നിയമസഭാ സമ്മേളനം 22 മുതല്‍; ബജറ്റ് ഫെബ്രുവരി രണ്ടിന്

Posted on: January 19, 2018 10:14 am | Last updated: January 19, 2018 at 11:07 am

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 22ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2018-19 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും.
ഒന്‍പതാം സമ്മേളനം ആകെ 11 ദിവസമായിരിക്കും. അതില്‍ നയപ്രഖ്യാപന പ്രസംഗത്തിനും ബജറ്റിന്‍ മേലുള്ള പൊതുചര്‍ച്ചക്കും മൂന്ന് ദിവസം വീതവും നീക്കിെവച്ചിട്ടുണ്ട്.

നിലവിലെ സഭയില്‍ അംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍, സി പി ഐ നേതാവും മുന്‍ മന്ത്രിയും ഒന്നാം കേരള നിയമസഭ മുതല്‍ വിവിധ സഭകളില്‍ അംഗമായിരിക്കുകയും ചെയ്ത ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ വിയോഗത്തില്‍ സഭ ഈ മാസം 23ന് അനുശോചനം രേഖപ്പെടുത്തി പിരിയും.
സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള രണ്ട് ദിവസത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളായിരിക്കും പരിഗണിക്കുക. നിശ്ചയിച്ചിട്ടുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, ഒന്‍പതാം സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും.