വരുന്നു കേരളത്തിലും ഹൈബ്രിഡ് പവര്‍ പ്ലാന്റ്; സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒരേ സമയം വൈദ്യുതി

കോതമംഗലം
Posted on: January 21, 2018 11:52 am | Last updated: January 21, 2018 at 11:52 am
SHARE

ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ ഹൈബ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആദ്യം തുടങ്ങാനുള്ള ശ്രമത്തിലാണ് പദ്ധതിയുടെ ചുമതലക്കാരായ അനര്‍ട്ട്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒരേ സമയം വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏകപ്രദേശമെന്ന പ്രത്യേകത കൂടി രാമക്കല്‍മേടിനുണ്ടാകും. അതിനുപുറമേ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഹൈബ്രിഡ് പവര്‍ പ്ലാന്റും കാണാനും സൗകര്യമുണ്ടാകും.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ എനര്‍ജി ടെക്‌നോളജി അധികൃതര്‍ രാമക്കല്‍മേട്ടിലെത്തി സാധ്യതാ പഠനം നടത്തി ഈയിടെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അനര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ 55 കോടി രൂപ ചെലവഴിച്ചാണ് സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 16 കോടിയാണ് അനര്‍ട്ട് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ആദ്യഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി ഊര്‍ജോത്പാദനം തുടങ്ങും. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

നിര്‍മാണത്തിനിടക്ക് ഭാഗികമായിപൂര്‍ത്തിയാകുന്ന പ്ലാന്റില്‍ നിന്നും ഊര്‍ജ ഉത്പാദനവും തുടങ്ങും. ഹൈബ്രിഡ് പ്ലാന്റ് നിര്‍മിക്കാനുള്ള മുഴുവന്‍ സാങ്കേതിക സഹായവും നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡാക്കാണ്. അതുകൊണ്ട് തന്നെ സി ഡാക്കിന്റെ സഹായത്തോടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ മാത്രമാണ് ഹൈബ്രിഡ് പ്ലാന്റില്‍ സ്ഥാപിക്കുന്നത്.

പശ്ചിമ ബംഗാളില്‍ അഞ്ച് മെഗാവാട്ടുള്ള ഹൈബ്രിഡ് പവര്‍ പ്ലാന്റിന് സാങ്കേതിക സഹായം നല്‍കിയത് സിഡാക്കായിരുന്നു. ഈ പദ്ധതി വിജയിച്ചതോടെയാണ് സിഡാക്കിന് തന്നെ രാമക്കല്‍മേട്ടിലെ പവര്‍ പ്ലാന്റിന്റെയും നിര്‍മാണ ചുമതല കൈമാറാന്‍ അനര്‍ട്ട് തീരുമാനിച്ചത്. 2018- 19 വര്‍ഷം സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഇപ്പോഴുള്ള കാറ്റാടി പാടത്തിന് പിന്നാലെ കൂടുതല്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതോടെ സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും മൂന്ന് മുതല്‍ അഞ്ച് വരെ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് അനെര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

സിഡാക്കിന്റെയും കെല്‍ട്രോണിന്റെയും സാങ്കേതിക സഹായത്തോടെ നിര്‍മിക്കുന്ന ഹൈബ്രിഡ് പവര്‍ പ്ലാന്റിലെ സോളാര്‍ പാനലുകള്‍ സൂര്യന്റെ ദിശ മാറ്റത്തിനനുസരിച്ച് സ്വയം തിരിയുന്ന തരത്തിലായിരിക്കും ഇവിടെ നിര്‍മിക്കുന്നത്.
രാമക്കല്‍മേട് പവര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അനെര്‍ട്ട് കെ എസ് ഇ ബിക്ക് നല്‍കാനും ധാരണയായി കഴിഞ്ഞു. ഇതിനായി കെ എസ് ഇ ബിയും അനെര്‍ട്ടും തമ്മില്‍ അടുത്തിടെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.