അന്ന് പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നു

Posted on: January 21, 2018 6:10 am | Last updated: January 20, 2018 at 11:12 pm
SHARE

പെട്രോള്‍ ഉത്പന്നങ്ങളുടെ വിശേഷിച്ചും ഡീസലിന്റെ നിരക്ക് അനുദിനം ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ധന അനുഭവപ്പെടുന്നത്. പെട്രോള്‍ വില സംസ്ഥാനത്ത് ലിറ്ററിന് 75.57 രൂപയും ഡീസല്‍ വില 67.79 രൂപയുമാണ്. ദിനംപ്രതി 20 മുതല്‍ 60 പൈസ വര്‍ധനവ് അനുഭവപ്പെടുന്നു. ഡീസലിന് ഇതര സംസ്ഥാനങ്ങളിലേതിനേക്കാള്‍ കേരളത്തില്‍ അഞ്ച് രൂപ വരെ കൂടുതലാണ്. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ നേരിയ വര്‍ധനവാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനവെങ്കില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോള്‍ അതനുസരിച്ച് വിലക്കുറവുണ്ടായില്ല എന്ന വസ്തുത ബന്ധപ്പെട്ടവര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. 2016 അവസാനത്തില്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതോടെയാണ് വില വര്‍ധിക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിയുകയും എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രതയെ അത് ബാധിച്ചു തുടങ്ങുകയും ചെയ്തപ്പോഴാണ് എണ്ണ ഉത്പാദനം പരിമിതപ്പെടുത്താനുള്ള ഒപെകിന്റെ തീരുമാനമുണ്ടായത്.

 

ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ നേരത്തെ പ്രതിമാസമായിരുന്നു വില വര്‍ധിപ്പിച്ചിരുന്നത്. ഓരോ മാസവും യോഗം ചേര്‍ന്ന് വില നിശ്ചയിക്കുന്ന രീതി അവസാനിപ്പിച്ച് ദിനംപ്രതിയുള്ള വില വര്‍ധന ഏര്‍പ്പെടുത്തിയപ്പോള്‍, അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരമനുസരിച്ച് ഉപേഭാക്താവിന് ആനുകൂല്യം ലഭിക്കാനാണ് ഈ മാറ്റമെന്നായിരുന്നു അധികൃതര്‍ പറഞ്ഞു പറ്റിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെ വില, ചരക്ക് കടത്ത്, ഗതാഗതം, നിര്‍മാണ രംഗം തുടങ്ങി മനുഷ്യജീവിതത്തിന്റെ മിക്ക മേഖലയെയും എണ്ണ വില വര്‍ധന ബാധിച്ചിട്ടുണ്ട്. അടുക്കളയില്‍ തീപുകയണമെങ്കില്‍ പുറം സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ട സ്ഥിതി വിശേഷം നിലനില്‍ക്കുന്ന കേരളീയരാണ് ഇതര സംസ്ഥാനക്കാരേക്കാള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്. ചരക്കു കടത്തിനുള്ള ചെലവ് അടുത്തിടെയായി 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ആനുപാതികമായി കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. വാഹന വാടക നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സംസ്ഥാത്ത് വാഹനങ്ങള്‍ ബുധനാഴ്ച പണിമുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് നിരക്ക് വര്‍ധനവിനായി ബസുടമകളും സമരരംഗത്തിറങ്ങുകയാണ്.

 

എണ്ണക്കമ്പനികള്‍ ന്യായമായ ലാഭം മാത്രമെടുക്കുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ എക്‌സൈസ് നികുതിയില്‍ കുറവ് വരുത്തുകയും ചെയ്താല്‍ എണ്ണ നിരക്ക് വര്‍ധന വലിയൊരളവോളം പിടിച്ചു നിര്‍ത്താനാകും. എന്നാല്‍ കമ്പനികളും സര്‍ക്കാറും ചേര്‍ന്നു ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണ വിതരണ കമ്പനികളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ലാഭവിഹിതം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. 2016 ജൂലൈ- സെപ്തംബര്‍ കാലത്ത് എസ്സാര്‍ എണ്ണ കമ്പനിയുടെ വരുമാനം 22448 കോടി രൂപയും ലാഭം 1115 കോടി രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വരുമാനം 13,118 കോടി രൂപയായി കുറഞ്ഞെങ്കിലും ലാഭം 1265 കോടിയായി ഉയരുകയായിരുന്നു. 2016 ഒക്‌ടോബര്‍ -ഡിസംബര്‍ കാലയളവില്‍ റിലയന്‍സിന്റെ വരുമാനം 80,196 കോടിയും ലാഭം 5085 കോടി രൂപയുമാണ്. അവരുടെ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വരുമാനം 56,567 കോടിയായി കുറഞ്ഞപ്പോള്‍ ലാഭം 7318 കോടിയായി വര്‍ധിച്ചു. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുമ്പോള്‍ മുന്‍ വര്‍ഷം 7.3 ഡോളറായിരുന്നു റിലയന്‍സിന്റെ ലാഭമെങ്കില്‍ ഈ വര്‍ഷം അത് 11. 50 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇടക്കാലത്ത് എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ഗുണം ഉപഭോക്താവിന് ലഭിക്കാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല.

പിടിച്ചുപറിയില്‍ സര്‍ക്കാറും ഒട്ടും മോശമല്ല. 2014ല്‍ എണ്ണ വില കുത്തനെ ഇടിഞ്ഞപ്പോള്‍ കമ്പനികള്‍ നാമമാത്രമായെങ്കിലും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നതാണ്. ഈ കുറവിന്റെ ഗുണം ഉപഭോക്താവിന് നല്‍കാതെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് തവണയും ഈ സാമ്പത്തിക വര്‍ഷം മൂന്നു തവണയുമായി മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഏഴ് തവണ എക്‌സൈസ് തീരുവ കൂട്ടി. നികുതി വര്‍ധനവ് ഇല്ലായിരുന്നുവെങ്കില്‍ പെട്രോളിനും ഡീസലിനും ഏകദേശം പത്ത് രൂപ വില കുറയുമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുമ്പോള്‍ നികുതിയില്‍ ഇളവ് വരുത്തി വിലവര്‍ധനവിന്റെ ഭാരത്തില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാനാണ് നികുതി വര്‍ധനവെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വൃത്തങ്ങളുടെ ന്യായീകരണം. അന്ന് പറഞ്ഞത് ബന്ധപ്പെട്ടവര്‍ ഇപ്പോള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയാണ്.

 

കേന്ദ്രത്തില്‍ ബി ജെ പി പ്രതിപക്ഷത്തായിരുന്ന കാലത്ത് യു പി എ സര്‍ക്കാറിനെതിരെ അവര്‍ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം എണ്ണ വില നിയന്ത്രിക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്നും എണ്ണക്കമ്പനികളുമായി ഒത്തുകളിച്ചു ജനങ്ങളെ സര്‍ക്കാര്‍ പിഴിയുന്നുവെന്നുമായിരുന്നു. അക്കാര്യവും ബി ജെ പി നേതൃത്വം മനഃപൂര്‍വം വിസ്മരിക്കുന്നു. വിലനിയന്ത്രിക്കാനുള്ള എല്ലാ അധികാരവും എണ്ണക്കമ്പനികള്‍ക്കാണെന്നു പറഞ്ഞു അനിയന്ത്രിതമായ വിലവര്‍ധനവിനെതിരെ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.