Connect with us

National

ഡല്‍ഹിയില്‍ വേദിയൊരുങ്ങുന്നത് വന്‍ രാഷ്ട്രീയ അങ്കത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം എല്‍ എമാരെ അയോഗ്യരാക്കിയതോടെ ഡല്‍ഹി വേദിയാകാന്‍ പോകുന്നത് വന്‍ രാഷ്ട്രീയ പോരാട്ടത്തിന്. ഈ സീറ്റുകളിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്ന ബലപരീക്ഷണമാകും. മൂന്നില്‍ ഒന്ന് സിറ്റിംഗ് സീറ്റുകളിലും ജനവിധി തേടണമെന്നത് എ എ പിക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണെങ്കില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും മുന്നില്‍ വലിയ അവസരമാണ് തിരഞ്ഞെടുപ്പ്.

എഴുപതംഗ നിയമസഭയില്‍ ഒറ്റ സീറ്റുമില്ലാത്ത കോണ്‍ഗ്രസിന് ഈ പോരാട്ടം അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷ സമ്മാനിക്കുന്നു. ബി ജെ പിക്കാണെങ്കില്‍ തങ്ങളുടെ നാല് സീറ്റില്‍ നിന്ന് മുന്നോട്ട് പോകാനാകുമെന്നും പ്രതീക്ഷിക്കാം.
എ എ പിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. അയോഗ്യര്‍ പോകുമ്പോള്‍ സീറ്റുകളുടെ എണ്ണം 46 ആകും. അതില്‍ കപില്‍ മിശ്ര ഇടഞ്ഞു നില്‍ക്കുകയാണ്. എന്നാലും ഭരണത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല. സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിക്കാണ് നേട്ടമുണ്ടാകുക. എന്നാല്‍ ഇത്രയും കൂടുതല്‍ സീറ്റുകളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഈ തിയറി പ്രാവര്‍ത്തികമാകണമെന്നില്ല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തന്നെയാകും എ എ പിക്ക് വിനയാകുക. ഈയിടെ രാജ്യസഭയിലേക്ക് പുറത്ത് നിന്നുള്ളവരെ നാമനിര്‍ദേശം ചെയ്തതിലടക്കം പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. കുമാര്‍ വിശ്വാസ് ഉയര്‍ത്തിയ കലാപവും പാര്‍ട്ടിക്ക് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. ഇതൊക്കെയായിട്ടും ബാവനയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ എ എ പിക്ക് സാധിച്ചത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.
കേന്ദ്ര സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും പാര്‍ട്ടിയോട് ശത്രുതാപരമായ സമീപനം പുലര്‍ത്തിയെന്ന പ്രചാരണം അഴിച്ചു വിടാനാകും കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ എ എ പി ശ്രമിക്കുക. ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ മുതലുള്ള സംഭവങ്ങള്‍ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടും.

2015ലെ സമ്പൂര്‍ണ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷനായി നിയമിതനായ അജയ് മാക്കന് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരിക്കും. പാര്‍ട്ടിയില്‍ ചെറിയ ചലനമുണ്ടാക്കാന്‍ മാക്കന് ഈയിടെ സാധിച്ചിട്ടുണ്ട്.
~സീറ്റ് വര്‍ധിപ്പിക്കാന്‍ ബി ജെ പി അതിന്റെ എല്ലാ സാധ്യതകളും വിനിയോഗിക്കും. എ എ പി. എം എല്‍ എമാര്‍ ആയോഗ്യരാക്കപ്പെടുമെന്ന് മുന്‍കൂട്ടി കണ്ട് ബി ജെ പി താഴേതട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു സീറ്റ് പോലും വര്‍ധിപ്പിക്കാനായില്ലെങ്കില്‍ മോദി പ്രഭാവം അസ്തമിച്ചുവെന്ന വിലയിരുത്തല്‍ ശക്തമാകും.

Latest