Connect with us

Gulf

വ്യോമമേഖല സുരക്ഷിതമാക്കാന്‍ ഖത്വര്‍-യു കെ സംയുക്ത സേന

Published

|

Last Updated

ദോഹ: ഖത്വറില്‍ നടക്കുന്ന 2022ലെ ലോകകപ്പ് ടൂര്‍ണമെന്റ് വേളയില്‍ രാജ്യത്തിന്റെ വ്യോമമേഖല സുരക്ഷിതമാക്കനായി യു കെയുമായി ചേര്‍ന്ന് സംയുക്ത സേന രൂപവത്കരിക്കാന്‍ ഖത്വര്‍ കരാറിലെത്തിയതായി പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ അറിയിച്ചു.

പ്രതിരോധത്തിനുള്ള സന്നദ്ധത ഉറപ്പാക്കുക, തീവ്രവാദത്തിനെതിരെ പോരാടാനുള്ള സംയുക്ത നടപടികള്‍ വര്‍ധിപ്പിക്കുക, മേഖലക്ക് അകത്തും പുറത്തും സ്ഥിരത ഉറപ്പാക്കാനുള്ള നയപരമായ ശ്രമങ്ങള്‍ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് സംയുക്ത സേനക്ക് രൂപം നല്‍കുന്നത്. ലോകകപ്പ് സമയങ്ങളില്‍ വ്യോമ മേഖല സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് സേന വഹിക്കുക. ലോകകപ്പ് ടൂര്‍ണമെന്റ് വേദി ഖത്വറില്‍ നിന്ന് മാറ്റാനുള്ള നീക്കങ്ങളെ അതിജീവിച്ചാണ് ഖത്വര്‍ മുന്നോട്ടു പോകുന്നത്. ഉപരോധത്തിന്റെ മറ പറ്റി വ്യോമമേഖലയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളുടെകൂടി പശ്ചാത്തലത്തില്‍ ബ്രിട്ടണുമായുള്ള കരാറിന് പ്രാധാന്യമുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടക്കാട്ടി.

ലണ്ടനിലെ പ്രതിരോധ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങിലാണ് ഖത്വര്‍ പ്രതിരോധ മന്ത്രി സംയുക്ത സേനാ വിവരം അറിയിച്ചത്. 2014 മുതല്‍ ഖത്വരി വിദേശ കാര്യ നയതന്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കുന്ന വിശ്വസ്ത പങ്കാളികളാണ് റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ സേവിക്കാനായി അടുത്തിടെയാണ് 26 മധ്യ, ഉന്നത റാങ്കിലുള്ള ഓഫീസര്‍മാര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടിയത്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച പ്രതിരോധ, ഇന്റലിജന്‍സ് ശേഷി വര്‍ധിപ്പിക്കാനും അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധ സാഹചര്യത്തില്‍ യു കെയുമായുള്ള സംയുക്ത സൈനിക ബന്ധം ശക്തമാക്കുന്നതിലും വികസിപ്പിക്കുന്നതിലും തന്റെ സന്ദര്‍ശനത്തിന് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് 24 ടൈഫൂണ്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ യു കെയുമായി ഖത്വര്‍ പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. കരാറിലൂടെ യു കെയില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വലുപ്പവും ജനസംഖ്യയും ചൂണ്ടിക്കാട്ടി സഊദി സഖ്യങ്ങള്‍ രാജ്യത്തെ ജനങ്ങളെ വിലകുറച്ച് കാണാനാണ് ശ്രമിച്ചത്. എന്നാല്‍ ഉപരോധത്തെ അതിജീവിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കാണിക്കുന്ന പ്രതിജ്ഞാ ബദ്ധതയുടെ തോത് പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest