധേയമാകാറുണ്ട്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പൊതുവെ പരുഷമായാണ് ഇവരോട് പെരുമാറുന്നത്. പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റി സര്‍ക്കാറും വേര്‍തിരിക്കുന്നതോടെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ ഇവരോടുള്ള പെരുമാറ്റം കൂടുതല്‍ പരുഷമാകും. നാട്ടിലെ രൂക്ഷമായ തൊഴില്‍ രാഹത്യം കാരണം വിദേശത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണ് ഈ പരിഷ്‌കരണം.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകരാതെ താങ്ങിനിര്‍ത്തുന്നത് പ്രവാസികളാണ്. പ്രവാസികള്‍ പ്രത്യേകിച്ചും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സാധാരണക്കാരായ ഇന്ത്യക്കാര്‍ അയക്കുന്ന സമ്പാദ്യമാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ ഫണ്ടിന് ആശ്രയിക്കുന്നതും മുഖ്യമായും പ്രവാസികളെയാണ്. സംഭാവന സ്വീകരിക്കുന്നതില്‍ അവര്‍ക്ക് വിദ്യാസമ്പന്നരെന്നോ അല്ലാത്തവരെന്നോ വേര്‍തിരിവില്ല. പിന്നെ എന്തിനാണ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റി സാധാരണ പ്രവാസികളെ അപമാനിക്കുന്നത്? നിലവിലെ പാസ്‌പോര്‍ട്ടിന് യാതൊരു പ്രശ്‌നവും ഇല്ലെന്നിരിക്കെ എന്തിനാണ് ഈ വിവേചനം? പൗരന്മാരില്‍ വലിയൊരു വിഭാഗത്തിന് പത്താം ക്ലാസ് വിദ്യാഭ്യാസം പോലും ലഭിക്കാതെ പോയതിന് ഉത്തരവാദികള്‍ അവര്‍ മാത്രമല്ല. മാറി മാറി രാജ്യം ഭരിച്ച സര്‍ക്കാറുകളാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം പോലും പരിമിതമാണ് ഇന്നും. സാര്‍വത്രികമായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും രാജ്യത്തെ എല്ലാ പൗരന്മാരും എസ് എസ് എല്‍ സിയോ പ്ല്‌സ് ടു യോഗ്യതയോ കൈവരിച്ചുവെന്ന് ഉറപ്പ് വരുത്തുകയുമാണ് സര്‍ക്കാര്‍ ആദ്യമായി ചെയ്യേണ്ടത്. എന്നിട്ടാകാം പാസ്‌പോര്‍ട്ടില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നത്.
പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് ഉടമയുടെ അഡ്രസും മാതാപിതാക്കളുടെയും ജീവിത പങ്കാളികളുടെയും പേരുകളും മറ്റും ഉള്‍ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും പ്രവാസികളെ ദോഷകരമായി ബാധിക്കും. അവസാന പേജിലെ ഈ വിവരങ്ങളാണ് വിദേശത്തും സ്വദേശത്തും പ്രവാസികളുടെ ഔദ്യോഗിക രേഖയായി കണക്കാക്കുന്നത്. നോര്‍ക്കയില്‍ അംഗത്വമെടുക്കണമെങ്കില്‍ പോലും പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് അനിവാര്യമാണ്. പ്രവാസികള്‍ മരണപ്പെടുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ പാസ്‌പോര്‍ട്ടിലെ അഡ്രസ് നോക്കിയാണ് സ്‌പോണ്‍സറും നയതന്ത്ര കാര്യാലയവും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം ബന്ധുക്കളെ കണ്ടെത്താറ്. വിസ തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങിയും മറ്റും വിദേശത്ത് ദുരിതത്തില്‍ പെടുന്നവരുടെ നാടും വീടും തിരിച്ചറിഞ്ഞു സഹായമെത്തിക്കാനും ഈ വിവരങ്ങള്‍ സഹായകമാണ്. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സാധാരണ ഗതിയില്‍ ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പാക്കാറുള്ളത്. പാസ്‌പോര്‍ട്ട് പരിഷ്‌കാരമാകുമ്പോള്‍ പ്രവാസികളുമായി കൂടിയാലോചന ആവശ്യമായിരുന്നു. അത്തരം കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നിട്ടില്ല. വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് പരിഷ്‌കരണമെന്നാണ് പറയുന്നത്. എന്നാല്‍, ഇതിന്റെ നേട്ടമെന്തെന്ന് വ്യക്തമായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കാകുന്നുമില്ല. പരിഷ്‌കരണത്തിനെതിരെ പ്രവാസ ലോകത്ത് നിന്ന് വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്തു അത് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരിക്കുന്നു.