Connect with us

Articles

അവേലത്ത് തങ്ങള്‍ മഹനീയ നേതൃത്വം

Published

|

Last Updated

“കാന്തപുരത്തെ പള്ളിയില്‍ വിദ്യാര്‍ഥിയും മുദര്‍രിസുമായി നിന്നിട്ടുണ്ട്. അവേലത്ത് സാദാത്തീങ്ങള്‍ ആയിരുന്നു അവിടെ പള്ളിയുടെ പ്രധാനപ്പെട്ട നടത്തിപ്പുകാര്‍. പല കാര്യങ്ങളിലും സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളുടെ നടപടികള്‍ കാണുമ്പോള്‍ എനിക്ക് ആശ്വാസം തോന്നും. കാരണം ഞാന്‍ ആഗ്രഹിച്ചത് പോലെയുള്ള പള്ളി നടത്തിപ്പും നിലപാടുകളുമായിരുന്നു തങ്ങള്‍ക്ക് മിക്ക വിഷയങ്ങളിലും ഉണ്ടായിരുന്നത്. ഇല്‍മിന്റെ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ ഇത്തരം സമീപനങ്ങള്‍ എന്നെ നല്ലതു പോലെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മര്‍കസ് എന്റെ സ്വന്തമായ ആഗ്രഹം എന്നതിനേക്കാളേറെ അവേലത്ത് തങ്ങളുടെ സ്വപ്‌നമായിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം”-കാന്തപുരം ഉസ്താദ് മര്‍കസ് റൂബി ജുബിലി സുവനീറില്‍ പറയുന്നു.

മതപ്രബോധനവും സാമൂഹിക സമുദ്ധാരണവും ലക്ഷ്യമാക്കി അറബി നാടുകളില്‍ നിന്നും നിരവധി നബി കുടുംബ സന്തതികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. ബുഖാരി ,ജിഫ്രി, ഹമദാനി, ഐദറൂസി, ബാഅലവി തുടങ്ങിയവര്‍. അവരില്‍ ഇപ്പോഴും കേരളത്തില്‍ സാമൂഹിക സേവനങ്ങള്‍ക്കും ദീനി ദഅ്‌വത്തിനും നേതൃത്വം നല്‍കുന്ന പ്രധാന നബി കുടുംബമാണ് അഹ്ദല്‍ ഹുസൈന്‍(റ) വിന്റെ സന്താനപരമ്പരയില്‍ പെട്ട ഔനിലേക്കാണ് അഹ്ദല്‍ പരമ്പര ചെന്നെത്തുന്നത്. അവേലം സാദാത്തുക്കളുടെ പൂര്‍വ പിതാക്കന്മാരെല്ലാം യമാനി ദേശക്കാരാണ്. കേരളത്തിലുള്ള പൂര്‍വ പിതാക്കന്മാരില്‍ ഒരാളായ ഹുസ്സൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളാണ് പൂനൂരിനടുത്ത്് താമസമാക്കിയത്. മുഹമ്മദ് പൂക്കോയ തങ്ങള്‍ ഇരിങ്ങല്‍ കോട്ടക്കല്‍ ആയാട്ട് തറവാട്ടിലെ ചെറിയ ബീവിയെയാണ് വിവാഹം കഴിച്ചത്. ഈ ദാമ്പത്യത്തില്‍ പിറന്ന ഇളയ മകനാണ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ . 1928 സെപ്തംബര്‍ 22ന് (1347 റബീഉല്‍ ആഖിര്‍ 7) ആയിരുന്നു ജനനം. പഠിച്ചതും വളര്‍ന്നതും നാട്ടിലെ പ്രാദേശിക സ്‌കൂളിലാണ്. സ്‌കൂള്‍ എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കാന്തപുരം പള്ളി ദര്‍സില്‍ ചേരുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇസ്‌ലാമിന്റെ ആശയ അടിസ്ഥാന തത്വങ്ങളെല്ലാം അത്യാര്‍ത്തിയോടെ ഗുരുക്കന്‍മാരില്‍ നിന്ന് നേടിയെടുക്കുകയായിരുന്നു. ചെറുപ്പം മുതലേ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ യോഗ്യനായിട്ടായിരുന്നു തങ്ങള്‍ വളര്‍ന്നിരുന്നത് കോരൂര്‍ ശൈഖിന്റെയും കള്ള ത്വരീഖത്തുകാരുടെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വഴിതെറ്റിക്കുന്നതില്‍ വ്യാപകമായപ്പോള്‍ ദര്‍സീ പഠനം നിര്‍ത്തി അവര്‍ക്കെതിരെ രംഗത്തിറങ്ങി. തങ്ങള്‍ അവര്‍കള്‍ മരണം വരെ സുന്നത്ത് ജമാഅത്തിന്റെ നിറസാന്നിധ്യമരുന്നു.

സമൂഹത്തില്‍ വന്ന ജീര്‍ണതകള്‍ മനസ്സിലാക്കി ജനങ്ങള്‍ക്ക് വേണ്ട ആത്മീയ അനുഭൂതി നല്‍കുന്നതില്‍ തങ്ങള്‍ എപ്പോഴും മുന്‍പന്തിയിലാണ്. ഇതില്‍ എണ്ണപ്പെട്ട ഒന്നാണ് കാന്തപുരത്തും അവേലത്തും മറ്റു പരിസര പ്രദേശത്തും ഇന്നും തുടര്‍ന്ന് വരുന്ന മൗലിദ് സദസ്സുകള്‍. തങ്ങളായിരുന്നു ഈ ഒരു സംരംഭം തുടങ്ങാന്‍ ആവേശം കാണിച്ചതും മഹല്ലിലെ മുതിര്‍ന്ന കാരണവരോട് ആവശ്യകത പറഞ്ഞ് മനസ്സിലാക്കി കൊടുത്തതും. മഗ്‌രിബിന് ശേഷം തങ്ങളും സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് സംസാരിക്കല്‍ സാധാരണമായിരുന്നു. വെറും നട്ടുവര്‍ത്തമാനമായിരുന്നില്ല അത്. ജനങ്ങളുടെ പരിഭവവും ആവശ്യവും എന്താണെന്ന് മനസ്സിലാക്കലായിരുന്നു ആ ഒരുമിച്ചു കൂടലിന്റെ ലക്ഷ്യം. അതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് മൗലിദ് സദസ്സുകള്‍ എന്ന ആശയം.

മതപ്രഭാഷണങ്ങള്‍ക്ക് തങ്ങള്‍ വളരെ അധികം ആവേശം കാണിച്ചിരുന്നു. ഒരു തവണ തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ മത പ്രഭാഷണത്തില്‍ നാട്ടില്‍ മദ്‌റസയുടെ ആവശ്യകതയാണ് പ്രഭാഷകന്‍ ചൂണ്ടിക്കാണിച്ചത്. ശേഷം അവേലത്ത് വീട്ടില്‍ വെച്ച് നടത്തിയ യോഗത്തില്‍ അതില്‍ തീര്‍പ്പു കല്‍പ്പിച്ചു കൊണ്ട് തങ്ങളും സംസാരിച്ചു. കള്ള ത്വരീഖത്തും ശൈഖന്മാരും നാട്ടില്‍ തല പൊക്കിയ കാലത്ത് തങ്ങളായിരുന്നു അവര്‍ക്കെതിരെ ഗോദയില്‍ ഇറങ്ങി പട പൊരുതിയത്. കാന്തപുരം ജുമുഅത്ത് പള്ളി കള്ള ത്വരീഖത്തുകാര്‍ പിടിച്ചെടുത്തപ്പോള്‍ സുന്നത്ത് ജമാഅത്തില്‍നിന്ന് നില തെറ്റിയവരോടൊപ്പം ജുമുഅ നിര്‍വഹിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് കള്ള ത്വരീഖത്തുകാരുടെ പള്ളിയുടെ അടുത്ത് തന്നെ ഒരു ജുമുഅത്ത് പള്ളിക്ക് തറക്കല്ലിട്ടു. പെട്ടെന്ന് തന്നെ പണി പൂര്‍ത്തിയാകാനുള്ള നടപടികള്‍ക്ക് മഹാനായ തങ്ങളവര്‍കള്‍ ചുക്കാന്‍ പിടിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് തങ്ങളായിരുന്നു നാടിന്റെയും നാട്ടുകാരുടെയും ആത്മീയവും ഭൗതികവുമായ നേതൃത്വം. ഏത് വിഷമ ഘട്ടത്തിലും നാട്ടുകാര്‍ക്ക് തങ്ങള്‍ തണലായിരുന്നു.

ഒരു നാടിന്റെ നവോത്ഥാനമായിരുന്നു തങ്ങള്‍. തങ്ങള്‍ വരച്ചിട്ട വഴിയില്‍ ഇന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി നടന്നു നീങ്ങുന്നു. ഇന്നും നേതൃത്വം നല്‍കാന്‍ തങ്ങളുടെ പ്രിയസന്തതികള്‍ നാട്ടുകാര്‍ക്കിടയില്‍ തന്നെയുണ്ട്. ജനങ്ങള്‍ അവരോടൊപ്പമുണ്ട്. കാരണം അഹ്ദല്‍ സാദാത്തീങ്ങളുടെ ജീവിത വിശുദ്ധി ദീനീപാരമ്പര്യത്തിലടിയുറച്ച വിശ്വാസ വിശുദ്ധിയാണ്. നാട്ടില്‍ നടക്കുന്ന എല്ലാ ആത്മീയ സദസ്സുകളിലും അഹ്ദല്‍ സാദാത്തീങ്ങള്‍ ജനങ്ങള്‍ക്ക് ആത്മസംതൃപ്തിയേകുന്നു. “ഈമാന്‍ തെറ്റിപ്പോകരുതെന്ന്” എപ്പോഴും പ്രസംഗിക്കുന്ന സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അത് ജനങ്ങള്‍ക്ക് ജീവിതത്തില്‍ കാണിച്ചു കൊടുത്തു. തങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് മരണമില്ല.

 

 

 

 

Latest