എമിഗ്രേഷന്‍ സ്റ്റാറ്റസിന് അനുസൃതമായി പാസ്‌പോര്‍ട്ട്: ആശങ്ക പങ്കുവെച്ച് വിദേശ ഇന്ത്യക്കാര്‍

Posted on: January 18, 2018 8:17 pm | Last updated: January 24, 2018 at 9:07 pm
SHARE

ദുബൈ : അപേക്ഷകന്റെ എമിഗ്രേഷന്‍ സ്റ്റാറ്റസിന് അനുസൃതമായി പുതിയ നിറമുള്ള ജാക്കറ്റുകളുമായെത്തുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പ്രവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രവാസ ലോകത്തും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പ്രതിഷേധങ്ങളിലൂടെ നീക്കത്തെ പ്രതിരോധിക്കാനാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

പുതിയ നിറങ്ങള്‍ക്കൊപ്പം വിലാസവും കുടുംബ വിവരങ്ങളും ഒഴിവാക്കാനും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ തരംതിരിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പ്രവാസികള്‍ക്കിടയില്‍ രൂപപ്പെട്ടത്. ഇതിനോടകം തന്നെ പ്രവാസി സംഘടനകള്‍ ശക്തമായി എതിര്‍ ശബ്ദുവുമായി രംഗത്തെത്തിക്കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രവാസികള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്.
പാസ്‌പോര്‍ട്ട് ഉടമയുടെ മാതാപിതാക്കളുടെയും പങ്കാളികളുടെയും പേരുകള്‍, വിലാസം, എമിഗ്രേഷന്‍ പരിശോധന ആവശ്യകത (ഇ സി ആര്‍), പഴയ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍, അനുവദിച്ച തീയതിയും സ്ഥലവും എന്നീ വിവരങ്ങള്‍ അടങ്ങിയ പാസ്‌പോര്‍ട്ടിലെ അവസാന പേജ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ ഉണ്ടാകില്ല. എമിഗ്രേഷന്‍ പരിശോധനാ ആവശ്യകതയുള്ള വ്യക്തികള്‍ക്ക് ഓറഞ്ച് നിറമുള്ള പാസ്‌പോര്‍ട്ട് ആയിരിക്കും ലഭിക്കുക. ഇ സി ആര്‍ ഇല്ലാത്തവര്‍ക്ക് ഇപ്പോഴുള്ള നീല നിറത്തിലുള്ളവ തന്നെ തുടര്‍ന്നും ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിലെയും സ്ത്രീ – ശിശു വികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍, ഇത് നടപ്പില്‍ വരുത്തുന്നതിനുള്ള പ്രത്യേക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിറംമാറ്റമുള്‍പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട് പരിഷ്‌കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ എം സി സി ഷാര്‍ജ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ത്വാഹിറലി പുറപ്പാട് ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. പാസ്‌പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ രണ്ടുതരം പൗരന്മാരാക്കരുത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനതക്ക് യു എ ഇ അടക്കമുള്ള വിദേശരാജ്യങ്ങളിലുള്ള മതിപ്പ് കുറക്കും. ലോകം നൂതന സാങ്കേതിക വിദ്യയിലൂടെ മുന്നേറുമ്പോള്‍ ഇന്ത്യ പോലുള്ള അതിവേഗം വികസന രംഗത്ത് കുതിക്കുന്ന രാജ്യത്ത് ഇത്തരം നിലവാരം കുറഞ്ഞ നടപടി സ്വീകരിക്കുന്നത് ജനാധിപത്യത്തിനുപോലും യോജിച്ചതല്ല. നടപടി ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. നീക്കത്തിനെതിരെ ഏത് പ്രക്ഷോഭത്തിനും ഐ എം സി സി മുന്നിലുണ്ടാകുമെന്നും ത്വാഹിറലി പുറപ്പാട് വ്യക്തമാക്കി.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ പ്രവാസികളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ദുബൈയിലെ ഇടതുപക്ഷ സഹയാത്രികന്‍ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റലും വിലാസം നല്‍കുന്ന പേജ് പിന്‍വലിക്കലും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോര്‍ട്ടിന്റെ നിറം എമിഗ്രേഷന്‍ ആവശ്യമുള്ളവരും ഇല്ലാത്തവരും എന്ന പേരില്‍ തരം തിരിവ് നടത്തുന്നത് രാജ്യത്ത് ജനങ്ങളെ ജാതിയുടെ പേരില്‍ തരം തിരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നത് അനീതിയാണെന്നും പ്രവാസികളെ തരംതിരിക്കുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്നും ദുബൈ കെ എം സി സി ആവശ്യപ്പെട്ടു. സാധാരണക്കാരായ തൊഴിലാളികളെ അപമാനിക്കുന്ന പരിഷ്‌കരണ ശിപാര്‍ശകള്‍ വിവേചനപരവും ‘ഏകരാജ്യം, ഏകജനത’ എന്ന രാഷ്ട്ര തത്വത്തിനുമെതിരാണ്. സമ്പന്നരോട് നീതിയും പാവങ്ങളോട് അനീതിയുമെന്ന ബി ജെ പിയുടെ ഈ ഇരട്ടനീതി സമ്പ്രദായം വിഭജന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ രണ്ടാംതരം പൗരന്മാരാക്കുന്നതിന് തുല്യമായ വിദേശകാര്യ മന്ത്രാലയത്തിന്റെ അധിക്ഷേപകരമായ നീക്കം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയ പ്രവാസികളെ അപമാനിക്കുന്നതിന് സമാനമാണെന്നും ദുബൈ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജിയും ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം മുറിച്ചാണ്ടിയും പറഞ്ഞു.

ഭാരത പൗരന്മാരെ രണ്ടു തട്ടിലാക്കി ഭിന്നിച്ചു ഭരിക്കുവാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായ പാസ്‌പോര്‍ട് പരിഷ്‌കരണ തീരുമാനത്തില്‍ യുവകലാ സാഹിതി യു എ ഇ കമ്മിറ്റി കോര്‍ഡിനേറ്റര്‍ അഡ്വ. നജുമുദ്ദീനും റാസ് അല്‍ ഖൈമ സെക്രട്ടറി സന്ദീപ് വെള്ളല്ലൂരും പ്രതിഷേധിച്ചു.
ഇന്ത്യാരാജ്യം ബ്രിട്ടീഷ് ഭരണത്തിലെ ഭിന്നിച്ചു ഭരിക്കല്‍ നയത്തിലേക്കു പോവുകയാണ്. ഇന്ത്യന്‍ ഭരണ ഘടന 14മുതല്‍ 18 വരെ വിഭാവന ചെയ്യുന്ന സമത്വം എന്ന അവകാശത്തെ ഹനിക്കപ്പെടുന്ന ഈ പരിഷ്‌കാരം സാധാരണ തൊഴിലാളികളെയും അഭ്യസ്ത വിദ്യരെയും രണ്ടു തട്ടിലുള്ള പൗരന്മാരായി മാറ്റുകയാണ്. മാത്രവുമല്ല, ഇത്തരത്തിലുള്ള രണ്ടു തരം പാസ്‌പോര്‍ട്ട് വിദേശ രാജ്യങ്ങളില്‍ എത്തുന്ന തൊഴിലാളികളെ തരം തിരിച്ചു കാണുന്നതിനും കാരണമാകും.
പാസ്‌പോര്‍ട്ടിന്റെ മേല്‍വിലാസം ഉള്‍പെടെയുള്ള പേജ് ഒഴിവാക്കുന്നത് പ്രവാസികള്‍ വിദേശത്ത് മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം നാട്ടിലയക്കാനുള്ള നിയമ തടസങ്ങള്‍ക്കും കുടുംബ വിസ ലഭിക്കുന്നതിനും തടസം സൃഷ്ടിക്കുമെന്നും വിവിധ കോണുകളില്‍നിന്ന് അഭിപ്രായമുയര്‍ന്നു. പത്താം ക്ലാസ് തോറ്റവര്‍ക്കാണ് സാധാരണഗതിയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണെന്ന സീല്‍ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത്. സാധാരണ തൊഴിലാളികാണ് ഈ വിഭാഗത്തില്‍ ഏറെയും ഉള്‍പ്പെടുന്നത്. പൗരന്‍മാരെ തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളില്‍ പ്രവാസികളില്‍ നിന്നും ഇന്ത്യയിലെ മറ്റു മേഖലകളില്‍ നിന്നും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ എങ്ങിനെ നേരിടുമെന്ന് വ്യക്തമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here