ബാര്‍കോഴ കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Posted on: January 19, 2018 11:28 am | Last updated: January 19, 2018 at 3:07 pm
SHARE

കൊച്ചി: ഏറെ രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ബാര്‍കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇതുസംബന്ധിച്ച് വിജിലന്‍സ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മാധ്യമ ചര്‍ച്ചകള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കി.

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. കേരള കോണ്‍ഗ്രസ്- എം നേതാവ് കൂടിയായ കെ എം മാണി പ്രതിയായ ബാര്‍ കോഴ കേസില്‍ സാഹചര്യ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നും മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ല. പരാതിക്കാരനായ ബിജു രമേശ് തെളിവായി സമര്‍പ്പിച്ച സി ഡിയില്‍ കൃത്രിമം നടന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കി. അതേസമയം, അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിജിലന്‍സ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 30 ദിവസം അന്വേഷണം പൂര്‍ത്തിയാക്കാനും ബാക്കി 15 ദിവസം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമാണ്.

കോഴ ആരോപണത്തില്‍ തെളിവില്ലെന്ന് ആദ്യ അന്വേഷണത്തിലും തുടരന്വേഷണത്തിലും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വീണ്ടും തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെതിരെ മാണി നല്‍കിയ ഹരജിയിലാണ് ഇന്നലെ കോടതി 45 ദിവസത്തെ സാവകാശം നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടച്ച ബാറുകള്‍ തുറക്കാന്‍ മാണി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് പ്രധാന ആരോപണം. 148 ബാറുകള്‍ തുറക്കാന്‍ മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്നാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്. മാണിയെ കുറ്റവിമുക്തനാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍ സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. അതിനെതിരെ പിന്നീട് പരാതിക്കാര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചാണ് തുടരന്വേഷണ അനുമതി നേടിയെടുത്തത്.