അപകടത്തിന്റെ ട്രാക്ക്

Posted on: January 19, 2018 6:28 am | Last updated: January 18, 2018 at 11:40 pm
SHARE

സ്വകാര്യവത്കരണത്തിന്റെ ട്രാക്കില്‍ റെയില്‍വേ അതിശ്രീഘ്രം പായുകയാണെന്ന വസ്തുത അത്യന്തം ഗൗരവപൂര്‍വം കാണേണ്ടതാണ്. ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച തൊണ്ണൂറുകളിലാരംഭിച്ച ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവത്കരണ നടപടികള്‍ മോദി സര്‍ക്കാര്‍ വേഗത്തിലാക്കിയിരിക്കുന്നു. നരംസിംഹ റാവു മുതല്‍ നരേന്ദ്ര മോദി വരെയുള്ളവര്‍ നിയോഗിച്ച കമ്മീഷനുകളുടെ ശിപാര്‍ശകളും പരിഷ്‌കാരങ്ങളും പതുക്കെ പതുക്കെ റെയില്‍വേയുടെ വ്യത്യസ്ത മേഖലകളെ സ്വകാര്യവത്കരിക്കുന്നതിലേക്ക് നയിച്ചു. 1991ലെ രാകേഷ് മോഹന്‍ കമ്മിറ്റിയും ബിബെക് ഡെബ്‌റോയ് കമ്മിറ്റിയും 2015-16 വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളുമെല്ലാം പൊതുമേഖലാ ഗതാഗത സംവിധാനമെന്ന നിലയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ അന്ത്യം ലക്ഷ്യം വെച്ചുള്ളതായിരുന്നു. പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന തീര്‍പ്പ് ഇതിന്റെ ഭാഗമായിരുന്നു. നഷ്ടത്തിന്റെ പേര് പറഞ്ഞ് പൊതു മേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വില്‍ക്കാന്‍ പോകുകയാണ്. വ്യോമയാനം, ചില്ലറ വില്‍പ്പന തുടങ്ങി സര്‍വ മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മിശ്ര സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകള്‍ തുടച്ചുനീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇവയെ കാണാനാകൂ.

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. പ്രതിദിനം രണ്ടര ലക്ഷം പേര്‍ ആശ്രയിക്കുന്ന യാത്രാസംവിധാനമാണിത്. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നീണ്ടുകിടക്കുന്ന പാതകളിലൂടെ ദിവസേന 30 ലക്ഷം ടണ്‍ ചരക്കുകളുടെ നീക്കമാണ് നടക്കുന്നത്. പതിമൂന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇന്ത്യന്‍ റെയില്‍വേയില്‍ പണിയെടുക്കുന്നത്. ഈ ജനോപകാരപ്രദമായ പൊതുമേഖലാ സംവിധാനത്തെ തകര്‍ക്കാനും അതിന്റെ ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യ സംവിധാനങ്ങളും സ്വകാര്യ മൂലധനശക്തികള്‍ക്ക് കൈമാറാനുമുള്ള ത്വരിതഗതിയിലുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനെ രണ്ട് തലത്തില്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ക്ഷേമ രാഷ്ട്ര സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ തലം. പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ മിതമായ ചെലവില്‍ ഏര്‍പ്പെടുത്തുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ആ അര്‍ഥത്തില്‍ റെയില്‍വേക്കുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. സാധാരണക്കാരന്റെ ഏറ്റവും വലിയ ആശ്രയമാണ് റെയില്‍വേ. അതില്‍ ടിക്കറ്റ് ചാര്‍ജ് കൂട്ടുമ്പോള്‍ ഏറെ പ്രതിഷേധമുയരുന്നത് അത് മനുഷ്യരുടെ ജീവിതവുമായി അത്രമേല്‍ ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ്. യാത്രാനിരക്കുകള്‍ നിരന്തരം വര്‍ധിപ്പിക്കുകയാണ്. മാത്രമല്ല നിശ്ചിത യാത്രാനിരക്ക് എന്നതു മാറ്റി ഫഌക്‌സി നിരക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയുമാണ്. കഴിഞ്ഞ പൊതുബജറ്റില്‍ പാതകളുടെ ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ വിഹിതം പോലും നീക്കിവെച്ചിട്ടില്ല. 1,31,000 കോടി രൂപ റെയില്‍വേക്കായ് വകയിരുത്തിയതില്‍ കേവലം 55,000 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ വിഹിതം. 3500 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറയുന്നുണ്ടെങ്കിലും ഇതിനായി തുക വകയിരുത്തിയിട്ടില്ല. റെയില്‍വേ സുരക്ഷക്ക് ഒരു ലക്ഷം കോടി വിനിയോഗിക്കുമെന്ന് ബജറ്റില്‍ പറയുന്നു. എന്നാല്‍ സുരക്ഷാരംഗം ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനെക്കുറിച്ച് ബജറ്റ് രേഖകളില്‍ ഒന്നും പറയുന്നില്ല. അപ്പോള്‍ ചെലവ് കുറഞ്ഞ സുരക്ഷിത യാത്രയെന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. രാജ്യ വികസനത്തിന്റെ ചാലക ശക്തിയാണ് റെയില്‍വേ. സര്‍ക്കാര്‍ കൈയൊഴിയുന്നതോടെ ചരക്ക് നീക്കം ചെലവേറിയതാകും. ഇത് സമ്പദ്‌വ്യവസ്ഥയെ ബന്ദിയാക്കുന്ന തരത്തിലുള്ള വിലക്കയറ്റത്തിനാകും വഴി വെക്കുക.

ഏറ്റവും പ്രധാനപ്പെട്ട പൊതു മേഖലാ തൊഴില്‍ ദാതാവാണ് റെയില്‍വേയെന്നതാണ് രണ്ടാമത്തെ കാര്യം. റെയില്‍വേയില്‍ കരാര്‍ നിയമനവും നിയമന നിരോധവും അതിവേഗം നടപ്പാക്കുകയാണെന്ന് ്യൂഞങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കിക്കൊണ്ടാണ് തൊഴില്‍ സൃഷ്ടിപ്പില്‍ നിന്ന് റെയില്‍വേ പിന്‍വാങ്ങുന്നത്. ദക്ഷിണ റെയില്‍വേയിലെ വിവിധ ഡിവിഷനുകളില്‍ വിരമിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമിറക്കിയിരിക്കുന്നു. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ തഴഞ്ഞുകൊണ്ടാണ് വിരമിച്ചവരെ നിയമിക്കാനുള്ള റെയില്‍വേയുടെ നീക്കം.
തിരുവനന്തപുരം ഡിവിഷനില്‍ 763ഉം മധുര ഡിവിഷനില്‍ 715ഉം പാലക്കാട് ഡിവിഷനില്‍ 142ഉം ഒഴിവുകളിലേക്കാണ് നിയമനം. സേലം, ചെന്നൈ ഡിവിഷനുകളിലും വിവിധ തസ്തികകളില്‍ വിരമിച്ചവരെ നിയമിക്കാനാണ് നീക്കം. ലോക്കോ പൈലറ്റ് തസ്തിക ഒഴിച്ച് മിക്കവാറും എല്ലാ കാറ്റഗറിയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പതിനാറ് ലക്ഷം സ്ഥിരം ജീവനക്കാര്‍ ഉണ്ടായിരുന്ന റെയില്‍വേയില്‍ ഇപ്പോഴുള്ളത് പതിമൂന്നര ലക്ഷത്തോളം പേരാണ്. രണ്ടേകാല്‍ ലക്ഷത്തിലേറെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതിനാല്‍ ചരക്കുതീവണ്ടികള്‍ പലപ്പോഴും സര്‍വീസ് റദ്ദാക്കേണ്ട അവസ്ഥയുണ്ട്. 83,098 ലോക്കോ പൈലറ്റുമാരാണ് ഇപ്പോള്‍ റെയില്‍വേയിലുള്ളത്. ആവശ്യമുള്ളതിന്റെ മുപ്പത് ശതമാനത്തോളം കുറവാണിത്. എന്നാല്‍, കരാര്‍ ജീവനക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.

ഇതെല്ലാം കാണിക്കുന്നത് നവ ഉദാരവത്കരണ നയത്തിന്റെ മറ്റൊരു ഇരയായി റെയില്‍വേ മാറുന്നുവെന്നാണ്. സര്‍വവും കമ്പോളത്തിന് വിട്ട് കൊടുത്ത് കൈയും കെട്ടി നോക്കി നിന്ന സമ്പദ്‌വ്യവസ്ഥകള്‍ മാന്ദ്യത്തില്‍ തകര്‍ന്നടിയുന്നതും ഇന്ത്യയെപ്പോലെ പൊതു മേഖലക്ക് അല്‍പ്പമെങ്കിലും പ്രാധാന്യമുള്ള രാജ്യങ്ങള്‍ പിടിച്ചു നില്‍ക്കുന്നതും ലോകം കണ്ടതാണ്. ഇന്ത്യയുടെ ശക്തി ഇവിടുത്തെ പൊതു മേഖലാ ബേങ്കുകളും സ്ഥാപനങ്ങളുമാണ്. ലാഭത്തിന്റെ കണ്ണിലൂടെ മാത്രം അവയെ കാണരുത്. പൊതു മേഖലയില്‍ കെടുകാര്യസ്ഥതയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയാണ് വേണ്ടത്. അല്ലാതെ അവയെ ദയാവധത്തിന് വിടുകയല്ല. ഒരു ബജറ്റ് കൂടി വരാനിരിക്കുകയാണ്. തൊഴില്‍ ദാതാവായും സേവന ദാതാവായും റെയില്‍വേയെ നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളാകണം ബജറ്റില്‍ ഉണ്ടാകേണ്ടത്.