പ്രത്യയശാസ്ത്ര ദാര്‍ഢ്യമോ രാജ്യം ആവശ്യപ്പെടുന്നതോ?

യെച്ചൂരി മുന്നോട്ടുവെച്ച വാദം തള്ളിക്കൊണ്ട്, കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശിക്കുന്ന പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചത്. ഇത് മൂലം ആകെയുണ്ടാകുന്ന വലിയ നഷ്ടം, ബി ജെ പിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകില്ല എന്നതാണ്. അതുപക്ഷേ ചെറിയ നഷ്ടമല്ല. ഒറ്റക്കെട്ടായി തങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത പ്രതിപക്ഷമാണ് രാജ്യത്തുള്ളത് എന്നും ആകയാല്‍ തങ്ങള്‍ മാത്രമാണ് രാജ്യത്തിന് സ്വീകരിക്കാവുന്ന ഏക രാഷ്ട്രീയവഴിയെന്നും പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന് അവസരമുണ്ടാകും. പ്രചാരണരംഗത്ത്, അവര്‍ക്കുള്ള മികവ് കണക്കിലെടുക്കുമ്പോള്‍ അവരത് മുതലെടുക്കാനുള്ള സാധ്യത ചെറുതല്ല.
Posted on: January 22, 2018 9:02 am | Last updated: January 22, 2018 at 9:02 am

യുദ്ധത്തിന്റെ ആദ്യഘട്ടം ആശയതലത്തിലാണ്. ആയുധമെടുത്തുള്ള യുദ്ധത്തിന്, തയ്യാറെടുക്കണമെങ്കില്‍ ആശയതലത്തിലെ വ്യക്തത അനിവാര്യമാണ്. ആശയതലത്തില്‍ വ്യക്തതയില്ലാതെ യുദ്ധഭൂമിയിലേക്ക് നീങ്ങുന്ന സൈനികര്‍, അധികം വൈകാതെ ആശയക്കുഴപ്പത്തില്‍ അകപ്പെടുമെന്നാണ് യുദ്ധ തന്ത്രങ്ങളില്‍ വിദഗ്ധരായവരുടെ പക്ഷം. ശത്രുവിനെ നിശ്ചയിക്കുന്നതില്‍, അവരുടെ കരുത്ത് വിലയിരുത്തുന്നതില്‍, ആ കരുത്ത് ആര്‍ജിക്കുന്നതില്‍ അവരെ സഹായിക്കുന്ന ദര്‍ശനങ്ങളും പരിപാടികളും കണ്ടെത്തുന്നതില്‍, പോരില്‍ ഒപ്പം നിര്‍ത്തേണ്ട മിത്രങ്ങളെ തീരുമാനിക്കുന്നതില്‍, മിത്രങ്ങള്‍ മുറുകെപ്പിടിക്കുന്ന ദര്‍ശനങ്ങള്‍ ഭാവിയില്‍ ശത്രുവിന് മൂലധനമാകുമോ എന്ന് നിശ്ചയിക്കുന്നതില്‍ ഒക്കെ സൂക്ഷ്മത വേണം യുദ്ധം ജയിക്കുന്നതിന്. കൈവരിച്ച വിജയം, സ്ഥായിയായി നിലനില്‍ക്കണമെങ്കിലും ഒപ്പം നില്‍ക്കുന്നവരുടെ വിശ്വാസ്യത പ്രധാനാണ്. ആശയവൈരുദ്ധ്യമില്ലെന്ന ഉറപ്പുമുണ്ടാകണം.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ബി ജെ പി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കാവിപ്പടയുടെ അധികാരത്തിന്‍ കീഴില്‍ അമരുകയും ചെയ്ത രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട യുദ്ധതന്ത്രം നിശ്ചയിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) മാസങ്ങള്‍ ചെലവിട്ടത് ഇത്തരുണത്തില്‍ അത്ര ചെറിയ കാര്യമല്ല. ശത്രു, ബി ജെ പിയും ഏകാധിപത്യ പ്രവണത കാട്ടുന്ന അതിന്റെ പരമോന്നത നേതാവുമാണെന്നതില്‍ സംശയമില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുമായും ചേര്‍ന്ന് അവര്‍ക്കെതിരെ പ്രചാരണം നടത്താം. പക്ഷേ നേരിട്ടുള്ള യുദ്ധത്തില്‍ (ജനാധിപത്യത്തിലെ യുദ്ധം വോട്ടെടുപ്പാണ്) അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്നത്, ആശയവൈരുദ്ധ്യം മൂലം ആശയക്കുഴപ്പത്തിന് കാരണമാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം. അതിനെ മുന്‍നിര്‍ത്തിയാല്‍, ഇന്ത്യന്‍ യൂണിയനിലെ ഒരു പാര്‍ട്ടിയുമായും സഖ്യം പറ്റില്ല. വര്‍ഗ വൈരുധ്യത്തില്‍ അധിഷ്ഠിതമല്ലെങ്കിലും ആഭ്യന്തര – കുത്തക മൂലധനത്തിന്റെ കുത്തൊഴുക്കിനെ നിരുത്സാഹപ്പെടുത്തണമെന്നും സമത്വത്തില്‍ ഊന്നുന്ന സാമൂഹിക ക്രമം നിലവില്‍വരണമെന്നും ആഗ്രഹിക്കുന്ന പാര്‍ട്ടികളുമായി വിശാലമായ രാഷ്ട്രീയ ഐക്യത്തിന് സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തിക ഉദാരവത്കരണത്തെയും അതിരുകളില്ലാത്ത കമ്പോളത്തെയും അതില്‍ അധിഷ്ഠിതമായ മൂലധന ഒഴുക്കിനെയും പിന്തുണയ്ക്കുന്ന, അത്തരമൊരു അവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മുന്‍കൈ എടുത്ത കോണ്‍ഗ്രസുമായോ? ഏത് ഭീഷണമായ സാഹചര്യത്തിലും അവരുമായുള്ള സഖ്യം പാടില്ലെന്നും അത് നിലവില്‍, രാഷ്ട്രീയമായി ഒപ്പം നില്‍ക്കുന്ന വിഭാഗങ്ങളെ അകറ്റാനേ ഉപകരിക്കൂ എന്നുമാണ് ഒരു വാദം. സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന, ഭരണ സംവിധാനമുപയോഗിച്ച് ബി ജെ പിയും അതിന്റെ തണലില്‍ പരിവാര സംഘടനകള്‍ നിയമ ബാഹ്യമായും നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടകളോട് പോരടിക്കുമ്പോള്‍, സാമ്പത്തിക നയങ്ങളെ അത്രത്തോളം പരിഗണിക്കേണ്ടെന്നാണ് മറ്റൊരു വാദം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച ഈ വാദത്തെ തള്ളിക്കൊണ്ട്, കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശിക്കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെക്കുന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിക്കാനാണ് കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം തള്ളിക്കളയാന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് സാധിക്കും. പക്ഷേ, അതിനുള്ള സാധ്യത, ഇപ്പോഴത്തെ സാഹചര്യത്തില്‍ തുലോം വിരളമാണ്.
വര്‍ഗ വൈരുധ്യത്തില്‍ നിന്ന് ശ്രദ്ധതിരിച്ച്, അവകാശബോധത്തില്‍ നിന്ന് തൊഴിലാളികളെ അകറ്റി, സംഘടിതമായ വിലപേശലിനുള്ള സാഹചര്യം ഇല്ലാതാക്കി മൂലധനശക്തികള്‍ക്ക് ഇഷ്ടം പോലെ വിഹരിക്കാനുള്ള അവസരമൊരുക്കുകയാണ് സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണ നയങ്ങളുമെന്നത് വസ്തുതയാണ്. അതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമെന്ന് കോണ്‍ഗ്രസും ബി ജെ പിയും കരുതുന്നുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഇരു പാര്‍ട്ടികളും അവയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാറുകളും ഒരേപക്ഷത്തുനില്‍ക്കുന്നത്. 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായതു മുതല്‍ വേഗം കൂട്ടിയ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് അരാഷ്ട്രീയത വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം വേഗം കൂടിയ തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ അരാഷ്ട്രീയ സാഹചര്യം വലിയൊരളവില്‍ സഹായം ചെയ്തിട്ടുണ്ട്. ഇടത്തരക്കാരെയും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ഇടത്തരക്കാരെയുമാണ് അരാഷ്ട്രീയ സാഹചര്യം നിര്‍ണയകമായി സ്വാധീനിച്ചത്, അവരാണ് കമ്പോള സമ്പദ് വ്യവസ്ഥയുടെ സൗകര്യങ്ങളെ ആവോളം ആസ്വദിക്കാന്‍ തയ്യാറായതും. അവരില്‍ തന്നെയാണ് ബി ജെ പിയും ഹിന്ദുത്വ അജന്‍ഡകളും വലിയ സ്വാധീനം ഉറപ്പിച്ചത് എന്നത് വസ്തുതയാണ്. വോട്ടെടുപ്പില്‍ ബി ജെ പിക്ക് തുണയേകുന്നതില്‍ രാജ്യത്തെ നഗര മേഖലകള്‍ മുന്നില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. ആ നിലക്ക് സാമ്പത്തിക പരിഷ്‌കാരങ്ങളെയും കമ്പോള സമ്പദ് വ്യവസ്ഥയെയും അനുകൂലിക്കുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സംഘ പരിവാരത്തിന്റെയും അവരുടെ അജണ്ടകളുടെയും സ്ഥായീവത്കരണത്തിന് സഹായിക്കുമെന്നത് താത്വിക വിശകലനത്തില്‍ ശരിയാണ്.

പ്രായോഗതലത്തില്‍ അതങ്ങനെയാണോ എന്നതിലാണ് സംശയം. സാമ്പത്തിക പരിഷ്‌കരണത്തിന് വേഗം കൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അതിന്റെ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ശീലിക്കുകയോ ആസ്വദിച്ച് വളരുകയോ ചെയ്തവരാണ് രാജ്യ ജനസംഖ്യയിലെ ഭൂരിഭാഗവും. നിലനില്‍ക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക – രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, ഈ നയങ്ങളില്‍ നിന്നൊരു മടക്കം, സി പി എം ഒറ്റക്ക് അധികാരത്തിലെത്തിയാല്‍ േപ്പാലും അത്ര എളുപ്പത്തില്‍ സാധിക്കാവുന്നതല്ല. അപ്പോള്‍ പിന്നെ, ആ നയങ്ങളില്‍ സ്വീകരിക്കാവുന്നയെ സ്വീകരിച്ച്, സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് ബദല്‍ വളര്‍ത്തിയെടുക്കുക എന്നത് മാത്രമേ കരണീയമായുള്ളൂ. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ശേഷമുള്ള സാമൂഹിക സാഹചര്യം പഠിച്ച്, നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സി പി എം തന്നെ തീരുമാനിച്ചത് അതുകൊണ്ടാണ്. അങ്ങനെ ചിന്തിച്ച പാര്‍ട്ടി, സാമ്പത്തിക നയമെന്ന കുറ്റം മാത്രം ചുമത്തി, ബി ജെ പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനോട് അയിത്തം പ്രഖ്യാപിക്കുന്നത്, വി എസ്സിന്റെ വാക്കുകള്‍ കടമെടുത്താല്‍, അന്നാഹാരം കഴിക്കുന്നവര്‍ക്കൊക്കെ തിരിച്ചറിയുന്ന, രാജ്യത്തിന്റെ മൗലിക സ്വഭാവം തന്നെ അട്ടിമറിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിനാശകാരിയായ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ അത് മനസ്സിലാക്കുമ്പോള്‍ പോലും, സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ചിലര്‍ തീരുമാനിച്ചതുകൊണ്ടാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കാമെന്ന പ്രതീക്ഷ, മറ്റൊരു വിഭാഗത്തിന്റെ സ്വാര്‍ഥതയാണെന്ന് അംഗീകരിക്കുമ്പോള്‍ പോലും, ആ സ്വാര്‍ഥത, ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്ന, ഹിന്ദുത്വ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ സഹായകമായേക്കാമെന്ന അവസ്ഥയില്‍ കൂടുതല്‍ ന്യായീകരിക്കപ്പെടുന്നതാണ്.
കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളൊഴികെ മറ്റൊരിടത്തും ലോക്‌സഭയിലേക്ക് ഒറ്റ ക്ക് മത്സരിച്ച് ജയിക്കാന്‍ സി പി എമ്മിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. അതില്‍ തന്നെ പശ്ചിമ ബംഗാളില്‍ സ്ഥിതി തുലോം മോശവും. കോണ്‍ഗ്രസുമായൊരു സഖ്യമുണ്ടാക്കിയാല്‍ ബംഗാളിലെ കുറച്ച് സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ വെക്കാന്‍ സി പി എമ്മിന് സാധിക്കും. ത്രിപുരയില്‍ സംഘ്പരിവാരം നടത്തുന്ന തീവ്ര ശ്രമം കണക്കിലെടുത്താല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അവിടെയും അവര്‍ക്ക് ഗുണം ചെയ്‌തേക്കും. അത്തരമൊരു സാധ്യതയില്ലാത്ത ഇടം കേരളമാണ്. ഐക്യ – ഇടത് ജനാധിപത്യ മുന്നണികളുടെ പ്രതിനിധികള്‍ മാത്രമേ ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് പോകുകയുള്ളൂ. അതുറപ്പാക്കിയതില്‍ ബി ജെ പിയുടെ കേരള ഘടകത്തിനുള്ള പങ്ക് പ്രത്യേകം പരാമര്‍ശിക്കുന്നു.
ഈ മൂന്നിടത്തിന് പുറത്ത്, സി പി എമ്മിന് അല്‍പ്പമെങ്കിലും സ്വാധീനമുള്ള ഇടങ്ങളില്‍, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉദാഹരണം, വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണ്. സോഷ്യലിസ്റ്റുകളായി ഇപ്പോഴും അറിയപ്പെടുന്ന ജനതാദളങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നില്‍പ്പോലും ഒരു സീറ്റ് ചോദിച്ചുവാങ്ങാനുള്ള കരുത്ത് തത്കാലം ഈ പാര്‍ട്ടിക്കില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള സഖ്യം, രാജ്യത്തിന്റെ വിശാലമായ രാഷ്ട്രീയം കണക്കിലെടുത്ത് സ്വീകരിക്കുക എന്നതായിരുന്നു ഉചിതം. അതിന് അവര്‍ തയ്യാറാകാതിരിക്കുന്നത്, എന്തെങ്കിലും നഷ്ടം കോണ്‍ഗ്രസിനോ മറ്റ് മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് കക്ഷികള്‍ക്കോ ഉണ്ടാക്കാനില്ല.

ആകെയുണ്ടാകുന്ന വലിയ നഷ്ടം, ബി ജെ പിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകില്ല എന്നതാണ്. അതുപക്ഷേ ചെറിയ നഷ്ടമല്ല. ഒറ്റക്കെട്ടായി തങ്ങളെ ചെറുക്കാന്‍ പോലും ത്രാണിയില്ലാത്ത പ്രതിപക്ഷമാണ് രാജ്യത്തുള്ളത് എന്നും ആകയാല്‍ തങ്ങള്‍ മാത്രമാണ് രാജ്യത്തിന് സ്വീകരിക്കാവുന്ന ഏക രാഷ്ട്രീയവഴിയെന്നും പ്രചരിപ്പിക്കാന്‍ സംഘ്പരിവാരത്തിന് അവസരമുണ്ടാകും. പ്രചാരണരംഗത്ത്, അവര്‍ക്കുള്ള മികവ് കണക്കിലെടുക്കുമ്പോള്‍ അവരത് മുതലെടുക്കാനുള്ള സാധ്യത ചെറുതല്ല. ബി ജെ പിയെ മുഖ്യശത്രുവായി കാണുമ്പോള്‍ തന്നെ മിത്രങ്ങളായി കണക്കാക്കാവുന്ന പാര്‍ട്ടികളുടെ വിശ്വാസ്യത സി സി പി എം ചോദ്യം ചെയ്യുമ്പോള്‍, അവര്‍ തുറന്നിടുന്ന വാതില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൂടുതല്‍ തീവ്രമായ തുടര്‍ച്ചയിലേക്കാണ്.
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന് ഇപ്പോള്‍ വാശിപിടിക്കുന്ന പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് സാമ്പത്തിക പരിഷ്‌കരണത്തിലൂടെ തുറന്ന് കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവത്കരണത്തിന് പശ്ചിമ ബംഗാളിലെ സി പി എം സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘കിഫ്ബി’ എന്ന മാന്ത്രികവടി ഉപയോഗിച്ച് നിക്ഷേപം സമാഹരിക്കാന്‍ ശ്രമിക്കുന്നതും അതിനായി പൊതു ഉദ്ദേശ്യ കടപ്പത്രങ്ങളും മസാല കടപ്പത്രങ്ങളും (ഇന്ത്യന്‍ രൂപ നല്‍കി വാങ്ങാവുന്ന കടപ്പത്രം വിദേശത്ത് പുറത്തിറക്കുന്നത്) പുറത്തിറക്കാന്‍ യത്‌നിക്കുന്നതും ഇപ്പോള്‍ വീറോടെ എതിര്‍ക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രദാനം ചെയ്ത അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ആര് അധികാരത്തില്‍ വന്നാലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുടരേണ്ടി വരിക ഇതേ നയങ്ങളെയാണ്. എന്നിട്ടും അതിനെ എതിര്‍ക്കുന്നത്, ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്നതിനോളം പ്രധാനമാണെന്ന് പറഞ്ഞാല്‍, ദഹിക്കാന്‍ പ്രയാസം. സി പി എമ്മിന്റെ പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തേക്കാള്‍, രാഷ്ട്രീയ സത്യസന്ധതയേക്കാള്‍ രാജ്യം ആവശ്യപ്പെടുന്ന മറ്റുചിലതുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത്. ഇന്ത്യയിലെ രാഷ്ട്രീയ യാഥാര്‍ഥ്യം തിരിച്ചറിയാത്ത പാര്‍ട്ടിയെന്ന ലേബല്‍ ഇനിയെങ്കിലും മാറ്റണമെന്ന തോന്നല്‍ പടനായകനുണ്ട്. പക്ഷേ, സഹ സൈന്യാധിപര്‍ സമ്മതിക്കില്ല. അവര്‍ക്കീ പാര്‍ട്ടിയെ ‘ഒരു ചുക്കുമറിയാത്തവരുടെ പാര്‍ട്ടിയാക്കി’ സ്മാരകശിലയാക്കിയേ പറ്റൂ.