Connect with us

Articles

ഉമ്മ പകര്‍ന്നു തന്ന പങ്കുവെപ്പുകളുടെ പാഠം

Published

|

Last Updated

1980കളുടെ തുടക്കം. ദാരിദ്ര്യത്തില്‍ നിന്നും കൊടും പട്ടിണിയില്‍ നിന്നും കേരളം പതുക്കെ മൂരിനിവര്‍ന്ന് എഴുന്നേല്‍ക്കാന്‍ തുടങ്ങിയെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നില്ല. നാട്ടിന്‍പുറങ്ങളില്‍ ആകെയുള്ള തൊഴില്‍ നെല്‍കൃഷിയാണ്. അതുമായി ബന്ധപ്പെട്ട കന്നുപൂട്ടല്‍, വളത്തിന് വേണ്ടി പൊതക്കാടുകളും മരച്ചില്ലകളും വെട്ടി വയലിലെത്തിക്കല്‍, കറ്റ കടത്തല്‍, ഞാറ് നടല്‍, കള പറിക്കല്‍, നെല്ല് കൊയ്ത്ത്, മെതിക്കല്‍ തുടങ്ങിയവയാണ് സ്ത്രീകളുടെ ജോലി.

അമേരിക്കയില്‍ നിന്നോ മറ്റോ വരുന്ന കമ്പപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് വിതരണം അംഗനവാടികളില്‍ വെച്ച് നടക്കുമ്പോള്‍ നീണ്ട ക്യൂ തന്നെ കാണാമായിരുന്നു. അന്നൊക്കെ വയറ് നിറയെ ചോറ് കഴിക്കണമെങ്കില്‍ ഏതെങ്കിലും മഹാന്മാരുടെ ആണ്ട് നേര്‍ച്ചകള്‍ വരണം. ജാതി മത വ്യത്യാസമില്ലാതെ ആണ്ടുപരിപാടികളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുമായിരുന്നു.
വിശപ്പിന്റെ വ്യഥയും വേദനയും എല്ലാവരും മനസ്സിലാക്കിയതുകൊണ്ട് ഉള്ളത് പരസ്പരം പങ്കുവെക്കാനും സഹായിക്കാനുമുള്ള സന്മനസ്സ് ഉണ്ടായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ ചോലകളും കുളങ്ങളും തണ്ണീര്‍ തടങ്ങളും ധാരാളമുണ്ടായിരുന്നെങ്കിലും കിണറുകള്‍ എല്ലാവര്‍ക്കും നിര്‍മിക്കാന്‍ കഴിയുമായിരുന്നില്ല. പത്തും പതിനഞ്ചും വീട്ടുകാര്‍ ഒരേ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കാനെത്തുമ്പോള്‍ ദുര്‍ബലര്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ കോരിക്കൊടുക്കും. പലപ്പോഴും അയല്‍വാസിയുടെ അടുപ്പില്‍ നിന്നാകും തീ കൊളുത്തിയെടുക്കുക.
വല്ല കാര്‍ഷികോത്പന്നങ്ങളോ ചക്ക പോലുള്ള വിഭവങ്ങളോ വിളവെടുത്താല്‍ അയല്‍വാസികളുടെ എണ്ണമനുസരിച്ച് ഓഹരി ചെയ്ത് കുട്ടികളുടെ കൈയില്‍ കൊടുത്തയക്കുമായിരുന്നു. പരസ്പര പങ്ക് വെപ്പുകളുടെ പ്രായോഗിക പാഠങ്ങള്‍ ഇതിലൂടെ അന്നത്തെ രക്ഷിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. ഇന്ന് സാമ്പത്തിക സ്വയംപര്യാപ്തത നേടിയതോടെ അയല്‍ ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ ഇല്ലാതായി.
ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലം വിശപ്പ് മാറാന്‍ പന ഉത്പന്നങ്ങള്‍ കഴിക്കുന്ന കാലമായിരുന്നു. നാട്ടില്‍ പന മുറിക്കുന്ന വിവരമറിഞ്ഞാല്‍ ആബാലവൃദ്ധം ജനങ്ങള്‍ അവിടെ തടിച്ചുകൂടും. പനമ്പട്ട, പനമ്പാത്തി എന്നിവക്ക് വേണ്ടിയാകും പന മുറിച്ചിരിക്കുക. അതിനകത്തെ ചോറ് അടിക്കണക്കിന് വില്‍ക്കുന്നവരും വിശപ്പടക്കാന്‍ വെറുതെ കൊണ്ടുപോകുന്നവരുമുണ്ടായിരുന്നു.

ആദ്യം വെയിലിലിട്ട് നന്നാക്കി ഉണക്കി ശേഷം ഉലിലിലിട്ട് ഇടിച്ച് തുന്നിക്കെട്ടി പിഴിഞ്ഞ് വെള്ളം കളഞ്ഞാല്‍ നേര്‍ത്ത പൊടി കിട്ടും. ഇതുകൊണ്ട് പത്തിരി, പുട്ട്, ഒരുതരം ഹലുവ പോലെ വെരുകിയത് എന്നിവയൊക്കെ ഉണ്ടാക്കും. പനങ്കഞ്ഞിയും വിശേഷ വിഭവമായിരുന്നു. അന്നൊരു സായാഹ്‌നത്തില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പനഹലുവയുണ്ടാക്കി ഉമ്മയുടെ നേതൃത്വത്തില്‍ ഞങ്ങളുടെ വലിയ കുടുംബം ഒന്നിച്ചിരുന്ന് കഴിക്കാനൊരുങ്ങുകയാണ്. അപ്പോള്‍ ഉമ്മ പറഞ്ഞു: “ആ പങ്കോടിയേയും മക്കളേയും ഇങ്ങ് വിളിച്ചോളൂ.” ചെറപ്പത്തിലേ വിധവയാകേണ്ടിവന്ന, രണ്ട് മക്കളുള്ള ഒരു ഹൈന്ദവ സ്ത്രീയാണ് പങ്കോടി. ഇത് കേട്ടപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പറഞ്ഞു: “ഈ നാട്ടുകാരെ മൊത്തം വിളിച്ചോളി.”
ഇതിനോട് ഉമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “മക്കളെ, അവര്‍ അച്ഛനില്ലാത്ത കുട്ടികളാണ്. അവരെ വിളിക്കാതെ തമ്മളിത് തിന്നാല്‍ പടച്ചോന്‍ പൊറുക്കൂലാ”. അന്ന് അവരുടെ വീട്ടില്‍ ഭക്ഷണമുണ്ടായിരുന്നില്ലെന്ന് ഉമ്മക്കറിയാമായിരുന്നു. മദ്‌റസകളില്‍ മാത്രം പഠിച്ച അന്നത്തെ ഉമ്മമാര്‍ക്ക് ഉണ്ടായിരുന്ന മനുഷ്യത്വത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

“”എന്റെ കാലശേഷം നിങ്ങളെല്ലാം ബഹുദൈവാരാധകരായിപോകുമെന്ന് ഞാന്‍ ഭയക്കുന്നില്ല. സമ്പത്തിനു വേണ്ടിയുള്ള നിങ്ങളുടെ മത്സരത്തെയാണ് ഞാന്‍ ഭയപ്പെടുന്നത് “” എന്ന് ഒരിക്കല്‍ നബി(സ) പറഞ്ഞിരുന്നു. അതെത്ര ശരിയാണ്. സാമ്പത്തിക അഭിവൃദ്ധിയാണ് ബന്ധങ്ങളും കടപ്പാടുകളും ഒരുവേള വിശ്വാസങ്ങള്‍ പോലും വലിച്ചെറിയാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. വല്ലാതെ വഴിവിട്ടു സഞ്ചരിക്കുമ്പോഴാണ്, സ്രഷ്ടാവ് ദാരിദ്ര്യവും ദുരന്തങ്ങളും നല്‍കി നമ്മെ പരീക്ഷിക്കുക. ഓഖി കൊടുങ്കാറ്റ് കേരളത്തിന്റെ തീരദേശങ്ങളില്‍ ഒന്നാഞ്ഞു വീശിയപ്പോള്‍ ജാതിയും മതവും വര്‍ഗവും പറഞ്ഞ് കലഹിച്ചവര്‍ എല്ലാം മറന്ന് മനുഷ്യരായതും പരസ്പരം സഹായികളും രക്ഷകരുമായതും നാം കണ്ടു. ക്ഷേമകാലത്തും ഈ സഹകരണവും ഒരുമയും നിലനിര്‍ത്താനായാല്‍ ഇത്തരം പരീക്ഷണങ്ങളുടെ ആവശ്യം വരില്ല.

 

---- facebook comment plugin here -----

Latest