Connect with us

Editorial

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി അവതാളത്തില്‍

Published

|

Last Updated

മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മെയ്ക്ക് ഇന്‍ പദ്ധതി സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. “മെയ്ക് ഇന്‍ ഇന്ത്യ”യുടെ ഭാഗമായി ആസൂത്രണം ചെയ്തിരുന്ന പല വസ്തുക്കളുടെയും നിര്‍മാണം ആഗോള കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കുകയും അവ ഇറക്കുമതി ചെയ്യാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടു വരികയുമാണ് സര്‍ക്കാര്‍. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ അഹമ്മദാബാദ് ട്രെയിന്‍ നിര്‍മാണത്തിന്റെ 70 ശതമാനവും മുന്‍തീരുമാനത്തിന് വിരുദ്ധമായി ജപ്പാന്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരിക്കയാണ്. ജപ്പാന്റെ സാങ്കേതിക സഹായത്തോടെ പദ്ധതിക്കാവശ്യമായ ഘടകങ്ങളും സാമഗ്രികളും ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു സെപ്തംബറില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദശിച്ചപ്പോള്‍ ഒപ്പ് വെച്ച കരാറിലെ വ്യവസ്ഥ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഒരു മുതല്‍ക്കൂട്ട് എന്ന അടിസ്ഥാനത്തിലാണ് കരാറുണ്ടാക്കിയത്. ആ തീരുമാനം കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ പദ്ധതിയുടെ സിംഹഭാഗവും ജപ്പാനിലെ നിപ്പോണ്‍ സ്റ്റില്‍ ആന്‍ഡ് സുമിന്‍ റോമോ മെറ്റല്‍ കോര്‍പറേഷന്‍, ജെ എഫ് ഇ ഹോള്‍ഡിംഗ്‌സ്, കാവസാക്കി ഹെവി ഇന്‍ഡ്രട്രീസ്, തോഷിബ കോര്‍പറേഷന്‍, ഹിറ്റാച്ചി കോര്‍പറേഷന്‍ എന്നീ കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ബെംഗളൂരുവിലെ ഡി ആര്‍ ഡി ഒയില്‍ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) നിര്‍മിക്കാന്‍ തീരുമാനിച്ച ടാങ്ക്‌വേധ മിസൈലുകളുടെ തദ്ദേശീയ നിര്‍മാണം ഉപേക്ഷിച്ചു ഇസ്‌റാഈലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് കമ്പനിയുമായി സഹകരിച്ചു നിര്‍മിക്കാനുള്ള തീരുമാനവും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് മിസൈല്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള തീരുമാനം മാറ്റിയതെന്നാണ് വിവരം. ഇന്ത്യ-ഇസ്‌റാഈല്‍ സംയുക്ത സംരഭമായി മിസൈല്‍ നിര്‍മിക്കുന്നതിന് റാഫേല്‍ കമ്പനിയുമായി നേരത്തെ കരാറുണ്ടാക്കിയിരുന്നു. വിദേശത്ത് നിന്നും മിസൈല്‍ ഇറക്കുമതി ചെയ്യുന്നത് ഡി ആര്‍ ഡി ഒയുടെ ആയുധ വികസന പരിപാടികളെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കഴിഞ്ഞ നവംബറില്‍ ഇന്ത്യ ഈ കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. കരാറിന് പുനര്‍ജന്മം നല്‍കാനുള്ള തീരുമാനം ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെ ഉദ്ധരിച്ചു അവിടുത്തെ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മോദിയില്‍ നിന്നു നെതന്യാഹുവിന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദക്ഷിണ കൊറിയയുമായി ചേര്‍ന്നു പ്രതിരോധ മേഖലയില്‍ നടപ്പാക്കാന്‍ നിശ്ചയിച്ച 32,000 കോടിയുടെ കപ്പല്‍ നിര്‍മാണ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചത് രണ്ടാഴ്ച മുമ്പാണ്. കടലിനടിയില്‍ നിക്ഷേപിച്ച മൈനുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന അത്യാധുനിക കപ്പലുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. സാങ്കേതികവിദ്യാ കൈമാറ്റം അടക്കമുള്ള കാര്യങ്ങളില്‍ ദക്ഷിണ കൊറിയയുടെ ഭാഗത്തുനിന്നുള്ള നിലപാട് മാറ്റമാണ് പിന്‍വാങ്ങാനുള്ള കാരണമായി പറയുന്നത്.

രാഷ്ട്രത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, സൈന്യത്തെ ആധുനികവത്കരിക്കുക, ലോകവിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുക, അതുവഴി തൊഴില്‍ വര്‍ധനയും സാമ്പത്തിക വികസനവും നേടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ “മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി ആവിഷ്‌കരിച്ചത്. 2020 ആകുമ്പോഴേക്കും പുതിയ 10 കോടി ജോലികള്‍ സൃഷ്ടിക്കുകയും ഇന്ത്യയെ ഇറക്കുമതി രഹിത രാഷ്ട്രമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഡിസംബര്‍ 21ന് ഡല്‍ഹിയില്‍ ഒരു പൊതുപരിപാടിക്കിടെ നിതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡി എം ഇ ഒ അനില്‍ ശ്രീവാസ്തവ് പറഞ്ഞത്. ആയുധങ്ങളുടെ തദ്ദേശ നിര്‍മാണം ഒന്നൊന്നായി റദ്ദാക്കി അവ പുറംരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താല്‍ എങ്ങനെയാണ് ലക്ഷ്യം നേടാനാകുക? മോദി ഭരണത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് പൂര്‍വോപരി വര്‍ധിക്കുകയാണെന്നാണ് ലേബര്‍ ബ്യൂറോ പോലെയുള്ള ഔദ്യാഗിക ഏജന്‍സികളുടെ പഠനങ്ങള്‍ കാണിക്കുന്നത്.

വലിയ പദ്ധതികള്‍ സ്വപ്‌നം കാണാന്‍ എളുപ്പമാണ്. പ്രായോഗം പലപ്പോഴും ദുഷ്‌കരവുമായിരിക്കും. നല്ല ഇച്ഛാശക്തിയും ഉറച്ച തീരുമാനവും ഉണ്ടെങ്കിലേ അത് സാധ്യമാകൂ. മികച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ പല വസ്തുക്കളും ഇറക്കുമതി ചെയ്യുകയാണ്. ഇത് തദ്ദേശീയമായി നിര്‍മിക്കുമ്പോള്‍ വിദേശ കമ്പനികള്‍ക്ക് വലിയൊരു വിപണിയാണ് നഷ്ടമാകുന്നത്. അതുകൊണ്ട് തദ്ദേശീയ നിര്‍മാണത്തിന് അള്ള് വെക്കാനും വ്യാപാര കരാറുകള്‍ നഷ്ടമാകാതിരിക്കാനും എല്ലാ അടവുകളും അവര്‍ പയറ്റും. വിദേശ ഭരണാധികാരികളുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യം പലപ്പോഴും പുതിയ വ്യാപാര കരാറുകളും നിലവിലുള്ളതിന്റെ വിപുലീകരണവുമാണ്. വിദേശ നേതാക്കളും കമ്പനികളും ഇത്തരം ലക്ഷ്യങ്ങളുമായി എത്തുമ്പോള്‍, അവ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് ഉറപ്പ് വരുത്തുകയും അല്ലാത്തവ നിരസിക്കാന്‍ തന്റേടം കാണിക്കുകയും ചെയ്യുന്നിടത്താണ് ഭരണാധികാരിയുടെ പ്രാഗത്ഭ്യം. സാധിക്കുന്നിടത്തോളം ഇറക്കുമതി ഒഴിവാക്കി രാജ്യത്തിനാവശ്യമായ വസ്തുക്കള്‍ ഇവിടെ തന്നെ നിര്‍മിച്ചെങ്കില്‍ മാത്രമേ “മെയ്ക്ക് ഇന്‍ ഇന്ത്യ” ലക്ഷ്യത്തിലെത്തുകയുള്ളൂ.

Latest