നാറ്റോയുമായി ഖത്വര്‍ സുരക്ഷാ കരാര്‍ ഒപ്പിട്ടു

Posted on: January 19, 2018 8:28 pm | Last updated: January 19, 2018 at 8:28 pm
ബ്രിഗേഡിയര്‍ ജനറല്‍ താരിഖ് ഖാലിദ് എം എഫ് അലൊബൈദലിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമോല്ലറും കരാറുകള്‍ കൈമാറുന്നു

ദോഹ: ഖത്വറും നാറ്റോയും തമ്മില്‍ സുരക്ഷാ കരാര്‍ ഒപ്പുവെച്ചു. സുരക്ഷാ രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാനും പരസ്പരം സഹായിക്കാനുമാണ് കരാര്‍.

ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്വരി സായുധ സേന അന്താരാഷ്ട്ര സൈനിക സഹകരണ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ താരിഖ് ഖാലിദ് എം എഫ് അലൊബൈദലിയും നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റോസ് ഗോട്ടെമോല്ലറുമാണ് കരാര്‍ ഒപ്പുവെച്ചത്. ഇസ്തംബുള്‍ സഹകരണ സംരഭത്തില്‍ (ഐ സി ഐ) ഖത്വറുമായുള്ള നാറ്റോയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും റോസ് ഗോട്ടെമോല്ലെര്‍ ചൂണ്ടിക്കാട്ടി.

29 അംഗ രാജ്യങ്ങളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്ന ക്ലാസിഫൈഡ് വിവരങ്ങളുടെ കൈമാറ്റത്തിലുള്ള സംരക്ഷണത്തിനുള്ള ചട്ടക്കൂട് പ്രദാനം ചെയ്യുകയാണ് കരാര്‍. നാറ്റോയുമായി സഹകരണത്തിന് താത്പര്യമുള്ള നാറ്റോയുടെ എല്ലാ പങ്കാളിത്ത രാജ്യങ്ങളും ഈ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

നാറ്റോയുമായി ഖത്വര്‍ കൂടാതെ ബഹ്‌റൈന്‍, കുവൈത്ത്, യു എ ഇ എന്നിവയും വ്യക്തിഗത കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. കരാറിലൂടെ ഐ സി ഐ രാജ്യങ്ങളുടെ നാറ്റോയുമായുള്ള വ്യക്തിഗത പങ്കാളിത്ത സഹകരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാനും കഴിയും.