Connect with us

National

'ടെലികോം ലോബിയുടെ ഉപദേശത്തില്‍ കുടുങ്ങി'

Published

|

Last Updated

ന്യൂഡല്‍ഹി: സ്വന്തം സര്‍ക്കാര്‍ നടപ്പാക്കിയ ടെലികോം നയത്തെ കുറിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടരുന്ന “പ്രകടമായ മൗന”ത്തെ ചോദ്യം ചെയ്ത് 2ജി സ്‌പെക്ട്രം കേസില്‍ കുറ്റമുക്തനായ എ രാജ. കേസില്‍ ഒരു മാസം മുമ്പ് കുറ്റമുക്തനായ രാജ തന്റെ “2ജി സേജ് അണ്‍ഫോള്‍ഡ്” എന്ന പുസ്തകത്തിലാണ് മന്‍മോഹന്‍ സിംഗിനെ കുറ്റപ്പെടുത്തുന്നത്. ചില ബാഹ്യ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് അന്നത്തെ സി എ ജി വിനോദ് റായി പ്രവര്‍ത്തിച്ചതെന്നും രാജ പുസ്തകത്തില്‍ ആരോപിക്കുന്നു.

2ജി സ്‌പെക്ട്രം അനുവദിക്കുന്ന കാര്യത്തില്‍ മന്‍മോഹന്‍ സിംഗിന് മുന്നില്‍ എല്ലാ കാര്യവും വിശദീകരിച്ച ശേഷം അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയിരുന്നു. മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്റെ ഉപദേശകരും പ്രധാനമന്ത്രിയുടെ ഓഫീസുമായി (പി എം ഒ) അടുപ്പമുള്ള ടെലികോം ലോബിയും തെറ്റിദ്ധരിപ്പിച്ചു. 2009 ഒക്‌ടോബര്‍ 22ന് രാവിലെ ഏഴോടെ സൗത്ത് ബ്ലോക്കിലുള്ള ഓഫീസിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ടെലികോം മന്ത്രാലയത്തിലും ചില ടെലിക്കോം ഓപറേറ്റര്‍മാരുടെ ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. അന്നത്തെ പി എം ഒ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരും സംബന്ധിച്ചിരുന്നു. സി ബി ഐ റെയ്ഡിനെ കുറിച്ച് പറഞ്ഞപ്പോള്‍ മന്‍മോഹന്‍ സിംഗ് ആശ്ചര്യപ്പെട്ടു എന്ന് വിശ്വസിക്കാന്‍ ജനത്തിന് പ്രയാസമുണ്ടാകും. തന്നെ പ്രതിരോധിക്കേണ്ടിയിരുന്ന അന്നത്തെ യു പി എ സര്‍ക്കാറിന്റെയും പ്രത്യേകിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും പ്രകടമായ മൗനം രാജ്യത്തിന്റെ പൊതുമനസ്സാക്ഷിയുടെ മൗനത്തിന് തുല്യമാണെന്നും രാജ പുസ്തകത്തില്‍ എഴുതുന്നു.

“രാജ്യത്തെ ഭരണസംവിധാനത്തിന്റെ പവിത്രതക്കേറ്റ ലജ്ജാകരമായ കളങ്ക”മായിരുന്നുവെന്നാണ് 2ജി സ്‌പെക്ട്രം കേസിനെ കുറിച്ച് രാജ പറയുന്നത്. രണ്ടാം യു പി എ സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് കേസിന് പിന്നില്‍. അതിനുള്ള “തോക്ക്” വിനോദ് റായിയുടെ ചുമലിലാണ് വെച്ച് കൊടുത്തത്. കണ്ണടച്ച ശേഷം പ്രപഞ്ചം മുഴുവന്‍ ഇരുട്ടാണെന്ന് കരുതുന്ന പൂച്ചയെ പോലെയാണ് വിനോദ് റായി എന്നും രാജ കുറ്റപ്പെടുത്തുന്നു. തന്റെ മന്ത്രാലയത്തില്‍ എന്തോ തെറ്റായ കാര്യം നടക്കുന്നു എന്ന് മന്‍മോഹന്‍ സിംഗ് വിശ്വസിച്ച പോലെയാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്ന് തനിക്ക് തോന്നിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അന്ന് തനിക്കൊരു കത്ത് ലഭിച്ചിരുന്നു. ടെലികോം ലോബികളുടെ താത്പര്യങ്ങള്‍ കുത്തിനിറച്ചതായിരുന്നു അതിന്റെ ഉള്ളടക്കം. അങ്ങനെയൊരു കത്തയക്കാന്‍ മന്‍മോഹന്‍ സിംഗിനെ പ്രേരിപ്പിച്ചതെന്തായിരിക്കുമെന്ന് ഇന്നും എനിക്ക് മനസ്സിലാകുന്നില്ല. തന്റെ ഒപ്പോടുകൂടി അങ്ങനെയൊരു കത്ത് മന്‍മോഹന്‍ സിംഗ് അയക്കാന്‍ പാടില്ലെന്നാണ്, അദ്ദേഹത്തൊടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തനിക്ക് പറയാനുള്ളതെന്നും പുസ്തകത്തില്‍ എ രാജ വ്യക്തമാക്കുന്നു.
2ജി സ്‌പെക്ട്രം കേസില്‍ ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കഴിഞ്ഞ മാസം 21നാണ് സി ബി ഐ കോടതി കുറ്റമുക്തരാക്കിയത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന നിരീക്ഷണത്തോടെ രാജ്യം ഉറ്റുനോക്കിയ കേസില്‍ സി ബി ഐ കോടതി തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.

 

Latest