Connect with us

National

മദ്രസകളിലും സംസ്‌കൃതം പഠിപ്പിക്കുന്ന സ്‌കൂളുകളിലും ആധുനിക വിദ്യാഭ്യാസം ഉറപ്പുവരുത്തണം: യോഗി

Published

|

Last Updated

ലക്‌നോ: മദ്‌റസകള്‍ അടച്ചുപൂട്ടുന്നത് ഒന്നിനും പരിഹാരമല്ലെന്നും അവിടങ്ങളില്‍ ആധുനിക വിദ്യാഭ്യാസം നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ മാത്രമല്ല സംസ്‌കൃത വിദ്യാലയങ്ങളിലും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യമുണ്ടെന്നും യോഗി അഭിപ്രായപ്പെട്ടു. ഉത്തര്‍ പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ബിഹാര്‍, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ കാര്യ മന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും യോഗത്തി ല്‍ പങ്കെടുത്തു.

മദ്‌റസകളുടെ ആധുനികവത്കരണത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇവ അടച്ചുപൂട്ടുക എന്നത് പരിഹാരമല്ല. കാലോചിതമായ വികാസമാണ് ഉണ്ടാകേണ്ടത്. സംസ്‌കൃത സ്‌കൂളുകളിലും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം ശാസ്ത്രം, കമ്പ്യൂട്ടര്‍, കണക്ക് തുടങ്ങിയ വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗി പറഞ്ഞു. മദ്‌റസകളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

മദ്‌റസകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്‌വി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അടുത്തിടെ കത്തെഴുതിയിരുന്നു. സംസ്ഥാനത്ത് 16,000ത്തോളം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 560 എണ്ണം സര്‍ക്കാറിന്റെ കീഴിലുള്ളതാണ്. 4,500 എണ്ണം അര്‍ധസര്‍ക്കാര്‍ വിഭാഗത്തില്‍ പെടുന്നവയാണ്.

Latest