Connect with us

International

മികച്ച 'വ്യാജ വാര്‍ത്ത'ക്ക് അവാര്‍ഡുകളുമായി ട്രംപ്; പുച്ഛിച്ച് മാധ്യമ ലോകം

Published

|

Last Updated

വാഷിംഗ്ടണ്‍: ഏറ്റവും മികച്ച “വ്യാജ” വാര്‍ത്തക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമ ആക്ഷേപം. തന്നെയും തന്റെ ഭരണത്തെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ആക്ഷേപിക്കാനാണ് പുതിയ അവാര്‍ഡ് പ്രഖ്യാപനം ട്രംപ് നടത്തിയത്. എന്നാല്‍ ട്രംപിന്റെ ആക്ഷേപം അംഗീകാരമായാണ് പ്രമുഖ മാധ്യമങ്ങള്‍ കാണുന്നത്. രൂക്ഷമായ ആക്ഷേപവും വിമര്‍ശവും പരിഹാസവുമാണ് പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിനെതിരെയുണ്ടായത്.
വ്യത്യസ്തമായ 11 വിഭാഗങ്ങളിലായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ലിങ്ക് നല്‍കി ട്വിറ്റര്‍ വഴിയായിരുന്നു ട്രംപ് വിവാദ പ്രഖ്യാപനം.

തന്നെ പിന്തുണക്കുന്ന ഫോക്‌സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളെ ഒഴിവാക്കിയാണ് ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. പ്രമുഖ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ സി എന്‍ എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, എ ബി സി ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങള്‍ക്കാണ് ട്രംപ് നുണ വാര്‍ത്താ പട്ടം നല്‍കിയത്. ട്രംപിന്റെ വരവോട് കൂടിയുണ്ടാകാനിടയുള്ള സാമ്പത്തിക ആഘാതത്തെ കുറിച്ച് പ്രവചിച്ച ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് പോള്‍ ക്രുഗ്മാനും അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചു.

അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധവും ആക്ഷേപവുമാണ് ഉയര്‍ന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ വരെ ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം അപലപനീയമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മാക്‌കെയിന്‍ അഭിപ്രായപ്പെട്ടു.

ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം തന്നെ പോലുള്ളവര്‍ക്ക് പ്രചോദനമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ക്രിസ് റിയോട്ട അഭിപ്രായപ്പെട്ടു. വ്യാജ വാത്താ അവാര്‍ഡ് പ്രഖ്യാപനം കേട്ട് ചിരിച്ചെന്ന് എഴുത്തുകാരന്‍ വജ്ഹത് അലിയും ട്രംപ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് രാജ്യത്തെ കൂടുതല്‍ ദുര്‍ഭരണപ്രദേശമാക്കുകയാണെന്ന് പ്രമുഖ ഡോക്ടര്‍ യുഗേനെയും അഭിപ്രായപ്പെട്ടു.

 

Latest