കാസര്‍കോട് ജില്ലയില്‍ കവര്‍ച്ചയുടെ പേരില്‍ കൊലചെയ്യപ്പെട്ടത് മൂന്ന് വീട്ടമ്മമാര്‍.

Posted on: January 19, 2018 10:43 pm | Last updated: January 19, 2018 at 10:43 pm

കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ കാസര്‍കോട് ജില്ലയില്‍ കവര്‍ച്ചയുടെ പേരില്‍ ദാരുണമായി കൊലചെയ്യപ്പെട്ടത് മൂന്ന് വീട്ടമ്മമാര്‍.

പനയാലിലെ ദേവകി, പുലിയന്നൂരിലെ ജാനകി എന്നിവര്‍ കൊലചെയ്യപ്പെട്ട കേസുകളില്‍ പ്രതികളെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് പെരിയ ആയമ്പാറയിലെ വീട്ടിനകത്ത് തമ്പായി എന്ന സുബൈദയും സമാനരീതിയില്‍ കൊല്ലപ്പെട്ട വിവരം പുറംലോകമറിഞ്ഞത്.

പനയാല്‍ കാട്ടിയടുക്കത്തെ ദേവകി കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ്. ചീമേനി പുലിയന്നൂരില്‍ പി വി ജാനകി കൊല്ലപ്പെട്ടത് കഴിഞ്ഞമാസം 13നും. ഇരുവരുടെയും അരുംകൊലകളില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് നെട്ടോട്ടമോടുന്നതിനിടെയാണ് നാടിനെ നടുക്കി വീണ്ടും മറ്റൊരു കൊലപാതകം സംഭവിച്ചത്. പുലിയന്നൂര്‍ കവര്‍ച്ചക്കും കൊലക്കും സമാനമായ രീതിയില്‍ രാവണേശ്വരം വേലാശ്വരത്ത് വൃദ്ധദമ്പതികള്‍ അക്രമിക്കപ്പെട്ട സംഭവത്തിലും പ്രതികളെക്കുറിച്ച് സൂചനയില്ല. ഇവിടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അയല്‍വാസിയായ ഹോട്ടലുടമ ആത്മഹത്യ ചെയ്തതോടെ അന്വേഷണം പൂര്‍ണ്ണമായും നിലക്കുകയും ചെയ്തു.

കവര്‍ച്ചക്ക് വേണ്ടിയുള്ള അരുംകൊലകളുടെ ഞെട്ടലില്‍ നാട്ടുകാര്‍ വിറങ്ങലിച്ച് നില്‍ക്കെയാണ് നാടിനെ നടുക്കിയ മറ്റൊരു കൊലയുടെയും കവര്‍ച്ചയുടെയും വിവരം ഇന്നലെ ഉച്ചയോടെ പുറത്തറിഞ്ഞത്.
സുബൈദ ജോലിനോക്കുന്ന വീട്ടിലെ അംഗമായ കുഞ്ഞബ്ദുല്ല ഇന്നലെ സുബൈദയെ അന്വേഷിച്ച് പെരിയ ആയമ്പാറയിലെ വീട്ടിലെത്തിയപ്പോഴാണ് അരുംകൊലയുടെ വിവരമറിയുന്നത്. സുബൈദ രണ്ടു ദിവസമായി പള്ളിക്കര ബിലാലിലെ വീട്ടിലെത്തിയിരുന്നില്ല. കാര്യമറിയാന്‍ ഇവര്‍ ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച്ഡ്ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് പള്ളിക്കര ബിലാലില്‍ നിന്നും കുഞ്ഞബ്ദുല്ല സുബൈദയുടെ വസതിയിലെത്തിയത്.സുബൈദ വധക്കേസിലും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ല.