മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റക്കെന്ന് അമ്മ; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്

Posted on: January 18, 2018 11:23 am | Last updated: January 18, 2018 at 8:03 pm

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റക്കെന്ന് മാതാവിന്റെ മൊഴി. മകനെ തോര്‍ത്ത് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കത്തിക്കയായിരുന്നുവെന്നും മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നുമാണ് മാതാവ് ജയമോള്‍ പോലീസിനോട് പറഞ്ഞത്. മൃതദേഹം വീടിനു പിന്നിലും സമീപത്തെ റബര്‍തോട്ടത്തിലുമായി രണ്ട് തവണ കത്തിച്ചതെന്നും കത്തിച്ച മൃതദേഹം ഇവര്‍ രണ്ട് ദിവസവും പരിശോധിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍, മൊഴി പൂര്‍ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കുരീപ്പള്ളി നെടുമ്പന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജിത്തു ജോബ് (14) ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ കാണാതായത്. 50 രൂപയുമായി സ്‌കെയില്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ രാത്രി വൈകിയും വീട്ടിലെത്തിയില്ല എന്നാണ് മാതാവ് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. മകനെ കാണാനില്ലെന്ന് കാട്ടി പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു.

കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ അജയ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് ഇന്നലെ വൈകിട്ടോടെ മാതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തറവാട് വീടിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്ക് സമീപമായിരുന്നു മൃതദേഹം. കുണ്ടറ എം ജി ഡി ബോയ്സ് എച്ച് എസിലെ വിദ്യാര്‍ഥിയാണ് ജിത്തു. സഹോദരി: ടീന