പെനാല്‍റ്റി പാഴാക്കി മെസി; ബാഴ്‌സയും അത്‌ലറ്റിക്കോയും തോറ്റു

Posted on: January 18, 2018 9:43 am | Last updated: January 18, 2018 at 12:16 pm

മാഡ്രിഡ്: കോപ ഡെല്‍റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും അടിതെറ്റി. സൂപ്പര്‍ താരം ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എസ്പാനിയോളാണ് ബാഴ്‌സയെ വീഴ്ത്തിയത്.

88ാം മിനുട്ടില്‍ ഓസ്‌കാര്‍ മെലന്‍ഡോയാണ് വിജയ ഗോള്‍ നേടിയത്. 62ാം മിനുട്ടിലാണ് മെസി പെനാല്‍റ്റി പാഴാക്കിയത്. മെസിയുടെ ഷോട്ട് എസ്പാനിയോള്‍ ഗോള്‍കീപ്പര്‍ ഡീഗോ ലോപസ് തട്ടിയകറ്റുകയായിരുന്നു. 29 മത്സങ്ങളിലെ പരാജയമറിയാതെയുള്ള ബാഴ്‌സയുടെ കുതിപ്പിന് ഇതോടെ അവസാനമായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16ന് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡിനോടാണ് ബാഴ്‌സ ഇതിന് മുമ്പ് ഒരു മത്സരത്തില്‍ പരാജയപ്പെട്ടത്. ഈ മാസം 25ന് ബാഴ്‌സയുടെ തട്ടകമായ നൗകൗമ്പിലാണ് രണ്ടാം പാദ മത്സരം.

അത്‌ലറ്റിക്കോ മാഡ്രിഡിനെ സെവിയ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. 73ാം മിനുട്ടില്‍ ഡിയാഗോ കോസ്റ്റയുടെ ഗോളില്‍ മുന്നിലെത്തിയ അത്‌ലറ്റിക്കോയെ അവസാന പത്ത് മിനുട്ടില്‍ രണ്ട് ഗോളുകള്‍ നേടി സെവിയ്യ പിടിച്ചുകെട്ടുകയായിരുന്നു. 80ാം മിനുട്ടില്‍ ജീസസ് നവാസ്, 88ാം മിനുട്ടില്‍ കോറേ എന്നിവരാണ് ഗോളുകള്‍ നേടിയത്.