സിയൂളില്‍ മഞ്ഞുരുക്കത്തിന്റെ ‘ശൈത്യകാലം’; കൊറിയകള്‍ ഇനി ഒറ്റകൊടിക്കീഴില്‍

> ശൈത്യകാല ഒളിമ്പിക്‌സില്‍ ഒരു ടീമായി മത്സരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി *** > അന്താരാഷ്ട്ര ഉപരോധം ഫലം കണ്ടെന്ന് ജപ്പാന്റെ പരിഹാസം
Posted on: January 18, 2018 8:54 am | Last updated: January 18, 2018 at 10:08 am
ഒളിമ്പിക്‌സ് ചര്‍ച്ചക്കായി ദക്ഷിണ കൊറിയയിലെത്തിയ ഉത്തര കൊറിയന്‍ പ്രതിനിധികള്‍ അതിര്‍ത്തി കടക്കുന്നു

സിയൂള്‍: ആണവയുദ്ധ ഭീതിക്കും നയതന്ത്രപോരിനും വിരാമമിട്ട് ശീതകാല ഒളിമ്പിക്‌സില്‍ ഒറ്റ ടീമായി മത്സരിക്കാന്‍ ഉത്തര, ദക്ഷിണ കൊറിയയുടെ തീരുമാനം. അടുത്ത മാസം ദക്ഷിണ കൊറിയില്‍ നടക്കുന്ന ഒളിമ്പിക്‌സിലെ ഉദ്ഘാടന ചടങ്ങില്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കാനും വനിത ഹോക്കി ടീമില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെയും ഉള്‍പ്പെടുത്താനും ധാരണയായി. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദക്ഷിണ കൊറിയയില്‍വെച്ച് നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാനമായ തീരുമാനം കൈകൊണ്ടത്. ഇതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നയതന്ത്ര പോരിന് മഞ്ഞുരുക്കമാകുന്ന വേദിയായി ശൈത്യകാല ഒളിമ്പിക്‌സ് മാറും.

ആണവ മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കെയാണ് ദക്ഷിണ കൊറിയ വിട്ടുവീഴ്ചക്ക് തയ്യാറായത്. ഓരോ ടീമായി മത്സരിച്ചാല്‍ മെഡല്‍ നേട്ടത്തെ ബാധിക്കുമെന്നതിനാലാണ് ഒറ്റ ടീമായി മത്സരിക്കുന്നതെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര കൊറിയയില്‍ നിന്ന് 230 ഉദ്യോഗസ്ഥരടക്കം 550 അംഗങ്ങള്‍ ഒളിമ്പിക്‌സിനായി ദക്ഷിണ കൊറിയയിലെത്തും. ഈ മാസം 25 മുതല്‍ താരങ്ങള്‍ ഉത്തര കൊറിയയില്‍ നിന്ന് തിരിക്കും. കഴിഞ്ഞ ആഴ്ച മുതല്‍ നടക്കുന്ന ചര്‍ച്ചകളുടെ അനന്തരഫലമായിട്ടാണ് ഒറ്റകൊടിക്ക് കീഴില്‍ അണിനിരക്കാനുള്ള സുപ്രധാന തീരുമാനത്തിലേക്ക് ഇരുരാജ്യങ്ങളുമെത്തിയത്.

അതിനിടെ, സാമ്പത്തികമായി ഉത്തര കൊറിയയെ തകര്‍ക്കാനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള നീക്കത്തിനുള്ള തിരച്ചടിയാണ് പുതിയ തീരുമാനമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ചൈനയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിക്കുകയും എണ്ണ ടാങ്കറുകള്‍ ദക്ഷിണ കൊറിയ തടയുകയും ചെയ്തതോടെയാണ് ഒളിമ്പിക്‌സ് ചര്‍ച്ചക്ക് ഉത്തര കൊറിയ സന്നദ്ധമായത്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സൈനികര്‍ക്കിടയിലെ ഹോട്ട്‌ലൈന്‍ സംവിധാനം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഉത്തര കൊറിയയുമായി ചേര്‍ന്ന് ഒളിമ്പിക്‌സില്‍ ഒന്നിക്കാനുള്ള തീരുമാനം ദക്ഷിണ കൊറിയയുടെ സഖ്യമായ ജപ്പാനെ ചൊടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സഹകരണം വേണ്ടിയിരുന്നില്ലെന്നാണ് ജപ്പാന്റെ അഭിപ്രായം. ഉത്തര കൊറിയക്ക് മേലുള്ള സമ്മര്‍ദം കുറക്കാനോ പാരിതോഷികം നല്‍കാനോയുള്ള സമയമല്ലായിതെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി ടാരോ കോനോ വ്യക്തമാക്കി. അന്താരാഷ്ട്ര ഉപരോധം ഫലം കണ്ടുതുടങ്ങിയെന്നാണ് ഈ ചര്‍ച്ചയിലൂടെ മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുമായി സഹകരിക്കാനുള്ള നീക്കത്തിനെതിരെ ദക്ഷിണ കൊറിയയിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയും മറ്റും ഇത്തരം പ്രതികരണങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.