Connect with us

Gulf

ഹമദ് അത്യാഹിത സമുച്ചയം ഈ വര്‍ഷം പൂര്‍ത്തിയാകും

Published

|

Last Updated

ദോഹ: ഹമദ് ജനറല്‍ ആശുപത്രിയുടെ പുതിയ അത്യാഹിത വിഭാഗം സമുച്ചയം ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. മേഖലയിലെ ഏറ്റവും വലിയ അത്യാഹിത സമുച്ചയം എന്ന അംഗീകാരത്തോടെയാണ് നിലവിലുള്ളതിനേക്കാള്‍ മൂന്നിരട്ടി സൗകര്യങ്ങളോടെ പുതിയ വികസനം നടക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) അറിയിച്ചു.

നാല് നിലകളുള്ള സമുച്ചയത്തില്‍ താഴത്തെ നിലയില്‍ ചെറിയ കേസുകളാണ് കൈകാര്യം ചെയ്യുക. ആംബുലന്‍സിലെത്തുന്ന അടിയന്തര കേസുകള്‍ ഒന്നാം നിലയിലും വ്യത്യസ്ത സേവനങ്ങള്‍ക്കായി മുകളിലെ നിലകളുമാണ് ഉപയോഗിക്കുക. പുതിയ സമുച്ചയത്തില്‍ ആംബുലന്‍സിനായി പ്രത്യേക പ്രവേശന കവാടമുള്ളതിനാല്‍ മറ്റു വാഹനങ്ങളുടെയും രോഗികളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെയും തടസമില്ലാതെ അതിവേഗം കാഷ്വാലിറ്റിയിലെത്തിച്ചേരാനാകും. വെള്ളത്തില്‍ മുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ പെട്ടവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനായി മള്‍ട്ടി പ്ലേസ് ഹൈപ്പര്‍ബാറിക് ചേംബറാണ് സമുച്ചയത്തിന്റെ മറ്റൊരു സവിശേഷത. വ്യത്യസ്ത മെഡിക്കല്‍ സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് ഓക്സിജന്‍ തെറാപ്പി നല്‍കാനും ചേംബര്‍ സഹായകമാകും.

അടിയന്തര സാഹചര്യങ്ങളിലുള്ള രോഗികള്‍ക്ക് അതിവേഗ ചികിത്സി നല്‍കാനായി അത്യാഹിത വിഭാഗത്തെ ഹമദ് ജനറല്‍ ആശുപത്രിയിലെ പുതിയ ശസ്ത്രക്രിയ തിയേറ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പുതിയ ട്രോമ, അത്യാഹിത വകുപ്പുകളില്‍ മികച്ച സേവനം ലഭിക്കും. സി ടി സ്‌കാന്‍, എം ആര്‍ ഐ, എക്സ്റേ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളുമുണ്ട്. 30,000 ചതുരശ്ര മീറ്ററിലായി 227 ചികിത്സാ മുറികളും ട്രോമ മുതല്‍ അടിയന്തര പരിചരണം, ഹ്രസ്വ താമസം, വാക്ക് ഇന്‍ സേവനങ്ങള്‍ തുടങ്ങിയവയുമുണ്ട്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് യൂനിറ്റുകളും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും നൂറ് സീറ്റുകളുള്ള ഓഡിറ്റോറിയവും ഭക്ഷ്യ ശീതള പാനീയ കഫേകളും പോലീസ് സ്റ്റേഷനുമുണ്ട്.

 

 

 

Latest