കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ വരണം: കമല്‍ഹാസന്‍

Posted on: January 18, 2018 8:01 pm | Last updated: January 19, 2018 at 10:12 am

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞകളെ പ്രതിരോധിക്കാന്‍ ദ്രാവിഡ സ്വത്വത്തിനു കീഴില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അണിനിരക്കണമെന്ന് തമിഴ് സിനിമാ താരം കമല്‍ഹാസന്‍.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മ വരണമെന്നും കമല്‍ ഹാന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെല്ലാം ദ്രാവിഡരാണ്. ഈ ദ്രാവിഡ സത്വം ദക്ഷിണേന്ത്യയാകെ ഉള്‍ക്കൊണ്ടാല്‍ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പരാതി ഇല്ലാതാക്കാനാകും. ഒരുമിച്ചുനിന്നാല്‍ ഡല്‍ഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള ശബ്ദക്കരുത്ത് നമുക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ കൂടുതല്‍ പങ്കു വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്‌നാട്. കേന്ദ്രം ഇവിടെ നിന്നു നികുതി പിരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നുവെന്നു ചിലര്‍ പറയുന്നു. കൂട്ടുകുടുംബം അങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നാണ് അഭിപ്രായം. കൂട്ടുകുടുംബത്തിലെ മുതിര്‍ന്നയാളാണു തൊഴില്‍ രഹിതരായ ഇളയ സഹോദരങ്ങള്‍ക്കായി അന്നവും പണവും കണ്ടെത്തുന്നത്. എന്നാല്‍ ഇളയവര്‍ മൂത്തവരെ പറ്റിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യാറില്ലെന്നും തമിഴ്‌നാടിന്റെ സംഭാവനയും പിന്നാക്കവസ്ഥയും ചൂണ്ടിക്കാട്ടി അദ്ദേഹം വിമര്‍ശിച്ചു.

അടുത്ത മാസം 21ന് ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന സംസ്ഥാന പര്യടനത്തില്‍ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കാനിരിക്കെയാണ് തമിഴ് മാസികയിലെ പംക്തിയിലാണു കമല്‍ഹാസകന്‍ അഭിപ്രായപ്രകടനം നടത്തിയത്.