Connect with us

Articles

അങ്ങനെ, തൊഗാഡിയയും കൈ കൂപ്പുകയാണ്

Published

|

Last Updated

ഒരല്‍പ്പം ചരിത്രം പറയാം. ഒന്നര പതിറ്റാണ്ട് മുമ്പാണ്, 2002ലെ ഗുജറാത്ത് കലാപനാളുകള്‍. ഓര്‍മ നശിക്കാത്തവരുടെ മനസ്സില്‍ ഇന്നും സംഘ്പരിവാര്‍ നടത്തിയ ആ രാജ്യദ്രോഹപ്രവൃത്തികളുടെ ഭീകര മുഖം തെളിഞ്ഞ് വരും. അതെ കുത്തുബുദ്ദീന്‍ അന്‍സാരിയെന്ന 29കാരനായ ചെറുപ്പക്കാരന്റെ ചിത്രം. തന്റെ ജീവന് വേണ്ടി വര്‍ഗീയ കോമരങ്ങളുടെ മുന്നില്‍ ഇരുകൈകളും കൂപ്പി യാചിക്കുന്ന ഒരു ഗുജറാത്തി യുവാവ്. പക്ഷേ അന്ന് പലര്‍ക്കും ആ യുവാവും ആ യുവാവ് പ്രതിനിധാനം ചെയ്യുന്ന സമൂഹവും അനുഭവിച്ച വേദനയും ഒറ്റപ്പെടുത്തലും അളക്കാനുള്ള മാനസിക വികാസമുണ്ടായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി പിറന്ന നാട്ടില്‍ നിന്നും ആ ചെറുപ്പക്കാരന്‍ പിന്നീട് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്തു. ഇത് പഴയ ചരിത്രം.

15 വര്‍ഷങ്ങള്‍ക്ക് ശേഷം കാവ്യ നീതിയെന്ന കാറ്റ് ചരിത്രത്തെ മറ്റൊരു ദിശയിലേക്ക് തള്ളിനീക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്. അന്ന് മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള അക്രമത്തിന് മുനയും മൂര്‍ച്ചയും ഒരുക്കിയവരില്‍ പ്രമുഖനായ പ്രവീണ്‍ തൊഗാഡിയ എന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവ് ഇന്ന് ജീവിക്കാന്‍ വേണ്ടി പൊട്ടിക്കരഞ്ഞു കൊണ്ട് രാജ്യത്തോട് കൈകൂപ്പുകയാണ്.

തൊഗാഡിയ, വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ആയതുകൊണ്ടുതന്നെ ആ കൈകൂപ്പലിനും കണ്ണീരൊഴുക്കലിനും ഒരുപാട് മാനങ്ങളുണ്ട്. രണ്ട് തരത്തില്‍ തൊഗാഡിയുടെ ഇന്നത്തെ അവസ്ഥയെ വിലയിരുത്തേണ്ടി വരുന്നത് അദ്ദേഹം ഒരു സംഘ്പരിവാര്‍ നേതാവായതു കൊണ്ടാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരിക്കലും യോജിക്കാത്ത, നന്നായി അഭിനയിക്കാനറിയാവുന്നവരെ രാജ്യത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രത്യയ ശാസ്ത്രപിന്‍ബലത്തിലുള്ള ഒരാളെ എങ്ങനെയാണ് തീര്‍ത്ത് വിശ്വസിക്കാനാകുക എന്നത് പ്രസക്തമാണ്.

ബി ജെ പി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പോലീസ് സംഘം തന്നെ വേട്ടയാടുകയാണെന്നും വ്യാജ ഏറ്റുമുട്ടല്‍ നടത്തി തന്നെ വധിക്കാന്‍ രാജസ്ഥാന്‍ പോലീസ് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഏത് നിമിഷവും താന്‍ കൊല്ലപ്പെടാമെന്നുമാണ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം പറഞ്ഞത്.
1983ലാണ് തൊഗാഡിയ വി എച്ച് പിയില്‍ ചേരുന്നത്. തുടര്‍ന്നിങ്ങോട്ട് രാജ്യം മുഴുവനും ഭയം വിതച്ച് നടന്നൊരാളാണ് ഇന്ന് സ്വന്തം ജീവനില്‍ പേടിച്ച് വിറച്ച് കണ്ണീരൊഴുക്കുന്നത്. 2002ലെ ഗുജറാത്ത് കലാപകാലമുള്‍പ്പെടെയുള്ള കാലങ്ങളില്‍ മോദിക്കൊപ്പം ഒരേ മനസ്സോടെ നിന്ന തൊഗാഡിയ ഇന്ന് തന്റെ ജീവന്‍ അവര്‍ വ്യജ ഏറ്റുമുട്ടലുകളിലൂടെ കവര്‍ന്നെടുക്കുമെന്ന് പറയുന്നുണ്ടെങ്കില്‍ മോദിയെയും അനുയായിവൃന്തത്തേയും നന്നായി അറിയുന്ന ഒരാളെന്ന നിലയില്‍ തൊഗാഡിയ പറയുന്നത് നിസ്സാരമായി കാണാനാകില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ രാജ്യത്ത് ആവര്‍ത്തിക്കുമ്പോഴൊക്കെയും അതിലൊക്കെ വിരല്‍ചൂണ്ടപ്പെടുന്നവരിലേക്കാണ് തൊഗാഡിയയും വിരല്‍ചൂണ്ടിയിരിക്കുന്നത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഇസ്‌റത്ജഹാന്‍, സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ ആരോപണ വിധേയരിലൊരാള്‍ പരമോന്നത നേതാവായ അമിത് ഷായാണ്.

ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത നീതിന്യായ സംവിധാനം പോലൂം പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കേസില്‍ നിന്ന് അമിത് ഷായെ ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന സി ബി ഐ ജഡ്ജ് ലോയയുടെ ദുരൂഹ മരണവും ഒരു പക്ഷേ തൊഗാഡിയക്ക് ചിലബോധ്യങ്ങള്‍ നല്‍കുന്നുണ്ടാകണം.
അതേസമയം, തൊഗാഡിയ അബോധാവസ്ഥയില്‍ കിടന്നുവെന്ന് പറയുന്നത് അഹമ്മദാബാദിനടുത്തുള്ള കോട്ടാര്‍പൂര്‍ എന്ന സ്ഥലത്തിന് സമീപമാണ്. ഇതേ സ്ഥലത്താണ് ഇസ്‌റത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല നടന്നതെന്നതും കാലത്തിന്റെ പകരംവീട്ടലാകാം. ഒപ്പം നില്‍ക്കുന്നവരെ കൊന്നുതള്ളിയ പാരമ്പര്യം തന്റെ ഒപ്പം നില്‍ക്കുന്നവര്‍ക്കുണ്ടെന്ന് മറ്റാരേക്കാളും തൊഗാഡിയക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയായിരിക്കണം തൊഗാഡിയ എന്ന വര്‍ഗീയ വിഷം ചീറ്റുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് പരിതപിക്കുന്നത്. സംഘ്പരിവാറിന്റെ പ്രമുഖ പ്രചാരകനായ ദീന്‍ദയാല്‍ ഉപാധ്യായ, ഗുജറാത്ത് ആഭ്യന്തരമന്ത്രിയും മോദിയുടെ ശത്രുവുമായിരുന്ന ഹരന്‍ പാണ്ഡ്യ, ആര്‍ എസ് എസ് നേതാവ് സുനില്‍ ജോഷി തുടങ്ങിയവരുടെ ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പോകാത്തതിന്റെ കാരണവും ഒരുപക്ഷേ തൊഗാഡിയക്കറിയാമായിരിക്കാം. അതുകൊണ്ടുതന്നെ തൊഗാഡിയയുടെ ആരോപണങ്ങളെ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് മാത്രമല്ല, ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഭിന്നത കൂടിയാണ് പുറത്തായിരിക്കുന്നത്.

ഒരു കാലത്ത് ഒരു ബോധവുമില്ലാതെ പ്രസംഗിച്ച് നടന്ന തൊഗാഡിയയുടെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകവും അതിന്റെ ഉള്ളടക്കവും തങ്ങള്‍ക്കെതിരാവുമെന്ന് തിരിച്ചറിഞ്ഞ മോദി ഭരണകൂടം എതിര്‍ ശബ്ദങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. ഒപ്പം മോദി ഭരണത്തില്‍ തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന വി എച്ച് പി നേതാക്കള്‍ പോലും സുരക്ഷിതരല്ലെന്ന സന്ദേശം കൂടിയാണ് ഇത് സമൂഹത്തിന് നല്‍കുന്നത്. അതേസമയം, ഇതിന്റെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. ജനങ്ങളുടെ മുമ്പില്‍ തമ്മിലടിക്കുകയും തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ കൈകോര്‍ക്കുകയും ചെയ്യുന്ന ബി ജെ പി, വി എച്ച് പി കൂട്ടുകെട്ടുകളുടെ അജന്‍ഡയുടെ ഭാഗമാണോ തൊഗാഡിയയുടെ ബോധക്ഷയവും കാണാതാകലുമെന്ന സംശയം ബാക്കിയാകുന്നുണ്ട്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാളെ കാണാതാകുകയെന്ന് പറഞ്ഞാല്‍ അത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണ്.

ഇതിനിടെ കാണാതായ സംഭവം തൊഗാഡിയ തന്നെ ഒരുക്കിയ നാടകമായിരുന്നുവെന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്. ഒരു വി ഐ പിയായ രോഗി വരുന്നത് സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ക്ക് നേരത്തെ ലഭിച്ചിരുന്നുവെന്നും തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ചെലവില്‍ സുരക്ഷയൊരുക്കി കഴിയുന്ന ഒരാള്‍ക്ക് രാജ്യത്തിനെതിരെ “നാടകം” കളിക്കാന്‍ അവസരം ഒരുക്കി നല്‍കുന്നതാണോ പോലീസിന്റെ പണിയെന്ന ചോദ്യവും ബാക്കിയാകുകയാണ്.

എന്ത് തന്നെയായാലും നമ്മുടെ രാജ്യത്ത് എതിര്‍ശബ്ദങ്ങളെ ഭയപ്പെടുന്ന ഒരു ഭരണകൂടമാണ് മോദിയെന്ന പ്രധാനമന്ത്രിയുടെ കീഴിലുള്ളതെന്ന് ഒടുവില്‍ സംഘ്പരിവാര്‍ ഭിന്നതകള്‍ പോലും വിളിച്ചുപറയുകയാണ്. 2002ല്‍ കുത്തുബുദ്ദീന്‍ അന്‍സാരിയില്‍ അവസാനിക്കേണ്ടിയിരുന്ന നീതിക്കുവേണ്ടിയുള്ള കൈകൂപ്പലുകള്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനാസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് നീതിനടപ്പിലാക്കാനാകുന്നില്ലെന്ന് പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്‍മാര്‍ വരെ കൈകൂപ്പി പറയുന്ന കാലത്തിലേക്ക് ഫാസിസം നമ്മെ എത്തിച്ചിരിക്കുന്നു. രാജ്യത്ത് എങ്ങും നീതിക്ക് വേണ്ടിയുള്ള കൈകൂപ്പിയുള്ള തേങ്ങലുകള്‍ അലയടിക്കുകയാണ്. ഏകാധിപതികളുടെ ഭരണത്തില്‍ ഒപ്പമുള്ളവരും കൈ ഉയര്‍ത്താന്‍ പാടില്ലെന്ന അപകടകരമായ സന്ദേശമല്ലാതെ മറ്റെന്താണ് തൊഗാഡിയ നമ്മോട് പറയുന്നത്?

 

 

 

 

---- facebook comment plugin here -----

Latest