Connect with us

Articles

ടുണീഷ്യന്‍ തെരുവില്‍ ഇപ്പോഴും ആ ഉന്തുവണ്ടിക്കാരനുണ്ട്

Published

|

Last Updated

സ്വയം നിര്‍ണയാവകാശത്തിന്റെ സാധ്യതകളെ ശക്തമായ നിലയില്‍ ഉപയോഗിച്ചു കൊണ്ടാണ് ടൂണീഷ്യന്‍ ജനത മേഖലയെയാകെ മാറ്റിമറിച്ച കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമായത്. സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ ഭരണത്തെ വലിച്ച് താഴെയിട്ട പ്രക്ഷോഭ പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത് മുഹമ്മദ് ബൗസിസ് എന്ന ഉന്തുവണ്ടി കച്ചവടക്കാരന്റെ രക്തസാക്ഷിത്വത്തില്‍ നിന്നായിരുന്നുവല്ലോ. മുഹമ്മദ് അഭ്യസ്ത വിദ്യനായിരുന്നു. പക്ഷേ, പഠിപ്പിനൊത്ത പണിയില്ല. ഉന്തുവണ്ടിയില്‍ സാധനങ്ങള്‍ കയറ്റി തെരുവില്‍ വില്‍ക്കാമെന്ന് വെച്ചു. തൊഴില്‍ കാര്‍ഡ് എവിടെയെന്നായി പോലീസ്. തൊഴില്‍ കാര്‍ഡോ ലൈസന്‍സോ ഇല്ലാത്ത മുഹമ്മദ് കുറ്റവാളിയെപ്പോലെ പോലീസിന് മുമ്പില്‍ നിന്നു. വനിതാ പോലീസ് അടക്കമുള്ളവര്‍ അവനെ പരസ്യമായി മര്‍ദിച്ചു. സ്വയം തീകൊളുത്തിയാണ് അവന്‍ പ്രതിഷേധിച്ചത്. മുഹമ്മദ് അവിടെ ഒടുങ്ങിയില്ല. തെരുവില്‍ നടന്നതെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ അപ്പടി ദൃശ്യങ്ങള്‍ സഹിതം നിറഞ്ഞു. യുവാക്കള്‍ ഇളകി മറിഞ്ഞു. കൊടിയും തയ്യാറാക്കപ്പെട്ട മുദ്രാവാക്യങ്ങളുമില്ലാതെ അവര്‍ തെരുവുകളിലേക്ക് ഒഴുകി. നയിക്കാനാരുമില്ലായിരുന്നു. പരമ്പരാഗത പാര്‍ട്ടികളെല്ലാം അന്തം വിട്ട് നിന്നു. സെക്യുലറിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും അന്നഹ്ദ പോലുള്ള ഇസ്‌ലാമിസ്റ്റ് കക്ഷികള്‍ക്കുമെല്ലാം വേരോട്ടമുള്ള മണ്ണായിരുന്നു ടുണീഷ്യയിലേത്. എന്നാല്‍ പ്രക്ഷോഭത്തിന് മുന്നില്‍ നിലപാടെടുക്കാനാകാതെ അവര്‍ പകച്ച് നിന്നു. ഇത്രകാലം അടക്കിപ്പിടിച്ച പ്രതിഷേധം ഒരു “അച്ചടക്ക”വുമില്ലാതെ പരന്നൊഴുകി. 2010 ഡിസംബറിലാണ് മുഹമ്മദ് ആശുപത്രിയിലാകുന്നത്. 2011 ജനുവരി നാലിന് തലസ്ഥാനമായ ടുണിസിലെ ആശുപത്രിയില്‍ മുഹമ്മദ് മരിക്കുമ്പോള്‍ ടുണീഷ്യ മുഴുവന്‍ പ്രക്ഷോഭം പടര്‍ന്നു കഴിഞ്ഞിരുന്നു. മൂന്ന് പതിറ്റാണ്ടായി അധികാരം കൈയാളുന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലി അധികാരം ഉപേക്ഷിച്ച് സഊദിയിലേക്ക് പലായനം ചെയ്തു.

ടുണീഷ്യയില്‍ മുല്ലപ്പൂ മണം പടര്‍ന്നിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ടുണീഷ്യന്‍ ജനത ജനാധിപത്യത്തില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യുന്നു. അവര്‍ വോട്ടിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ വൈകുന്നേരം ചെലവിടുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തലപൂഴ്ത്തിനില്‍ക്കുന്നുവെന്ന് പഴി കേള്‍ക്കുന്ന യുവ സമൂഹവും രാഷ്ട്രീയ സംവാദങ്ങളില്‍ സജീവമാണ്. സിദി ബൗസിദിലെ രക്തസാക്ഷിത്വം രാജ്യത്തില്‍ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഈ അനുകൂല സാഹചര്യമൊക്കെ ധാരാളം. സാമ്രാജ്യത്വവിരുദ്ധതയുടെയും ജനപക്ഷ രാഷ്ട്രീയത്തിന്റെയും നേരവകാശം സ്വയമേല്‍ക്കുന്ന അന്നഹ്ദ പാര്‍ട്ടി പങ്കാളിയായ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നില്ലെന്ന് മാത്രമല്ല നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്നുവെന്നാണ് ടുണീഷ്യന്‍ തെരുവുകള്‍ വിളിച്ചു പറയുന്നത്. ഏഴ് വര്‍ഷം ചെറിയ കാലയളവാണെന്ന് വേണമെങ്കില്‍ പറയാം. മാറ്റത്തിന്റെ ദിശാസൂചനക്ക് പക്ഷേ, അക്കാലമൊക്കെ മതി. സപ്ത സംവത്സരത്തിന്റെ ജനാധിപത്യ അനുഭവം ഈ യുവാക്കളെ പിന്നെയും തെരുവിലിറക്കുന്നുവെങ്കില്‍ അതിനര്‍ഥമെന്താണ്?

റാശിദ് ഗന്നൗശിയുടെ നേതൃത്വത്തിലുള്ള അന്നഹ്ദയും ബെയ്ജ് സെയ്ദ് അസ്സബ്‌സിയുടെ നിദാ ടൂണിസ് പാര്‍ട്ടിയുമാണ് അധികാരം കൈയാളുന്നത്. ഇരു ധ്രുവങ്ങളിലുള്ള പാര്‍ട്ടികള്‍ ഒന്നിച്ചത് ഭരണ സ്ഥിരതയുടെ പേരില്‍ ന്യായീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, ഈ സര്‍ക്കാറിന്റെ സാമ്പത്തിക നയത്തിന് ഒരു നീതീകരണവുമില്ല. ഐ എം എഫാണ് സര്‍ക്കാറിന്റെ നയം നിശ്ചയിക്കുന്നത്. അവരുടെ തീട്ടൂരം ശിരസാവഹിച്ചാണ് ജനുവരി ഒന്ന് മുതല്‍ നടപ്പാക്കിത്തുടങ്ങിയ ബജറ്റ് തയ്യാറാക്കിയത്. അന്തംവിട്ട ചെലവു ചുരുക്കലിന്റെ പാതയിലാണ് അസ്സബ്‌സി സര്‍ക്കാര്‍. എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളില്‍ നിന്നും പിന്‍വാങ്ങുന്നു. മൂല്യവര്‍ധിത നികുതി കുത്തനെ കൂട്ടുന്നു. രൂക്ഷമായ വിലക്കയറ്റമാണ് ഫലം. അപ്പോഴും ബിസിനസ്സുകാര്‍ക്ക് ടാക്‌സ് ബ്രേക്കിന്റെ തണലുണ്ട്. ഗ്രാമീണ മേഖലയില്‍ 26 ശതമാനവും രാജ്യത്താകെ ശരാശരി 15 ശതമാനവുമാണ് തൊഴിലില്ലായ്മ. 2017 ജനുവരിയില്‍ പണപ്പെരുപ്പ നിരക്ക് 3.8 ശതമാനമായിരുന്നു. ഇപ്പോഴത് 6.4 ശതമാനമാണ്. ഈ പോക്ക് പോയാല്‍ അടുത്ത മാസത്തോടെ നിരക്ക് 12 ശതമാനമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പണപ്പെരുപ്പമെന്ന സാമ്പത്തിക ശാസ്ത്ര സാങ്കേതിക പദം മനുഷ്യരില്‍ ചെന്ന് തറക്കുന്നത് വിലക്കയറ്റമായാണല്ലോ. ജീവിതം ദുസ്സഹമാണ്. അഭ്യസ്തവിദ്യര്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ പണിയില്ല. കൂലിയില്ല. നികുതി ഭാരം. ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയരുന്നു.

2.8 ബില്യണ്‍ ഡോളറിന്റെ നാല് വര്‍ഷ കരാറില്‍ ഒപ്പിടുമ്പോള്‍ ഐ എം എഫ് പറഞ്ഞത് സാമ്പത്തിക അച്ചടക്കത്തെ കുറിച്ചാണ്. വന്‍കിട വ്യവസായ ങ്ങള്‍ക്ക് നല്‍കേണ്ട ഇളവുകളും അവര്‍ നിരത്തി. അതിനായി കേന്ദ്ര ബേങ്കിനെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാക്കി. മൂന്ന് പൊതു മേഖലാ ബേങ്കുകള്‍ പുനഃക്രമീകരിച്ചു. ദിനാറിന്റെ മൂല്യം നിരന്തരം ഇടിച്ചു. വ്യാപാര മിച്ചം പ്രതികൂലമായി. കൂനിന്‍മേല്‍ കുരുവായി തലസ്ഥാന നഗരിയിലെ ദേശീയ മ്യൂസിയത്തില്‍ തീവ്രവാദി ആക്രമണം. തുടര്‍ന്ന് തീരദേശ പട്ടണമായ സോസ്സെയിലെ റിസോര്‍ട്ടില്‍ വെടിവെപ്പ്. ടൂറിസ്റ്റുകളുടെ വരവ് കുത്തനെ ഇടിയാന്‍ ഇത് കാരണമായി. ടുണീഷ്യന്‍ വരുമാനത്തിന്റെ നട്ടെല്ലാണ് ടൂറിസം.

അന്ന് മുഹമ്മദ് ബൗസിസ് എന്തിനാണോ സ്വയം കത്തിച്ച് പ്രതിഷേധ ജ്വാല തീര്‍ത്തത് അതേ സാഹചര്യം വിപ്ലവത്തിന്റെ ഏഴാം വാര്‍ഷികത്തിലും ടുണീഷ്യന്‍ ജനത അനുഭവിക്കുന്നു. അതുകൊണ്ട് അവര്‍ അന്നത്തെ വഴിയിലേക്ക് തന്നെ ഇറങ്ങുന്നു. പ്രക്ഷോഭത്തിന്റെ വഴിയിലേക്ക്. “ഞങ്ങള്‍ക്ക് ജോലി വേണം; സ്വാതന്ത്ര്യവും ആത്മാഭിമാനവും തിരികെ വേണം. അതിന് ഈ ബജറ്റ് തുലയണം” – അവര്‍ മുദ്രാവാക്യം മുഴക്കുന്നു. പതിവു പോലെ ഈ പ്രക്ഷോഭത്തിനും പാര്‍ട്ടിയില്ല. കൃത്യമായ നേതൃത്വമില്ല. പൊതുവേ സമാധാനപരമാണ് പ്രതിഷേധം. ക്രിമിനലുകള്‍ നുഴഞ്ഞ് കയറുന്നതാണ് പ്രശ്‌നം. അവര്‍ രാത്രിയില്‍ തെരുവിലെത്തി കൊള്ള നടത്തുന്നു. പകല്‍ വെളിച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്ന പ്രക്ഷോഭകാരികളുടെ പേരിലാണ് ഈ പഴിയും കെട്ടിവെക്കുന്നത്. പോലീസ് അവരെ അറസ്റ്റ് ചെയ്യുന്നു. പലയിടത്തും പോലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. വര്‍ധിപ്പിച്ച നികുതികള്‍ ചിലത് പിന്‍വലിക്കാനും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറായതോടെ പ്രക്ഷോഭം അല്‍പ്പമൊന്ന് തണുത്തിട്ടുണ്ട്. പക്ഷേ, അകം വേവുക തന്നെയാണ്. നിരാശയിലകപ്പെട്ട ജനത അങ്ങനെയാണ്.

ഈ വര്‍ഷം മെയില്‍ തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം അവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കാനിരിക്കെ തങ്ങള്‍ക്ക് വലിയ റോളൊന്നുമില്ലാത്ത പ്രക്ഷോഭം നീളട്ടെയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. ഭരണ സഖ്യത്തിലെ ഉന്നതരും അത് തന്നെ ആഗ്രഹിക്കുന്നുവെന്നതാണ് വിചിത്രം. സഖ്യത്തിലെ ഉള്‍പ്പോരാണ് അതിന് കാരണം. നേതൃ കക്ഷിയായ നിദാ ടൂണിസിലെയും സഖ്യ കക്ഷിയായ അന്നഹ്ദയിലെയും ഉന്നതരുടെ കണ്ണിലെ കരടാണ് നിലവിലെ പ്രധാനമന്ത്രി യൂസുഫ് ശാഹിദ്. അഴിമതിവിരുദ്ധ സമീപനത്തിലൂടെ അദ്ദേഹം ആര്‍ജിച്ച പൊതുജന സമ്മതിയാണ് വിഷയം. അദ്ദേഹത്തെ അങ്ങനെ വളരാന്‍ വിടരുതെന്ന് മറ്റ് നേതാക്കള്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അഴിമതിയാരോപിതരായ ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ക്കെതിരെ ആരംഭിച്ച പ്രോസിക്യൂഷന്‍ നടപടികള്‍ അദ്ദേഹത്തിന് കൂടുതല്‍ ശത്രുക്കളെ സമ്പാദിച്ചു നല്‍കി. പ്രക്ഷോഭം പ്രധാനമന്ത്രിക്കെതിരെ തിരിച്ചു വിടാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. അതില്‍ വലിയ തോതില്‍ വിജയിക്കുന്നില്ലെന്ന് മാത്രം.

ടുണീഷ്യയില്‍ സമരസമുദ്രം ഒരിക്കല്‍ കൂടി ഇരമ്പുമ്പോള്‍ അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ഭരണവിരുദ്ധ പ്രക്ഷോഭ പരമ്പരകളുടെ മൊത്തം ബാലന്‍സ് ഷീറ്റ് മറിച്ചു നോക്കുന്നത് നന്നായിരിക്കും. പ്രഭവ കേന്ദ്രം ടുണീഷ്യയായിരുന്നപ്പോഴും ഓരോയിടത്തും അതതിടങ്ങളിലെ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഊര്‍ജം സ്വീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടത്. അതുകൊണ്ടാണ് ഈ അറബ് ഭരണ മാറ്റ പരമ്പരകളെ മുല്ലപ്പൂ വിപ്ലവമെന്ന ഒറ്റ തലക്കെട്ടിന് താഴെ ആഘോഷിക്കാന്‍ പാടില്ലെന്ന് പറയുന്നത്. സമാനതകളേക്കാളേറെ വൈജാത്യങ്ങളായിരുന്നു ഈ പ്രക്ഷോഭങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാം പൊതുവായി സംഭവിച്ച കാര്യം വിപ്ലവാനന്തരം രാഷ്ട്രീയ അധികാരം കീഴടക്കിയത് ഇസ്‌ലാമിസ്റ്റ് സംഘടനകളായിരുന്നു എന്നതാണ്. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സംജാതമായ അധികാര ശൂന്യതയിലേക്ക് ഇക്കൂട്ടര്‍ കയറി നില്‍ക്കുകയായിരുന്നു. സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കേഡര്‍ സ്വഭാവമുള്ള ഈ ഗ്രൂപ്പുകള്‍ ആത്യന്തികമായി പാരമ്പര്യ നിഷേധികളും മതപരിഷ്‌കരണ വാദികളും തീവ്രവാദ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്നവരുമായിട്ടും സംഘടനാ ശേഷിയുടെ പിന്‍ബലത്തില്‍ അധികാരത്തിലേക്ക് നീങ്ങിയിരിക്കാന്‍ അവര്‍ക്ക് സാധിച്ചു. തെരുവില്‍ നടന്ന പ്രക്ഷോഭത്തിന് രാഷ്ട്രീയ ധാരണകളോ ഭാവിയെക്കുറിച്ചുള്ള തീര്‍പ്പുകളോ ഉണ്ടായിരുന്നില്ല. നിലവിലുള്ളതിനെ തകര്‍ത്തെറിയണമെന്നേ അതിവൈകാരികമായ ഈ പ്രതികരണങ്ങള്‍ ലക്ഷ്യമിട്ടിരുന്നുള്ളൂ. നിരവധി ഗ്രൂപ്പുകളുടെ സമ്മേളനത്തില്‍ ഭരണമാറ്റം സാധ്യമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ ഈജിപ്തില്‍ ബ്രദര്‍ഹുഡും ടുണീഷ്യയില്‍ അന്നഹ്ദയും പ്രക്ഷോഭത്തിന്റെ മുന്‍നിര കീഴടക്കുകയായിരുന്നു. സ്വാഭാവികമായും അവരുടെ കൈയില്‍ അധികാരം വന്നെത്തി.

ഭരണമാറ്റമല്ല, നയം മാറ്റമാണ് പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെച്ചത്. തൊഴിലും കൂലിയും കവര്‍ന്നെടുക്കുന്ന നവ ഉദാരവത്കരണത്തിനും പാശ്ചാത്യവത്കരണത്തിനും എതിരെയാണ് ടുണീഷ്യന്‍ യുവത തെരുവിലിറങ്ങിയത്. എല്ലാ സൗകര്യങ്ങളും വിദേശ ടൂറിസ്റ്റുകള്‍ക്ക്, തദ്ദേശീയര്‍ക്ക് അവഗണന. ഈ വൈരുധ്യത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. അത് സ്വാഭാവികമായും ഭരണ മാറ്റത്തില്‍ കലാശിച്ചുവെന്ന് മാത്രം. ഇത് മനസ്സിലാകാന്‍ ടുണീഷ്യയില്‍ വിപ്ലവാനന്തരം എന്ത് സംഭവിച്ചുവെന്ന് നോക്കിയാല്‍ മാത്രം മതിയാകും. വിപ്ലവത്തിന് ശേഷം വന്ന ഇടക്കാല സര്‍ക്കാറിന് നേതൃത്വം നല്‍കിയത് അന്നഹ്ദയായിരുന്നു. ബിക്കിനി ടൂറിസത്തില്‍ നിന്നും കമ്പോള സാമ്പത്തിക ക്രമത്തില്‍ നിന്നും ഐ എം എഫില്‍ നിന്നും ഒരടി മുന്നോട്ട് പോകാന്‍ ഇസ്‌ലാമിസ്റ്റ് സഖ്യത്തിന് സാധിച്ചില്ല. മൂന്ന് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ അവര്‍ തൂത്തെറിയപ്പെട്ടു. പകരം വന്നത് 2012ല്‍ മാത്രം രൂപവത്കരിക്കപ്പെട്ട, സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുമായി പല നിലയില്‍ ബന്ധം ആരോപിക്കാവുന്ന നിദാ ടൂണിസ് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുമായി അധികാരം പങ്കിടേണ്ട ഗതികേടില്‍ അന്നഹ്ദ ചെന്നെത്തി.

ഈജിപ്തിലോ? അവിടെയും ആദ്യഘട്ടത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) പ്രക്ഷോഭ രംഗത്ത് ഉണ്ടായിരുന്നില്ല. ഹുസ്‌നി മുബാറക് വീഴുമെന്ന ഘട്ടത്തില്‍ അവര്‍ ചാടി വീണു. ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ലേബലില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. മുഹമ്മദ് മുര്‍സി പ്രസിഡന്റായി. ഇതോടെ ബ്രദര്‍ഹുഡ് നേരിട്ടിറങ്ങി. ഭരണകൂടം മൊത്തമായി ഇഖ്‌വാന്‍വത്കരിക്കാന്‍ അവര്‍ ശ്രമിച്ചു. ഐ എം എഫിനും വേള്‍ഡ് ബേങ്കിനും മുന്നില്‍ സഹായധനത്തിനായി പഞ്ച പുച്ഛമടക്കി നിന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി. ഇതോടെ മുര്‍സി ഭരണം മടുത്ത ജനം തെരുവിലിറങ്ങി. ഒന്നാം തഹ്‌രീറിന്റെ അതേ ഊര്‍ജത്തോടെ. മുബാറക്കിനെ താഴെയിറക്കിയ അത്ര തന്നെ ജനകീയ പിന്തുണയോടെ മുര്‍സിയെ ജനം വലിച്ച് താഴെയിട്ടു. ഒടുവിലിപ്പോള്‍ അധികാരം കൈയാളുന്നത് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയാണ്. മുബാറക്കിന്റെ വലംകൈ. ലിബിയയില്‍ ഗദ്ദാഫിയെ കൊല്ലേണ്ടത് പാശ്ചാത്യ ശക്തികളുടെ ആവശ്യമായിരുന്നു. അതിനായി അവര്‍ എല്ലാ സായുധ ഗ്രൂപ്പുകള്‍ക്കും ആയുധം നല്‍കി. പോരാഞ്ഞ് അമേരിക്ക നേരിട്ടിറങ്ങി. ഒടുവില്‍ ഗദ്ദാഫിയെ മിസ്‌റാത്തയിലെ അഴുക്കുചാലില്‍ കൊന്നു തള്ളി. എല്ലാം പ്രക്ഷോഭത്തിന്റെ കണക്കിലെഴുതി. ഇന്ന് ലിബിയ എന്നൊരു രാഷ്ട്രമില്ല. അവിടെ രണ്ട് പാര്‍ലിമെന്റാണ് . രണ്ട് സര്‍ക്കാറാണ്. സര്‍വ ഇടങ്ങളും സംഘര്‍ഷഭരിതം. ആയിരങ്ങള്‍ പലായനം ചെയ്യുന്നു. എണ്ണക്കിണറുകള്‍ ഓരോ മിലീഷ്യകളും പങ്കിട്ടെടുത്ത് ഊറ്റുന്നു. യമനില്‍ അലി അബ്ദുല്ല സ്വലാഹിന്റെ പതനവും അറബ് വസന്തത്തിന്റെ അക്കൗണ്ടിലാണ്. അവിടെ സ്വലാഹിന്റെ ശൂന്യത നികത്താന്‍ നിയോഗിക്കപ്പെട്ട അബ്ദു മന്‍സൂര്‍ ഹാദി അധികാരം കൈവന്നപ്പോള്‍ രാജ്യത്തെ വംശീയമായി വിഭജിക്കാനാണ് ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണല്ലോ ഹൂതി ആക്രമണം. അവിടെ സഊദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി തുടരുകയാണ്. ഹൂതികളെ അടിച്ചമര്‍ത്താനോ ഭരണം പുനഃസ്ഥാപിക്കാനോ സാധിച്ചിട്ടില്ല. പാശ്ചാത്യരുടെ കണക്കില്‍ ഒരു പരാജിത രാഷ്ട്രം കൂടി.

ഭരണ നേതൃത്വം മാറുകയും നയം മാറാതിരിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ടുണീഷ്യയിലും ഈജിപ്തിലും കണ്ടത്. ജനാധിപത്യത്തിനായുള്ള വിപ്ലവകാരികളുടെ സാഹസം പാശ്ചാത്യ ശക്തികള്‍ അട്ടിമറിച്ചതിന്റെ ദുരന്തമാണ് മറ്റിടങ്ങളില്‍ കാണുന്നത്.

 

 

 

 

 

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest