ആദായകരമായാല്‍ കാര്‍ഷികരംഗത്തേക്ക് ചെറുപ്പക്കാര്‍ കടന്നുവരും: മന്ത്രി ചന്ദ്രശേഖരന്‍

Posted on: January 20, 2018 10:46 pm | Last updated: January 20, 2018 at 10:46 pm
SHARE
അടുക്കത്ത്ബയല്‍ പാടശേഖരത്തില്‍ നടന്ന കൊയ്ത്തുത്സവം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കൃഷി ആദായകരവും മാന്യവുമാണെന്ന അവസ്ഥ സൃഷ്ടിക്കുവാന്‍കഴിഞ്ഞാല്‍ മാത്രമേ ചെറുപ്പക്കാര്‍ ഈ രംഗത്തേക്കു കടന്നുവരുകയുള്ളുവെന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ശാസ്ത്രീയമായി കൃഷി പഠിച്ചവരും കര്‍ഷകരും ഒരുമിച്ചു നിന്നാല്‍ കാര്‍ഷികരംഗത്ത് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ആദായകരവും മാന്യവുമെന്ന തോന്നല്‍ ഉണ്ടായാല്‍ യുവാക്കളും കൃഷിയിലേക്കു തിരിയുമെന്നും മന്ത്രി പറഞ്ഞു.

അടുക്കത്ത്ബയല്‍ പാടശേഖര സമിതിയുടെയും കാസര്‍കോട് നഗരസഭ, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ അടുക്കത്ത്ബയല്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ നയം കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒന്നര ലക്ഷം ഹെക്ടറില്‍ മാത്രമാണു കൃഷി ചെയ്തിരുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന സുസ്ഥിര നെല്‍ക്കൃഷി വികസന പദ്ധതി പ്രകാരം രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യുന്ന അവസ്ഥ സമീപകാലത്തുതന്നെ സാധ്യമാകും.

നിലവില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടറില്‍ കൃഷി ചെയ്യുന്നുണ്ട്. പലയിടത്തും ഇനിയു ഹെക്ടര്‍ കണക്കിന് ഭൂമി തരിശായി കിടക്കുകയാണ്. എട്ടുലക്ഷം ഹെക്ടറില്‍ കൃഷി ചെയ്തിരുന്ന നാടായിരുന്നു കേരളമെന്ന് മറക്കരുത്. അധ്വാനത്തിന് അര്‍ഹിച്ച പ്രതിഫലവും വിളകള്‍ക്ക് ന്യായമായ വില ലഭ്യമാകുന്നതോടെ കൂടുതല്‍ ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് കടന്നു വരുമെന്നും മന്ത്രി പറഞ്ഞു.

മിനി റൈസ്മില്ലിന്റെ ഉദ്ഘാടനം അധ്യക്ഷത വഹിച്ച എന്‍എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി ആര്‍ ഉഷാദേവി പദ്ധതി വിശദീകരിച്ചു.
അടുക്കത്ത്ബയല്‍ പാടശേഖരത്തില്‍ 30 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ നേതൃത്വം വഹിച്ച കര്‍ഷകന്‍ എന്‍ ബി പത്മനാഭനെ ചടങ്ങില്‍ ആദരിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here