ജിത്തു വധം: അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

Posted on: January 21, 2018 12:34 pm | Last updated: January 22, 2018 at 9:38 am

കൊല്ലം: കൊട്ടിയത്തു ജിത്തുജോബ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും. ജയമോളുടെ മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാനസിക നില വീണ്ടും പരിശോധിക്കുന്നത്. തിങ്കളാഴ്ച ജയമോളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ പരിശോധന നടത്തും. മാനസിക പ്രശ്‌നമില്ലെന്ന ആദ്യനിഗമനം കോടതിയെ അറിയിച്ചിട്ടില്ല. ജയമോള്‍ മൃതദേഹം കൈകാര്യംചെയ്ത രീതിയാണു മാനസികനിലയില്‍ സംശയമുണ്ടാക്കിയത്.

അമ്മയ്ക്കു മാനസികപ്രശ്‌നമുണ്ടെന്നാണു മകള്‍ വെളിപ്പെടുത്തിയത്. ഒരു കൊല്ലമായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു പ്രതിയായ ജയമോളെന്നു കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി പറഞ്ഞു.മകന്റെ സ്‌നേഹം നഷ്ടമാകുമെന്നു ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയശേഷം ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു