ജിത്തു വധം: ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു; മകനെ കൊന്നത് ഒറ്റക്ക് തന്നെ

Posted on: January 19, 2018 3:06 pm | Last updated: January 19, 2018 at 4:59 pm

കൊല്ലം: കൊട്ടിയം കുരീപ്പള്ളിയില്‍ 14 വയസുകാരനായ മകനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ജയമോളെ പരവൂര്‍ ഫസ്റ്റ് കാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ജയമോള്‍ രണ്ട് തവണ കോടതി വളപ്പില്‍ കുഴഞ്ഞുവീണു. ഇത് ശ്രദ്ധയില്‍ പെട്ട മജിസ്‌ട്രേറ്റ് കാര്യം ആരാഞ്ഞപ്പോള്‍ തന്നെ പോലീസ് മര്‍ദിച്ചുവെന്ന മറുപടിയാണ് ജയമോള്‍ നല്‍കിയത്. എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലെന്നും ജയമോള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസിനെ ശക്തമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ജയമോളെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കാനും കോടതി ഉത്തരവിട്ടു. മകനെ കൊന്നത് താന്‍ ഒറ്റക്ക് തന്നെയെന്ന മൊഴി ജയമോള്‍ കോടതിയിലും ആവര്‍ത്തിച്ചു.

നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബി (14) നെ മാതാവ് ജയമോള്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ പ്രകോപിതനായതിനാലാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. വിലക്കിയിട്ടും മകന്‍ ഭര്‍ത്താവ് ജോബിന്റെ വീട്ടില്‍പോയെന്ന് ജയ പോലീസിനോട് പറഞ്ഞു. ജോബിന്റെ സഹോദരിയുമായി ജയ കടുത്ത വിരോധത്തിലായിരുന്നു. മകന്‍ തിരികെ വന്നപ്പോള്‍ സ്വത്ത് നല്‍കില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി അറിയിച്ചു. ഇതില്‍ പ്രകോപിതയായാണ് മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്.
മറിഞ്ഞുവീണ ജിത്തു ഷാള്‍ മുറുകി മരിച്ചു. അതേസമയം, കൊലപാതകം ആസൂത്രിതമല്ലെന്ന വിലയിരുത്തലിലാണ് പോലീസ്.

ആരും കളിയാക്കുന്നതു ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നു ജിത്തുവിന്റെ പിതാവ് ജോബ് പറഞ്ഞു. ജയമോള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ഭാര്യയുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ മാറ്റം വന്നതെന്നും ജോബ് പറയുന്നു. ഇതു തടയാന്‍ പല തവണ ജോബ് ശ്രമിച്ചിരുന്നു. മകനെ താക്കീത് ചെയ്യുകയും ചെയ്തു.
പക്ഷേ ഫലം കണ്ടില്ല. മാതാവിന് വട്ടാണെന്ന് പറഞ്ഞു മകന്‍ കളിയാക്കാറുണ്ടായിരുന്നുവെന്നും കളിയാക്കുമ്പോള്‍ ഭാര്യ അക്രമാസക്തയാകുമെന്നും മകനും മാതാവും തമ്മില്‍ എപ്പോഴും വഴക്കുണ്ടാക്കിയിരുന്നുവെന്നും ജോബ് പറഞ്ഞു. ദേഷ്യം വന്നപ്പോള്‍ മകനെ തീയിലേക്കു വലിച്ചിട്ടുവെന്നാണു ജയമോള്‍ തന്നോടു പറഞ്ഞതെന്നും ജോബ് പറയുന്നു. എന്നാല്‍ അന്വേഷണസംഘം ഇതു തള്ളിക്കളഞ്ഞു.
ജയമോളെ വൈദ്യപരിശോധനക്കു വിധേയമാക്കിയ ഡോക്ടര്‍മാര്‍ ഇവര്‍ക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മകനെ ഷാള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയതിനുശേഷം തീയിലിട്ടുവെന്നും കൊന്നത് ഒറ്റക്കാണെന്നുമുള്ള ജയയുടെ മൊഴിയും പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. 14 വയസുള്ള കുട്ടിയെ ജയമോള്‍ക്ക് ഒറ്റക്ക് കൊലപ്പെടുത്താന്‍ കഴിയില്ലെന്നും സംഭവത്തില്‍ മറ്റാളുകള്‍ക്ക് പങ്കുണ്ടെന്നുമാണ് അന്വേഷണസംഘം കരുതുന്നത്.

വീട്ടില്‍നിന്നു കുറയധികം ദുരത്താണു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരത്തേക്ക് ഇവര്‍ക്ക് ഒറ്റക്ക് മൃതദേഹം എത്തിക്കാന്‍ സാധിക്കില്ലെന്നും മറ്റൊരാളുടെ സഹായം ജയക്ക് കിട്ടിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ ജിത്തുവിന്റെ മൃതദേഹം ബുധനാഴ്ചയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിരുന്നു. മുഖം കരിഞ്ഞ് വികൃതമായ നിലയിലുമായിരുന്നു.
മൃതദേഹം കത്തിക്കാന്‍ പെട്രോള്‍ ഉപയോഗിച്ചുവെന്നാണു നിഗമനം. ഈ പെട്രോള്‍ എങ്ങനെ കിട്ടിയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ജയമോള്‍ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെ മാത്രമെ കൊലപാതക കാരണവും കൂടുതല്‍ പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു.