Connect with us

Articles

വിശ്വാസം നഷ്ടപ്പെടുന്ന തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍

Published

|

Last Updated

ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പുകള്‍ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഭരണഘടനാ അനുഛേദം 324 അനുസരിച്ച് 1950 ജനുവരി 25ന് രൂപീകൃതമായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.

തിരുനെല്ലായി നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി എന്‍ ശേഷന്‍ 1990 ഡിസംബര്‍ 12ന് ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലയിലെത്തുന്നത് വരെ കമ്മീഷന്റെ ഉത്തരവാദിത്വ നിര്‍വഹണങ്ങളെ സംബന്ധിച്ച് കാര്യമായ ധാരണകളൊന്നുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പുകളിലെ അധികചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരെ അദ്ദേഹം കൊണ്ടുവന്ന കര്‍ശനമായ നിയന്ത്രണങ്ങളും സുപ്രധാനമായ ചില പരിഷ്‌കാരങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കിയത് പോലെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളല്ലെന്ന ധാരണക്കും ഇടവരുത്തി എന്നതാണ് അനുഭവം.
ജനപ്രതിനിധികളെയും ഭരണകൂടങ്ങളെയും തിരഞ്ഞെടുക്കാന്‍ ജനാധിപത്യ രാജ്യങ്ങളില്‍ സാധാരണ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്താറുള്ളത്. ഇഷ്ടമുള്ള വ്യക്തിയുടെ പേരു അച്ചടിച്ചതിനു നേരെ അടയാളം പതിച്ചു കൊണ്ടോ, അങ്ങനെ അച്ചടിക്കാത്ത ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ പേര് രേഖപ്പെടുത്തിക്കൊണ്ടോ അല്ലെങ്കില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടികളില്‍ അടയാളം പതിച്ച കടലാസ് നിക്ഷേപിച്ചു കൊണ്ടോ പ്രത്യേക വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് കൊണ്ടോ ആണ് വോട്ടെടുപ്പ് നടത്തുന്നത്.

ഇന്ത്യയില്‍ പാര്‍ലമെന്റ്, നിയമസഭ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലേക്കെല്ലാം നിലവില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. ഇന്ത്യയില്‍ 1982 ല്‍ എറണാകുളം ജില്ലയിലെ പറവൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചത്. അവിടെ 50 ബൂത്തുകളില്‍ മാത്രമാണ് അന്ന് യന്ത്രം ഉപയോഗിച്ചത്. എന്നാല്‍ പ്രസ്തുത തിരഞ്ഞെടുപ്പ് പിന്നീട് കേസുകളില്‍ അകപ്പെടുകയും വീണ്ടും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു തന്നെ തിരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു.
1951 ലെ റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് (ജന പ്രാതിനിധ്യ നിയമം 1951) ഭേദഗതി ചെയ്ത് 1989ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗം നിയമ പ്രാബല്യത്തിലാക്കുകയും 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ യന്ത്രം ഉപയോഗിക്കുകയും ചെയ്തു. 2004 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇന്ത്യയില്‍ വ്യാപകമായി വോട്ടിംങ് യന്ത്രം ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ ഇലക്ടോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്, ബംഗ്ലൂരൂവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളാണ് വോട്ടിംങ് യന്ത്രം തയ്യാറാക്കുന്നത്.

പേപ്പര്‍ ബാലറ്റുകളെ അപേക്ഷിച്ച് പുതിയ സംവിധാനം സമ്മദിദായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ സൗകര്യപ്രദമായിരുന്നുവെങ്കിലും അതിന്റെ വിശ്വാസ്യതയില്‍ ആശങ്കകളും നിലനിന്നിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പൂര്‍ണമായും വിശ്വസനീയവും കുറ്റമറ്റതും ആണെന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അവകാശവാദം നിലനില്‍ക്കുമ്പോഴും ഒരു ഇലക്ട്രോണിക് യന്ത്രമെന്ന നിലയില്‍, ഈ യന്ത്രം സംശയാതീതമാണെന്നു പറയാന്‍ കഴിയില്ലെന്ന വാദവും തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഏറെ മുന്‍പന്തിയിലുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം ഉപയോഗിക്കാതിരിക്കുകയോ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങുകയോ ചെയ്തിട്ടുള്ളതും യു എസില്‍ പോലും പൂര്‍ണമായും ഇലക്ട്രോണിക് രീതി പിന്തുടരുന്നില്ലെന്ന് മാത്രമല്ല ബാലറ്റില്‍, സ്ഥാനാര്‍ഥിയുടെ പേരിനു നേരേ “പഞ്ചിംഗ്” നടത്തുകയാണ് ചെയ്യുന്നത് എന്നതും ഈ വാദങ്ങള്‍ക്ക് പിന്‍ബലമായി ഉന്നയിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലും വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ല എന്നത് അവകാശ വാദങ്ങള്‍ക്കപ്പുറം പരസ്യമായി തെളിയിക്കപ്പെടേണ്ടതാണെന്ന രാജ്യത്തെ പല പ്രധാന രാഷ്ട്രീയ കക്ഷികളുടെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുത്തിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ക്കായി ഒരു വോട്ടിംഗ് യന്ത്രം വിട്ടുനല്‍കണമെന്നുള്ള ഒരു ഗവേഷകന്റെ ആവശ്യവും കമ്മീഷന്‍ നിരാകരിക്കുകയാണ് ചെയ്തത്. രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ കുറ്റമറ്റതായിരിക്കണമെന്ന് ഉറപ്പ് വരുത്താന്‍ ബാധ്യസ്തരായവരില്‍ നിന്ന് തന്നെ ജനങ്ങളുടെ സംശയങ്ങള്‍ ബലപ്പെടുത്തുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്.

നിലവിലെ വോട്ടിംഗ് യന്ത്രം ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കൃത്രിമങ്ങള്‍ നടത്താന്‍ കഴിയുന്ന തരത്തിലുള്ളതാണെന്ന് ഡെല്‍ഹി നിയമസഭയില്‍ പരസ്യമായി പ്രവര്‍ത്തിപ്പിച്ച് പൊതുജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ബോധ്യപ്പെടുത്താന്‍ കെജ്‌രിവാളിന്റെ സഹപ്രവര്‍ത്തകരായ നിയമസഭാ സാമാജികര്‍ക്ക് സാധിച്ചിട്ട് പോലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രം അത് അംഗീകരിക്കാനോ വിശ്വസിക്കുന്നതിനോ തയ്യാറായില്ല എന്നതിന് കാരണം തിരയുമ്പോള്‍; ടി എന്‍ ശേഷന്‍ എന്ന നിഷ്പക്ഷനായ കമ്മീഷനില്‍ നിന്നും വ്യത്യസ്തനായി പ്രവര്‍ത്തിക്കാന്‍ നിലവിലെ കമ്മീഷനര്‍ നിര്‍ബന്ധിതമായി കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ് കരുതേണ്ടത്. കക്ഷി താത്പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കക്ഷി താത്പര്യാര്‍ഥമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതെന്ന പ്രചരണം വ്യാപകമാവുകയും അതിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരികയും ചെയ്യുന്നുണ്ടെന്നത് വൈകിയാണെങ്കിലും തിരിച്ചറിയാന്‍ കമ്മിഷന് സാധിച്ചതിനാലാവാം ഒരു സമ്മതിദായകന് താന്‍ ചെയ്ത വോട്ട് താന്‍ ഉദ്ദേശിച്ച സഥാനാര്‍ഥിക്കു തന്നെയാണു ലഭിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന സംവിധാനം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. ഇതിനായി രണ്ടു തരം പ്രവര്‍ത്തന രീതികളാണ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ളത്. വി വി പാറ്റ് വോട്ടു ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അച്ചടിച്ച ചെറിയ കടലാസ് സമ്മതിദായകനു ലഭിക്കുന്ന വിധവും അങ്ങനെ കൈയില്‍ ലഭിക്കാതെ അച്ചടിച്ച കടലാസ് ഒരു നിശ്ചിത നേരം കാണാന്‍ കഴിയുകയും അത് പിന്നീട് യന്ത്രത്തിനുള്ളിലേക്ക് വീഴുന്ന വിധവും ഉള്ള അച്ചടി യന്ത്രങ്ങളാണ് ഇപ്രകാരം രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇത് ജനങ്ങളുടെ ഇടയില്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് (വിവിധ കാലാവസ്ഥയിലുള്ള അഞ്ച് സംസ്ഥാനങ്ങളിലായി) അഞ്ച് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ 2011 ജൂലൈ 23ന് വോട്ടെടുപ്പ് നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ 36 ബൂത്തുകളില്‍ ഇതു പ്രകാരം വോട്ടെടുപ്പ് നടന്നു.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ പാര്‍ട്ടികളെ ഏറെ പിന്നിലാക്കി കൊണ്ട് സങ്കുചിത ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്അധികാരത്തിലെത്താന്‍ സാധിച്ചതിന്റെ പ്രധാന കാരണം അവര്‍ക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ കൃത്രിമങ്ങളൊരുക്കാന്‍ സാധിച്ചതിനാലാണെന്ന് തിരിച്ചറിഞ്ഞ ജനാധിപത്യ കാംക്ഷികളായ വോട്ടര്‍മാര്‍ ഭാവില്‍ വരാനിരിക്കുന്നതിരഞ്ഞെടുപ്പുകളില്‍ സുരക്ഷിതവും സുതാര്യവുമായ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാക്കുകള്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം രൂപകല്‍പന ചെയ്ത പുതിയ വോട്ടിംഗ് യന്ത്രങ്ങളിലും യഥേഷ്ടം കൃത്രിമങ്ങള്‍ ചെയ്യാനാകുമെന്നാണ് ഏതാനും മാസങ്ങള്‍ മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബോധ്യപ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളടങ്ങിയ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി സമ്മതിദായകര്‍ക്ക് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല, പൊതുഖജനാവില്‍ നിന്ന് 3200 കോടി പാഴായി പോവുകയും ചെയ്‌തെന്ന യാഥാര്‍ഥ്യം കമ്മീഷനെങ്കിലും തിരിച്ചറിയേണ്ടതാണ്.
ഇന്ത്യയില്‍ ഓരോ തിരഞ്ഞെടുപ്പുകളിലും വ്യത്യസ്ത രാഷട്രീയ മുന്നണികള്‍ അധികാരത്തിലെത്താനുള്ള കാരണങ്ങളില്‍ പ്രധാനം അവര്‍ ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാറുള്ള പ്രകടനപത്രിക നടപ്പാക്കാന്‍ ശ്രമിക്കാതിരിക്കുകയും തങ്ങളുടെ ഇച്ഛകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റാതിരിക്കുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സര്‍ക്കാറുകള്‍ക്കെതിരായിട്ടാണ് ഓരോ തിരഞ്ഞെടുപ്പ് വേളകളെയും രാജ്യത്തെ ബഹുഭൂരിപക്ഷം സമ്മതിദായകരും കാണാറുള്ളത്. അതിനായി അവര്‍ക്ക് മുമ്പാകെ പ്രത്യക്ഷപ്പെടുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളായിരുന്നു അടുത്ത കാലം വരെ ബാലറ്റ് പേപ്പറുകളും പരിഷ്‌കരിച്ച വോട്ടിംഗ് യന്ത്രങ്ങളും. ഇക്കാലമത്രയും അധികാരത്തിലെത്തുന്നതിന് വേണ്ടി തെറ്റായ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നവര്‍ ഇന്ന് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെയാണ് സ്വാധീനിച്ച് കൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിലവിലെ ഭരണാധികാരികള്‍ക്ക് വിജയിക്കാനായിരിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായി കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിലൂടെയും, സമ്മദിദാനം രേഖപ്പെടുത്തിയ പേപ്പറുകളുമായി സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് ബാലറ്റ് പേപ്പറുകള്‍ നഷടമായതിലൂടെയും വിവേകമതികളായവര്‍ക്കെല്ലാം മനസ്സിലാക്കാനാവുന്നത്.

ഭരണാധികാരികളെ ജനഹിത ഭരണത്തിന് പ്രേരിപ്പിക്കുന്നതും ജനങ്ങര്‍ക്ക് ജനഹിത സര്‍ക്കാറുകളെ അധികാരത്തില്‍ എത്തിക്കുന്നതിനുമുള്ള ജനാധിപത്യ മാര്‍ഗമായ തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വിധേയപ്പെടാത്ത വിധം സംരക്ഷിക്കാന്‍ ബാധ്യസ്തരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്രാധികാരമുള്ള ഭരണഘടനാ സ്ഥാപനം ഭരണാധികാരികളുടെ ആജ്ഞാനുവര്‍ത്തികളായി മാറിത്തുടങ്ങിയാല്‍ നഷ്ടപ്പെടാന്‍ പോകുന്നത് എഴുപതാണ്ട് മുമ്പ് രാജ്യത്തെ ജനങ്ങള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയെടുത്ത സ്വാതന്ത്ര്യവും അതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ലഭിച്ച ഭരണഘടനാവകാശങ്ങളുമാണെന്ന യാഥാര്‍ഥ്യം പൊതുജനങ്ങളേക്കാളുപരി തിരഞ്ഞെടുപ്പ് കമ്മിഷനും തിരിച്ചറിയുന്നത് ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ നിലനിര്‍ത്താന്‍ അനിവാര്യമാണ്.

 

 

Latest