ഒരു കണക്കുണ്ട് തീര്‍ക്കാന്‍ ! കേരള ബ്ലാസ്റ്റേഴ്‌സ് – എഫ് സി ഗോവ ഇന്ന്‌

കൊച്ചി
Posted on: January 21, 2018 12:57 pm | Last updated: January 21, 2018 at 12:57 pm
SHARE

നാലാം സീസണിലെ ഏറ്റവും വലിയ തോല്‍വിയുടെ കണക്ക് തീര്‍ക്കണം, സ്വന്തം മൈതാനത്ത് ഗാലറിയില്‍നിറഞ്ഞുനില്‍ക്കുന്ന കാണികള്‍ക്ക് അവരര്‍ഹിക്കുന്ന ഒരു വിജയമൊരുക്കണം, സെമി പ്രതീക്ഷ നിലനിര്‍ത്തണം…
അതിനാല്‍ ഇന്ന് ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. ശക്തരായ ഗോവക്കെതിരെ മികച്ചൊരു പ്രകടനത്തോടെ വിജയവഴിയില്‍ തിരിച്ചെത്താനാണ് ഡേവിഡ് ജെയിംസിന്റേയും കുട്ടരുടേയും ശ്രമം.
കലൂര്‍ ജവഹര്‍ലാല നെഹ്രു സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിനാണ് കിക്കോഫ്.

സെമി കണി കാണാന്‍ ഒരേയൊരു വഴി…

സ്വന്തം മൈതാനത്ത് സമനിലപൂട്ടില്‍ കുരുങ്ങികിടക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിനെ നാലാം സീസണില്‍ പോയന്റ് പട്ടികയില്‍ പിന്നിലാക്കിയത്.

ഇനി മൂന്നുഹോം മല്‍സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ആറു ഹോം മല്‍സരങ്ങളില്‍ ഒന്നുമാത്രമാണ് കേരളത്തിന് ജയിക്കാനായത്. ഒരെണ്ണം തോറ്റപ്പോള്‍ നാലെണ്ണം സമനിലയായി. മ്യൂലന്‍സ്റ്റീനുപകരം ഡേവിഡ് ജെയിംസ് കോച്ചായി വന്നശേഷമാണ് ടീം വിജയവഴിയിലേക്ക് തിരിച്ചുവന്നതാണ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം.

പുതിയ കോച്ചിന് കീഴില്‍ നടന്ന ആദ്യ ഹോം മല്‍സരത്തില്‍ ശക്തരായ പൂനെയെ സമനിലയില്‍ പിടിച്ചുകെട്ടാന്‍ കേരളത്തിനായി. ഡല്‍ഹിയേയും മുംബൈയേയും അവരുടെ നാട്ടില്‍ ചെന്ന് തോല്‍പ്പിച്ച് ടീം പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും തുടര്‍ച്ചയായ മൂന്നാം എവ്വേ മല്‍സരത്തില്‍ കോപ്പലാശാന്റെ ജംഷഡ്പൂരിനോട് തോല്‍വി പിണഞ്ഞു.

ഡേവിഡ് ജെയിംസ് വന്നശേഷമുള്ള രണ്ടാമത്തെ ഹോം മാച്ചാണ് ഇന്ന് ഗോവക്കെതിരെയുള്ളത്.
പതിനൊന്നു കളിയില്‍ മൂന്നു ജയവും മൂന്നു തോല്‍വിയും അഞ്ചുസമനിലയുമായി 14 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഈ സീസണില്‍ കേരളത്തിന്റെ ഏഴാമത്തെ ഹോം മല്‍സരമാണ് ഇന്ന് ഗോവക്കെതിരെ നടക്കുന്നത്. അതിനാല്‍ ഇനി വിജയത്തില്‍ കുറഞ്ഞൊന്നുമില്ലാതെ ജിങ്കാനും കൂട്ടര്‍ക്കും തിരിച്ചുകയറാനാകില്ല.

പ്രതീക്ഷ ഹ്യൂമേട്ടനില്‍
പരുക്കിന്റെ പിടിയിലായതിനാല്‍ ഇന്നും സൂപ്പര്‍താരം ബെര്‍ബറ്റോവും മധ്യനിരയിലെ പ്രതീക്ഷയായ കിസിറ്റോയും ഗ്രൗണ്ടിലിറങ്ങാന്‍ സാധ്യതിയില്ല.

പഴയ ഫോമിലേക്ക് തിരികെ എത്തിയ ഇയാന്‍ഹ്യൂമിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും.
ഐ എസ് എല്ലിലെ ഗോളടി മെഷീനായ ഹ്യമിന് ഈ സീസണില്‍ ഇതുവരെ സ്വന്തം മൈതാനത്ത് അക്കൗണ്ടു തുറക്കാനായിട്ടില്ല.

ഗോവയില്‍ നിന്ന് അവരുടെ നാട്ടില്‍ വച്ച് നേരിട്ട 5-2 ന്റെ തോല്‍വിക്ക് ഹ്യൂമിലൂടെ മറുപടികൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഡല്‍ഹിക്കെതിരെ ഹാട്രിക്ക് നേടിയ ഹ്യം മുംബ്ബൈക്കെതിരെ വിജയഗോള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
മധ്യനിരയില്‍ ഏകോപനമില്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വെല്ലുവിളി.
സിഫ്‌നിയോസ്, സി കെ വിനീത്, ജാക്കിചന്ദ്, പെക്കൂസണ്‍, ഇസുമി എന്നിവര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ കേരളം വിജയതീരമണയും.

പ്രതിരോധിക്കണം
ഗോവന്‍ ആക്രമണം

ഒമ്പതുമല്‍സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ഗോവക്ക് അഞ്ചു ജയവും മൂന്നു തോല്‍വും ഒരു സമനിലയുമാണുള്ളത്. 16 പോയന്റുമായി നിലവില്‍ നാലാം സ്ഥാനത്തുള്ള ഗോവ ആക്രമണാത്മക ഫുഡ്‌ബോളുമായിട്ടാണ് ഐ എസ് എല്ലില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പൂനെക്കെതിരായ മല്‍സരത്തില്‍ മാത്രമാണ് അവര്‍ക്ക് ഗോള്‍ കണ്ടെത്താന്‍ കഴിയാതെപോയത്.
ഗോവന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഡേവിഡ് ജെയിംസ് എന്തുതന്ത്രമാണ് ഒരുക്കിവെച്ചിരിക്കുന്നതെന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.

കൊറോമിനാസും,ലാന്‍സറോട്ടയും അടങ്ങുന്ന സ്പാനിഷ് മുന്നേറ്റനിര ജിങ്കാനും വെസ് ബ്രൗണും തലവേദന സൃഷ്ടിക്കും.

ഗോവ ഇതുവരെ നേടിയ 22 ഗോളുകളില്‍ 16 എണ്ണവും ഈ സ്പാനിഷ് കൂട്ടുകെട്ടാണ്.
ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ട് ഹാട്രിക്കുള്‍പ്പെടെ കൊറോമിനാസ് 9 ഗോളുകള്‍ നേടിയപ്പോള്‍ ഏഴു ഗോളുകളാണ് ലാന്‍സറോട്ടയുടെ ബൂട്ടില്‍ നിന്നുമുതിര്‍ന്നത്.

പ്രതിരോധത്തില്‍ റിനോ ആന്റോ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചുവരുന്നത് കേരളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഗോളടിക്കുന്നതിനൊപ്പം ഗോള്‍ വഴങ്ങുന്നതാണ് ഗോവയുടെ ബലഹീനത.
ഇതുവരെ 16 ഗോളുകള്‍ വഴങ്ങിയ ഗോവയുടെ പ്രതിരോധം എളുപ്പം തകര്‍ക്കാന്‍ കഴിയുന്നതാണ്. അതിനാല്‍
എഡ്യൂ ബേഡിയ, മാനുവേല്‍ അരാന, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദാര്‍റാവു ദേശായി എന്നിവരടങ്ങുന്ന ഗോവന്‍ മുന്നേറ്റനിരക്ക് കൊച്ചിയില്‍ പ്രതിരോധപൂട്ടിട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തോടെ മുന്നേറാം.

 

LEAVE A REPLY

Please enter your comment!
Please enter your name here